ആവേശം വിതറിയ 'കമോൺ കേരള' കാഴ്ചകൾ
text_fieldsപ്രവാസ മലയാളം നെഞ്ചേറ്റിയ ‘കമോൺ കേരള’യുടെ ആറാം എഡിഷനും തിരശ്ശീല വീണിരിക്കുകയാണ്. കുട്ടികൾക്കും കുടുംബങ്ങൾക്കും തുടങ്ങി, ബിസിനസുകാർക്കും കലാപ്രേമികൾക്കും അടക്കം മറക്കാനാവാത്ത നിരവധി മുഹൂർത്തങ്ങളാണ് മേള സമ്മാനിച്ചത്. മേളയിലെ വൈവിധ്യമാർന്ന കാഴ്ചകളെ അടയാളപ്പെടുത്തുകയാണ് ‘ഇമാറാത്ത് ബീറ്റ്സ്’.
വീട്ടിലിരുന്ന് സമ്പാദിക്കുന്ന വനിതകൾ
വീട് എന്ന സുരക്ഷിതത്വത്തിന് അകത്തിരുന്ന് വിജയ വഴികൾ പിന്നിട്ട നിരവധി പേരെ പ്രവാസത്തിന് പരിചയമുണ്ട്. പ്രത്യേകിച്ച് കോവിഡ് കാലത്തും മറ്റും അതിജീവനത്തിന്റെ പുതുവഴികളിലേക്ക് പ്രവേശിച്ച അത്തരക്കാർ ഏറെയാണ്. പ്രവാസലോകത്ത് വീട്ടിലിരിക്കുന്ന സ്ത്രീകളെ കുറിച്ച സങ്കൽപങ്ങളെല്ലാം പൊളിച്ചടുക്കാൻ സഹായിക്കുന്ന വിവരങ്ങൾ പങ്കുവെച്ചാണ് ‘കമോൺ കേരള’യിലെ ‘ഡീ വെൻച്വർസ്’ എന്ന സെഷൻ നടന്നത്. സ്ത്രീകൾക്ക് വീട്ടിലിരുന്ന് സമ്പാദിക്കാൻ കഴിയുന്ന വഴികൾ പറഞ്ഞുകൊണ്ട് ഈ മേഖലയിലെ വിദഗ്ധയായ സുമിത നയിച്ച സെഷന് നേരത്തെ തന്നെ രജിസ്റ്റർ ചെയ്ത നിരവധി പേരാണ് പങ്കെടുത്തത്. ഏത് സാധാരണക്കാരിക്കും പരീക്ഷിക്കാവുന്ന നുറുങ്ങ് അറിവുകളായിരുന്നു സെഷനിൽ ഏറെയും പങ്കുവെക്കപ്പെട്ടത്. തത്വങ്ങൾ പറഞ്ഞവസാനിപ്പിക്കുകയായിരുന്നില്ല, മറിച്ച് പ്രായോഗിക മാർഗങ്ങൾ വിശദീകരിച്ചാണ് സെഷൻ കടന്നുപോയത്. സാമ്പത്തിക സുസ്ഥിരതയും സ്വയം പര്യപ്തതയും കൈവരിക്കാൻ സഹായിക്കുന്ന ഇത്തരം അറിവുകൾ പങ്കെടുത്തവർക്കെല്ലാം ആത്മവിശ്വാസം പകരുന്നതായിരുന്നു.
ഫാഷൻ ലോകത്തെ സാധ്യതകൾ പങ്കുവെച്ച് സ്റ്റഫി സേവിയർ
ഷാർജ: മാറുന്ന കാലത്ത് സ്ത്രീകൾക്കുൾപ്പെടെ ഏറ്റവും സാധ്യതയുള്ള ഒരു മേഖലയാണ് ഫാഷൻ എന്ന് പ്രമുഖ കോസ്റ്റ്യൂം ഡിസൈനറും സംവിധായികയുമായ സ്റ്റഫി സേവിയർ. ഷാർജ എക്സ്പോ സെന്ററിൽ ഗൾഫ് മാധ്യമം സംഘടിപ്പിച്ച മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, സാംസ്കാരിക, വിനോദ, വിജ്ഞാന മേളയായ കമോൺ കേരളയിൽ ‘ഫാഷൻ ഫ്യൂഷൻ’ എന്ന പരിപാടിയിൽ സംവദിക്കുകയായിരുന്നു അവർ. ഫാഷൻ എന്നത് ഇന്ന് വെറും വസ്ത്രധാരണത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. പലവിധ മേഖലകളിൽ വ്യാപരിച്ചു കിടക്കുന്നതാണ്. ഫാഷൻ രംഗത്ത് തൊഴിൽ സാധ്യതകളും വർധിച്ചിട്ടുണ്ട്. സ്ത്രീ-പുരുഷ ഭേദമന്യേ ആർക്കും കടന്നുചെല്ലാവുന്നതും ആത്മവിശ്വാസത്തോടെ ജോലി ചെയ്യാവുന്നതുമായ മേഖലയാണിത്.
