വർഷ സജു നായർ: നിറങ്ങളെ പ്രണയിക്കുന്ന പെൺകുട്ടി
text_fieldsകുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു കുട്ടിയെ മാതാപിതാക്കൾ ഷാർജയിലെ ഡ്രോയിങ് സ്കൂളിൽ ചേർക്കാൻ കൊണ്ടുപോയിരുന്നു. വരയിൽ ഒരു വാസനയുമില്ലാത്ത ഇവളെ പഠിപ്പിച്ച് പണവും സമയവും കളയണോ എന്നായിരുന്നു അവിടുത്തെ അധ്യാപകരുടെ ചോദ്യം. ഇത്ര മനോഹരമായ പ്രപഞ്ചം സൃഷ്ടിച്ച് സംരക്ഷിക്കുന്ന മഹാ ശിൽപി അവളുടെ വിരലുകളിൽ കരുതിവെച്ചിരുന്ന നിറക്കൂട്ടുകൾ കാണാൻ അവർക്ക് കഴിയാതെ പോയെങ്കിലും ലോകം അത് കണ്ടെത്തിയിരിക്കുന്നു. 16ാം വയസിൽ ലോകോത്തര കലാകാരൻമാർക്കൊപ്പം വേൾഡ് ആർട്ട് ദുബൈയിൽ അവൾ സ്ഥാനം പിടിച്ചു.
ഇത് വർഷ സജു നായർ എന്ന നിറങ്ങളെ പ്രണയിക്കുന്ന പെൺകുട്ടിയുടെ കഥ. വരയുടെ ലോകത്തെത്തിയിട്ട് നാല് വർഷം തികയുന്നു. പക്ഷെ, പതിറ്റാണ്ടിെൻറ പക്വതയുണ്ട് വരകൾക്ക്. ഇസ്താംബൂളിലെ പെൺ സൂഫി മുതൽ വനിത ശാക്തീകരണം വരെ ഈ പ്ലസ്ടുക്കാരിയുടെ കാൻവാസിൽ നിന്ന് വായിച്ചെടുക്കാൻ കഴിയും.
വേൾഡ് ആർട്ട് ദുബൈയിൽ രണ്ട് സീരീസുകളിലായി 13 ചിത്രങ്ങളുമായാണ് വർഷ എത്തിയത്. വനിത ശാക്തീകരണത്തിന് പ്രാധാന്യം നൽകുന്ന ഇമ്മേഴ്സ് ഇൻ കളേഴ്സ്, ജീവിതെൻറ ഘടകങ്ങളെ വരച്ചിടുന്ന എലമൻസ് ഓഫ് ലൈഫ് എന്നിവയാണ് ഇവിടെ പ്രദർശിപ്പിച്ചത്. സാൻഡ് പേസ്റ്റ് ചെയ്ത കാൻവാസിലാണ് ഇമ്മേഴ്സ് ഇൻ കളേഴ്സ് ഒരുക്കിയത്.
ദുബൈയിൽ ഇലക്ട്രിക്കൽ മാർക്കറ്റിങിെൻറ ചുമതല വഹിക്കുന്ന എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ പിതാവ് സജു നായർക്കും മാതാവ് ഷൈമക്കും വരയുമായി ഒരു ബന്ധവുമില്ല. എങ്കിലും, അകമഴിഞ്ഞ പിന്തുണ നൽകുന്ന മാതാപിതാക്കളാണ് വർഷയുടെ പ്രോൽസാഹനം. യൂ ട്യൂബിൽ ലൂംബാൻഡ് ആർട് കണ്ട് പഠിച്ചാണ് വരയുടെ വഴിയിലേക്ക് വീണ്ടും ഇറങ്ങിയത്. അക്രിലിക്സ്, ചാർകോൾ, സോഫ്റ്റ് പേസ്റ്റിൽസ്, ഗ്രാഫൈറ്റ് തുടങ്ങിയവയാണ് വരക്കായുള്ള മീഡിയമായി ഉപയോഗിക്കുന്നത്.
വേൾഡ് ആർട്ട് ദുബൈയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിലൊന്ന് 5000 ദിർഹമിനാണ് വിദേശി സ്വന്തമാക്കിയത്. മുൻപും പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് സോളോ എക്സിബിഷൻ നടത്തുന്നത്. നാട്ടിലും പ്രദർശനം നടത്തണമെന്നാണ് വർഷയുടെ ആഗ്രഹം. 'For me Art is limitless' എന്നാണ് വർഷ വെബ്സൈറ്റിൽ കുറിച്ചിട്ടിരിക്കുന്നത്. വരയിൽ മാത്രമല്ല, സംഗീതം, നൃത്തം, പഠനം, പ്രസംഗം എന്നിവയിലെല്ലാം മിടുക്കി.
യു.എ.ഇയിലെ വിവിധ വേദികളിൽ ഭരത നാട്യവും നാടോടി നൃത്തവും അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. ദുബൈ േഗ്ലാബൽ വില്ലേജിൽ ഉൾെപടെ നൃത്തം അവതരിപ്പിച്ചു. ഷാർജ കൾചറൽ ക്ലബ്ബിൽ പിയാനോ വായിക്കാനും അവസരം ലഭിച്ചു. വര പോലെ തന്നെ വർഷക്ക് പ്രിയപ്പെട്ടതാണ് പിയാനോയും നൃത്തവും. പുസ്തകങ്ങളാണ് മറ്റൊരു സുഹൃത്ത്. പബ്ലിക് സ്പീക്കിങ് മത്സരങ്ങളിൽ സമ്മാനം നേടിയിരുന്നു. ഷാർജ ഡൽഹി പ്രൈവറ്റ് സ്കൂളിലെ 12ാം ക്ലാസ് വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.