ദുബൈയിൽ വരുന്നു, ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം
text_fieldsആൽ മക്തൂം വിമാനത്താവളത്തിൽ നിർമിക്കുന്ന പുതിയ പാസഞ്ചർ ടെർമിനൽ രൂപരേഖ
ദുബൈ: ലോകത്തെ ഏറ്റവും തിരക്കേറിയ യാത്രാകേന്ദ്രമായി മാറിക്കഴിഞ്ഞ ദുബൈയിൽ വൻ വിമാനത്താവള വികസന പദ്ധതി പ്രഖ്യാപിച്ചു. ദുബൈ ആൽമക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ പാസഞ്ചർ ടെർമിനൽ നിർമിക്കുന്ന രൂപരേഖക്ക് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് അംഗീകാരം നൽകിയത്. നിർമാണം പൂർത്തിയാക്കി 10 വർഷത്തിനുള്ളിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി ആൽ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നത്.
128 ശതകോടി ദിർഹം ചെലവഴിച്ചാണ് ആൽ മക്തൂമിൽ വൻ പാസഞ്ചർ ടെർമിനൽ നിർമിക്കുന്നത്. ഇതിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കുന്ന വിമാനത്താവള ടെർമിനലായി ഇത് മാറുമെന്ന് ശൈഖ് മുഹമ്മദ് എക്സ് അക്കൗണ്ടിലൂടെ വെളിപ്പെടുത്തി. ടെർമിനലിന് 26 കോടി യാത്രക്കാരെ ഉൾക്കൊള്ളാനുളള ശേഷിയുണ്ടാകും.
400 വിമാനത്താവള ഗേറ്റുകളും അഞ്ച് സമാന്തര റൺവേകളും ഉൾക്കൊള്ളുന്ന വിമാനത്താവളം 70 സ്ക്വയർ കി.മീറ്റർ പ്രദേശത്താണ് നിർമിക്കുന്നത്. ദുബൈ ഏവിയേഷൻ കോർപറേഷന്റെ പദ്ധതികളുടെ ഭാഗമായി ടെർമിനൽ നിർമാണം ഉടൻ ആരംഭിക്കും. നിർമാണം പൂർത്തിയായാൽ നിലവിലെ വിമാനത്താവളത്തിന്റെ അഞ്ചുമടങ്ങ് ശേഷിയാണ് ഇതിനുണ്ടാവുക. വ്യോമയാന മേഖലയിൽ മുമ്പൊന്നും ഉപയോഗിച്ചിട്ടില്ലാത്ത നൂതനമായ സംവിധാനങ്ങളാണ് വിമാനത്താവളത്തിൽ ഉപയോഗിക്കുകയെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.
പത്തു വർഷത്തിനകം പൂർത്തിയാകുന്ന ആദ്യഘട്ടത്തിലൂടെ 1.5കോടി യാത്രക്കാരെ ഓരോ വർഷവും ഉൾക്കൊള്ളാൻ കഴിയും. അതോടൊപ്പം വർഷത്തിൽ 1.2 കോടി ടൺ കാർഗോ കൈകാര്യം ചെയ്യാനും ഇതിന് ശേഷിയുണ്ടാകും. വിമാനത്താവളത്തെ മെട്രോ, ബസ്, സിറ്റി വ്യോമ ഗതാഗത സംവിധാനങ്ങളുമായി ബന്ധിപ്പിക്കും. വിമാനത്താവളത്തിന് ചുറ്റും ഒരു വലിയ നഗരം തന്നെ നിർമിക്കുന്നതോടെ 10 ലക്ഷം പേർക്ക് ദുബൈ സൗത്തിൽ വീട് ആവശ്യമായിവരുമെന്നും ലോകത്തെ പ്രധാന ലോജിസ്റ്റിക്സ്, ഗതാഗത മേഖല കമ്പനികളുടെ കേന്ദ്രമായി ഇവിടം മാറുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. പുതിയ പദ്ധതി ഭാവി തലമുറക്ക് വേണ്ടിയാണെന്നും ദുബൈ ലോകത്തിന്റെ വിമാനത്താവളവും തുറമുഖവും നഗര കേന്ദ്രവും പുതിയ ആഗോള കേന്ദ്രമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈയിലെ വ്യോമയാന മേഖല അടുത്ത 40 വർഷത്തേക്ക് പ്രതീക്ഷിക്കുന്ന വളർച്ചക്ക് കളമൊരുക്കുന്നതായിരിക്കും പുതിയ വിമാനത്താവളമെന്ന് ദുബൈ വ്യോമയാന സിറ്റി കോർപറേഷന്റെയും ദുബൈ വ്യോമയാന അതോറിറ്റിയുടെയും ചെയർമാനായ ശൈഖ് അഹമ്മദ് ബിൻ ബിൻ സഈദ് ആൽ മക്തൂം പറഞ്ഞു. ദുബൈ ആസ്ഥാനമായ എമിറേറ്റ്സ്, ഫ്ലൈദുബൈ എന്നിവയുടെയും ദുബൈയെ ലോകവുമായി ബന്ധിപ്പിക്കുന്ന മറ്റു വിമാനക്കമ്പനികളുടെയും ഭാവി കേന്ദ്രമായിരിക്കും പുതിയ വിമാനത്താവളമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.