സിനിമ വ്യവസായ മേഖലയിൽ ഫാഷൻ ഡിസൈനർക്കും കോസ്റ്റ്യൂം ഡിസൈനർക്കും വലിയ സാധ്യതയുണ്ട്. ഫാഷനോട് പാഷനുള്ളവർക്ക് അതിൽ വിജയിക്കാനാവും. സിനിമ ലോകത്തേക്കുള്ള വരവ് തികച്ചം അപ്രതീക്ഷിതമായിരുന്നു. ഫാഷനോടുള്ള ഇഷ്ടം എന്നും മനസിലുണ്ടായിരുന്നു. പണ്ടത്തെ പോലെയല്ല ഇന്ന്. ഫഷനെ കുറിച്ച് പഠിക്കാനുള്ള അവസരങ്ങൾ ഏറെയാണ്. പുതു തലമുറയിലുള്ള അനേകം പേർ ഇന്ന് ഫാഷൻ പ്രഫഷനായി തെരഞ്ഞെടുക്കുന്നുണ്ടെന്നും സ്റ്റഫി സേവിയർ പറഞ്ഞു. ശ്രോതാക്കൾക്ക് ഫാഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും അവർ മറുപടി നൽകി. ഹിറ്റ് എഫ്.എം ആർ.ജെ ആർ.ജെ ഡോണ സെബാസ്റ്റ്യനായിരുന്നു അവതാരക. ഫാഷൻ ലോകത്ത് എത്തിപ്പെട്ട സാഹചര്യവും അതിലെ വെല്ലുവിളികളും വേദിയിൽ സ്റ്റഫി സേവിയർ പങ്കുവെച്ചു. സ്ത്രീകൾക്കൊപ്പം അനേകം പുരുഷൻമാരും ശ്രോതാക്കളായി പരിപാടിയിൽ സംബന്ധിച്ചിരുന്നു.
കുട്ടിചിത്രങ്ങളുടെ വലിയ കാൻവാസ്
കൊച്ചു കൂട്ടുകാരുടെ മനസിൽ വിരിയുന്ന ചിത്രങ്ങൾക്ക് വലിയ കാൻവാസിൽ നിറം പകാരാൻ വേദിയൊരുക്കി കമോൺ കേരളയിലെ ലിറ്റിൽ ആർട്ടിസ്റ്റ്. ഫ്ലാറ്റുകളുടെ നാലു ചുവരുകളിൽ ഒതുങ്ങാതെ സ്വന്തം കഴിവുകളെ ലോകത്തിന് മുമ്പിൽ അവതരിപ്പിക്കാനുള്ള സുവർണാവസരമാണ് പരിപാടി സമ്മാനിച്ചത്. ചിത്രകലയിൽ അഭിരുചിയുള്ള കുട്ടികൾക്കായി യു.എ.ഇയിലെ ഏറ്റവും വലിയ പെയിന്റിങ് മത്സരത്തിനാണ് കമോൺ കേരളയിലെ ലിറ്റിൽ ആർട്ടിസ്റ്റ് വേദിയായത്. കമോൺ കേരളയുടെ മൂന്നുദിനങ്ങളിലായി ആയിരക്കണക്കിന് കുട്ടികൾ പങ്കെടുത്ത പരിപാടി ഒരുപക്ഷേ പ്രവാസികൾക്കിടയിൽ നടക്കുന്ന ഏറ്റവും വലിയ ചിത്ര രചനാ മൽസരമായി അടയാളപ്പെടുത്തപ്പെട്ടു കഴിഞ്ഞു. സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി നടന്ന മൽസരത്തിൽ പങ്കെടുത്തവർക്ക് കാഷ് പ്രൈസ് അടക്കമുള്ള സമ്മാനങ്ങളാണ് ഒരുക്കിയിരുന്നത്. ആയിരങ്ങൾ ഒഴുകിയെത്തിയ കമോൺ കേരളയുടെ സമാപന വേദിയിൽ മുഖ്യാഥിതികളാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. കുട്ടികൾക്ക് മാത്രമല്ല, രക്ഷിതാക്കൾക്കും അധ്യാപകർക്കും എല്ലാം ആവേശം പകരുന്ന കാഴ്ചയായിരുന്നു ആയിരക്കണക്കിന് കുട്ടികൾ പങ്കെടുത്ത മൽസരം.
