രക്തസാക്ഷികൾക്ക് അഭിവാദ്യമർപ്പിച്ച് അനുസ്മരണ ദിനം
text_fieldsദുബൈ: ഇമാറാത്തിന്റെ സംരക്ഷണത്തിനും നിലനിൽപിനുമായി ജീവൻ വെടിഞ്ഞ രക്തസാക്ഷികളെ അനുസ്മരിച്ച് രാജ്യം. രാഷ്ട്രനേതാക്കൾ രക്തസാക്ഷികൾക്ക് അഭിവാദ്യമർപ്പിക്കുകയും വിവിധ സ്ഥാപനങ്ങളിലും മന്ത്രാലയങ്ങളിലും ദേശീയ പതാക പകുതിതാഴ്ത്തിക്കെട്ടി പ്രത്യേക ചടങ്ങുകൾ ആചരിക്കുകയും ചെയ്തു. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, രാഷ്ട്രമാതാവ് ശൈഖ ഫാത്തിമ എന്നിവർ രക്തസാക്ഷികളുടെ സേവനങ്ങളെ ഓർമിച്ച് രാജ്യത്തിന് സന്ദേശം നൽകുകയും ചെയ്തു.
ദൗത്യനിർവഹണ രംഗത്ത് ജീവൻ വെടിഞ്ഞ രക്തസാക്ഷികളെ അഭിമാനത്തോടെയും നന്ദിയോടെയും ഓർമിക്കണമെന്ന് പറഞ്ഞ ശൈഖ് മുഹമ്മദ് ബിൻ സായിദ്, വീരമൃത്യു വരിച്ചവരുടെ പേരുകൾ ചരിത്രത്തിൽ എഴുതപ്പെട്ടിരിക്കുന്നുവെന്ന് ട്വിറ്ററിൽ കുറിച്ചു. രക്തസാക്ഷികൾക്കും കുടുംബങ്ങൾക്കുമായി പ്രാർഥനയോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. നവംബർ 30നെ അനുസ്മരണദിനമായി നിശ്ചയിച്ച മുൻ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദിനെ വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ശൈഖ് മുഹമ്മദ് ഓർമിച്ചു.
രാജ്യത്തിനായി ജീവൻ നൽകിയ ധീരരുടെ ഓർമകൾക്കു മുന്നിൽ രാജ്യം ആദരവർപ്പിക്കുന്നുവെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് പറഞ്ഞു. രക്തസാക്ഷികളെ അനുസ്മരിക്കുകയും രാജ്യത്തിന്റെ സ്വാതന്ത്ര്യം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനായുള്ള ത്യാഗത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുകയും ചെയ്യുന്നതിനാണ് ഈ ദിനമെന്നും അദ്ദേഹം വ്യക്തമാക്കി. വീരമൃത്യു വരിച്ച സൈനികർക്കും അവരുടെ മാതാക്കൾക്കും അഭിവാദ്യമർപ്പിച്ചാണ് രാഷ്ട്രമാതാവ് ശൈഖ ഫാത്തിമ പ്രസ്താവന പുറപ്പെടുവിച്ചത്. എല്ലാ മാതാക്കളും പിന്തുടരേണ്ട ബഹുമാന്യ മാതൃകയാണ് നിങ്ങൾ. നിങ്ങളുടെ പുത്രന്മാർക്ക് അവരുടെ രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനിടയിൽ യുദ്ധക്കളത്തിൽ ജീവൻ നഷ്ടപ്പെട്ടു. അവരുടെ ഓർമ നമ്മുടെ ഹൃദയത്തിൽ എന്നെന്നും നിലനിൽക്കും, അവരുടെ പേരുകൾ നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടും -അവർ കൂട്ടിച്ചേർത്തു. യു.എ.ഇ പ്രതിരോധ മന്ത്രാലയം ആസ്ഥാനത്ത് നടന്ന അനുസ്മരണ ചടങ്ങിൽ സായുധസേന ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറൽ ഹമദ് മുഹമ്മദ് താനി അൽ റുമൈതി പങ്കെടുത്തു.
ദുബൈ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കമാൻഡർ ഇൻ ചീഫ്, മുതിർന്ന ഓഫിസർമാർ, മറ്റു ജീവനക്കാർ എന്നിവർ പങ്കെടുത്തു. രക്തസാക്ഷികളുടെ സ്മരണകൾ ഭാവി തലമുറയിലും നിലനിർത്തപ്പെടുമെന്ന് ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.