ഷാർജയിൽ വരുന്നു; അതിവേഗ സ്കൈപോഡ് ഗതാഗതം
text_fieldsഷാർജ: അതിവേഗ സ്കൈപോഡ് ഗതാഗത സംവിധാനം സ്ഥാപിക്കുന്ന ആദ്യത്തെ നഗരമാകാൻ ഷാർജയുടെ പദ്ധതി.എമിറേറ്റിലെ യാത്രക്കാരുടെയും കാർഗോയുടെയും സഞ്ചാരത്തിനാണ് സ്റ്റീൽ ചരടിൽ ബന്ധിപ്പിച്ച തൂങ്ങിക്കിടക്കുന്ന ഡ്രൈവറില്ലാ വാഹനം ഉപയോഗിക്കാൻ ആലോചിക്കുന്നത്.
ഷാർജ റിസർച് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കാണ് പദ്ധതിയുടെ ആദ്യഘട്ട പരീക്ഷണം നടത്തിയത്. പരമ്പരാഗത കേബിൾ കാർ, ട്രാമുകളിൽനിന്ന് വ്യത്യസ്തമായി ഇത് സ്വതന്ത്രമായി മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കും. നിലവിൽ 400 മീറ്റർ നീളത്തിൽ പരീക്ഷിച്ച സ്കൈപോഡ് മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിച്ചു. ഇവ നാല് യാത്രക്കാരെയാണ് വഹിക്കുന്നത്.
യുകാർ എന്നാണ് യാത്രക്കാരെ വഹിക്കുന്ന സ്കൈപോഡുകൾ അറിയപ്പെടുന്നത്. ഈ വർഷം ഒക്ടോബർ, നവംബർ മാസത്തോടെ 2.4 കിലോമീറ്റർ നീളത്തിൽ ട്രാക്ക് സ്ഥാപിക്കുകയും മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിലുള്ള സംവിധാനം പരീക്ഷിക്കുകയും ചെയ്യും.
പദ്ധതി വാണിജ്യവത്കരിക്കാനും മേഖലയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാക്കി ഇതിനെ മാറ്റാനുമാണ് ആഗ്രഹിക്കുന്നതെന്ന് ഷാർജ റിസർച് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്ക് സി.ഇ.ഒ ഹുസൈൻ അൽ മഹ്മൂദി പറഞ്ഞു. ഷാർജയെ സുസ്ഥിരമായ ഭാവി പട്ടണമാക്കി മാറ്റിയെടുക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന വെല്ലുവിളികൾ നമുക്കറിയാം. ഈ പദ്ധതി ഷാർജയുടെയും മുഴുവൻ യു.എ.ഇയുടെയും സഞ്ചാര സൗകര്യവും മറ്റും വർധിപ്പിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കാരണം ഇത് കുറച്ച് ഭൂമി ഉപയോഗിക്കുകയും എന്നാൽ, കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുകയും ചെയ്യും -അദ്ദേഹം വ്യക്തമാക്കി.
െട്രയിൻ സർവിസുകളുമായി ഇതിനെ ബന്ധിപ്പിക്കാനും സാധിക്കും. അതുപോലെ 16 യാത്രക്കാരെ വരെ വഹിക്കുന്ന ബസുകളും ഇതിൽ ഉപയോഗിക്കാൻ കഴിയും. 30 ടൺ കാർഗോ വഹിക്കാനുള്ള ശേഷിയും ഇതിനുണ്ടാകും.
വിവിധങ്ങളായ പുതിയ സഞ്ചാരസാധ്യതകൾ വേറെയും ഷാർജ റിസർച് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്ക് പരീക്ഷിക്കുന്നുണ്ട്. 20 യാത്രക്കാരെ വരെ വഹിക്കുന്ന ഡ്രൈവറില്ലാത്ത ബസുകൾ ഇതിൽ പ്രധാനമാണ്.ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുപയോഗിച്ച് സഞ്ചരിക്കുന്ന ഇത്തരം സംവിധാനങ്ങളും പരീക്ഷണഘട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.