ലൈറ്റ്, കാമറ, ആക്ഷൻ; സിനിമയുടെ കാണാപ്പുറങ്ങൾ
നോവലിലെയും സിനിമയിലേയും നജീബ് വ്യത്യസ്തം -ബ്ലെസി
ഷാർജ: സിനിമയുടെ അകവും പുറവും ചർച്ച ചെയ്യുന്ന മികച്ച വേദിയായിരുന്നു കമോൺ കേരളയിലെ ലൈറ്റ്, കാമറ, ആക്ഷൻ എന്ന സെഷൻ. പ്രവാസികളുടെ ഉള്ളുലച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ച രണ്ട് പ്രമുഖ സംവിധായകരാണ് ചർച്ചയിൽ സംവദിക്കാനെത്തിയിരുന്നത്. പത്തേമാരിയുടെ സംവിധായകൻ സലീം അഹമ്മദും ആടുജീവിതം സംവിധായകൻ ബ്ലെസിയും. മലയാള സിനിമയുടെ സമകാലിക മാറ്റങ്ങളെ കുറിച്ചും പ്രേക്ഷകരിൽ അതുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ചും ഇരുവരും അനുഭവങ്ങൾ പങ്കുവെച്ചു. ഹിറ്റ് എഫ്.എം ആർ.ജെ ജോൺ ആയിരുന്നു അവതാരകൻ. പ്രേക്ഷകരുടെ ഇഷ്ടം അറിഞ്ഞുള്ള ചോദ്യങ്ങളുമായി ജോണും വേദിയിൽ നിറഞ്ഞതോടെ മികച്ച ചർച്ചാ വേദിയായി ലൈറ്റ്, കാമറ, ആക്ഷൻ മാറി.
പ്രൗഢികൾക്കപ്പുത്ത് പ്രവാസത്തിന്റെ നോവും വേവും കാണിച്ചുതന്ന കഥാപാത്രങ്ങളായിരുന്നു അവരുടെ നജീബും പള്ളിക്കൽ നാരായണനും. പ്രവാസം, സിനിമ തുടങ്ങിയവയെ കുറിച്ച് അവർ പ്രേക്ഷകരുമായി സംവദിച്ചു. ബെന്യാമിന്റെ നോവലിലെ നജീബും തന്റെ സിനിമയിലെ നജീബും വ്യത്യാസമുണ്ടെന്ന് ചലച്ചിത്ര സംവിധായകൻ ബ്ലെസി പറഞ്ഞു. ഒരാൾ അനുഭവിച്ചുതീർത്ത യഥാർഥ ജീവിതവും ഭാവന കൂടി ഉൾപ്പെടുത്തിയും പലതും ഉൾപ്പെടുത്താതെയും എഴുതിയ നോവലും അതിൽനിന്ന് ഉരുത്തിരിഞ്ഞ തിരക്കഥയും വേറെ വേറെയാണ്. താൻ എങ്ങോട്ടും പോകുന്നില്ലെന്നും അടിമജീവിതം താൻ സ്വയം തെരഞ്ഞെടുത്തതാണെന്നും നജീബ് പുസ്തകത്തിൽ പറഞ്ഞതിനോട് തനിക്ക് വിയോജിപ്പുണ്ടായിരുന്നു. യഥാർഥ നജീബുമായി സംസാരിച്ചപ്പോൾ സ്വാംശീകരിച്ച കാര്യങ്ങൾ കൂടി സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പലഘട്ടത്തിൽ പല മാനസികാവസ്ഥയിലൂടെ നജീബ് കടന്നുപോയിട്ടുണ്ടാകും. എന്നാൽ, നാട്ടിൽ തിരിച്ചെത്താൻ അയാൾ അതിയായി മോഹിച്ചിരുന്നുവെന്നാണ് തനിക്ക് മനസ്സിലായതെന്ന് ബ്ലെസി പറഞ്ഞു.
താൻ പ്രവാസിയല്ലെന്നും പല മുൻകാല പ്രവാസികളോട് സംസാരിച്ചാണ് ഒന്നര വർഷമെടുത്ത് പത്തേമാരിയുടെ തിരക്കഥ പൂർത്തിയാക്കിയതെന്നും സംവിധായകൻ സലീം അഹമ്മദ് പറഞ്ഞു. പത്തുരൂപ കിട്ടിയാൽ മൂന്ന് രൂപ പിടിച്ചുവെച്ച് ബാക്കി ഏഴാണ് അയക്കുന്നതെന്നാണ് നാട്ടിലുള്ളവർ കരുതുന്നതെന്നും എന്നാൽ, ഏഴ് കിട്ടിയാൽ മൂന്ന് കൂടി കടം വാങ്ങിയാണ് പത്ത് നാട്ടിലയക്കുന്നതെന്നും പള്ളിക്കൽ നാരായണൻ പറയുന്നത് ഇത്തരത്തിൽ മുൻ പ്രവാസികൾ അനുഭവത്തിൽനിന്ന് പറഞ്ഞതാണ്. അങ്ങനെ സംസാരിച്ചു മനസ്സിലാക്കിയ എല്ലാ കാര്യങ്ങളും സിനിമയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും സലീം അഹമ്മദ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.