കമോൺ കേരള: വിജയത്തിലേക്ക് വാതിൽ തുറക്കാൻ ബോസസ് ഡേ ഔട്ട്
text_fieldsദുബൈ: അവസരങ്ങളുടെ അക്ഷയഖനിയായ മിഡ്ൽ ഈസ്റ്റിലെ പ്രധാന സ്ഥാപനങ്ങളിലെ ബോസുമാർ ഒത്തുചേരുന്ന 'ഗൾഫ് മാധ്യമം' കമോൺ കേരള 'ബോസസ് ഡേ ഔട്ടിന്‍റെ' ലോഞ്ചിങ് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി നിർവഹിച്ചു. പുതിയ സംരംഭക ആശയങ്ങൾ പിറവിയെടുക്കുന്ന 'ബിസിനസ് കോൺക്ലേവി'നോടനുബന്ധിച്ച് നടക്കുന്ന 'ബോസസ് ഡേ ഔട്ടി'ൽ വ്യവസായ സംരംഭകർ, എം.ഡിമാർ, ബോർഡ് അംഗങ്ങൾ, സി.ഇ.ഒമാർ, സി.എഫ്.ഒമാർ, സി.ഒ.ഒമാർ, ഇന്നവേഷൻ വിദഗ്ദർ തുടങ്ങിയവർ പങ്കെടുക്കും. ജൂൺ 24, 25, 26 തീയതികളിൽ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന മിഡ്ൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, വിനോദ, സാംസ്കാരിക മേളയായ കമോൺ കേരളയുടെ നാലാം എഡിഷനിലാണ് ബിസിനസ് കോൺക്ലേവും ബോസസ് ഡേ ഔട്ടും അരങ്ങേറുക. ലോകപ്രശസ്ത പ്രചോദക പ്രഭാഷകരും മാനേജ്മെന്റ് പരിശീലന വിദഗ്ധരും എത്തുന്ന പരിപാടി പുതുതലമുറ സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും ബിസിനസ് വിദ്യാർഥികൾക്കുമെല്ലാം ഏറെ ഉപകാരപ്രദമാവും.
ലോഞ്ചിങ് ചടങ്ങിൽ ലുലു ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റിങ്, കമ്യൂനിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ, 'ഗൾഫ് മാധ്യമം' മാർക്കറ്റിങ് മാനേജർ ഹാഷിം ജെ.ആർ, സി.ഒ.ഒ സക്കരിയ മുഹമ്മദ് എന്നിവർ പങ്കെടുത്തു. ഇന്ത്യയും യു.എ.ഇയും തമ്മിലെ വാണിജ്യ ബന്ധം ശക്തമാകുന്ന ഈ കാലത്ത് 'ഗൾഫ് മാധ്യമം' കമോൺ കേരളയിലെ ബിസിനസ് കോൺക്ലേവ് ഏറെ പ്രസ്കതമാണെന്ന് എം.എ. അഷ്റഫ് അലി പറഞ്ഞു.
കഴിഞ്ഞ കമോൺ കേരളയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സെഷനുകളിൽ ഒന്നാണ് ബോസസ് ഡേ ഔട്ട്. പരിണിത പ്രജ്ഞരായ സംരംഭകരും നാളെയുടെ വ്യവസായ നായകരും ഒത്തുചേർന്ന പരിപാടിയിൽ പുതു തലമുറ ബിസിനസുകാർ, സ്റ്റാർട്ടപ്പുകൾ, ബിസിനസ് വിദ്യാർഥികൾ, തൊഴിൽ അന്വേഷകർ തുടങ്ങിയവർ സദസിനെ സമ്പന്നമാക്കി. ബിസിനസ് മേഖലയിലേക്ക് പുതുതായി കാലെടുത്ത് വെക്കുന്നവർക്കും ബിസിനസ് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും സ്വയം മുന്നേറാൻ താൽപര്യമുള്ളവർക്കും ഉപകാരപ്പെടുന്ന സെഷനുകളാണ് ബിസിനസ് കോൺക്ലേവിൽ നടക്കുന്നത്.
വ്യവസായ പ്രമുഖരും നയതന്ത്ര പ്രതിനിധികളും ധനകാര്യ വിദഗ്ധരും ആശയങ്ങൾ പങ്കുവെക്കുന്ന ബിസിനസ് കോൺക്ലേവിലെ ഏറ്റവും പ്രധാന സെഷനാണ് ബോസസ് ഡേ ഔട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.