സ്കൂൾ ചുമരിൽ കഥപറയും വർണങ്ങൾ
text_fieldsഅൽ ഇബ്തിസാമ സ്കൂളിലെ ചുമർചിത്രങ്ങളുടെ ഉദ്ഘാടനം കൈപ്പത്തികൾകൊണ്ട് വർണം ചാർത്തി വിദ്യാർഥികൾ നിർവഹിക്കുന്നു
ഷാർജ: നിശ്ചയദാർഢ്യ വിഭാഗക്കാരായ കുട്ടികൾ പഠിക്കുന്ന ഷാർജയിലെ അൽ ഇബ്തിസാമ സ്കൂളിന്‍റെ ചുമരുകൾ വർണശബളമാക്കി കലാകാരന്മാർ. അറുപതിലേറെ കലാകാരന്മാർ ചേർന്നാണ് സ്കൂളിലെ ചുമരുകൾ കുട്ടികൾക്ക് ആവേശം പകരുന്ന ചിത്രങ്ങളാൽ മനോഹരമാക്കിയത്.
കളർഫുൾ കമ്യൂണിറ്റീസ് എന്ന പേരിലാണ് ഈ കലാകാരന്മാർ ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന സ്കൂളിന്‍റെ ചുമരുകളിൽ ഈ മനോഹര ചിത്രങ്ങൾക്ക് നിറം പകരുന്നത്. അൽഇബ്തിസാമ സ്കൂളിലെ വിദ്യാർഥികൾ കൈപ്പത്തികൾകൊണ്ട് ചുമരിൽ വർണം ചാർത്തി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
കുട്ടികൾക്ക് നൽകുന്ന ഹോളിസ്റ്റിക് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗം കൂടിയാണ് ഈ ചുമർ ചിത്രങ്ങൾ. ഒരു കുട്ടി ജനിക്കുന്നത് മുതൽ അവന്‍റെ വളർച്ചയുടെ ഘട്ടങ്ങൾ പറയുന്ന 18 ചിത്രങ്ങൾ. അവരിൽ ഭിന്നശേഷിക്കാർ പരിമിതികളെ അതിജീവിച്ച് ജീവിതവിജയം നേടുന്നത് വരെയുള്ള കഥകൾ ഈ ചിത്രങ്ങൾ ഇനി ദിവസവും കുട്ടികളോട് പറഞ്ഞുകൊണ്ടിരിക്കും. ദുബൈ അമിറ്റി യൂനിവേഴ്സിറ്റിയിലെ ആർക്കിടെക്ചർ ഇന്‍റീരിയർ ഡിസൈനിങ് വിഭാഗത്തിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് മാസങ്ങൾ കൊണ്ടാണ് ഈ ചിത്രങ്ങൾ രൂപകൽപന ചെയ്തത്. യൂനിവേഴ്സിറ്റി വിദ്യാർഥികളടക്കം അറുപതോളം പേർ ചിത്രങ്ങൾ പെയിന്‍റ് ചെയ്യാൻ സ്കൂളിലെത്തി.
അമേരിക്കൻ പെയിന്‍റ് കമ്പനിയായ പി.പി.ജി ചിത്രങ്ങൾക്ക് നിറംപകരാനുള്ള പെയിന്‍റുകൾ എത്തിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷന് കീഴിലാണ് ഭിന്നശേഷിക്കാർക്കായുള്ള അൽഇബ്തിസാമ സ്കൂൾ പ്രവർത്തിക്കുന്നത്. വിദ്യാർഥികളുടെ മാനസിക വളർച്ചക്കും മുന്നേറ്റത്തിനുമായി വ്യത്യസ്തമായ ആശയങ്ങൾ നടപ്പാക്കുന്നതിന്‍റെ ഭാഗമാണ് ചുമർചിത്രരചനയെന്ന് അസോസിയേഷൻ ആക്ടിങ് പ്രസി. പ്രദീപ് നെന്മാറ പറഞ്ഞു.
ചിത്രം വരക്കുന്നവർക്ക് ആവേശം പകരാൻ സ്കൂളിൽ മ്യൂസിക് തെറപ്പി സേവനം നൽകുന്ന ഗായകസംഘവും രംഗത്തുണ്ടായിരുന്നു. ഈ മാസം 28ന് ചുമരിൽ വരച്ച ചിത്രങ്ങൾ ഔദ്യോഗികമായി അനാച്ഛാദനം ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.