ഞങ്ങൾക്കും പറയാനുണ്ട്
text_fieldsദുബൈ: നാട്ടിൽ പരകോടിയിലെത്തി നിൽക്കുകയാണ് നിയമസഭ തെരഞ്ഞെടുപ്പിെൻറ ആവേശം. നാട്ടിലെ ഓരോ സ്പന്ദനങ്ങളും അപ്പപ്പോൾ തന്നെ ഒപ്പിയെടുക്കുന്ന പ്രവാസിലോകവും ഒട്ടും പിന്നിലല്ല. ഓഫിസുകളിലും ബാച്ചിലർ മുറികളിലും താമസകേന്ദ്രങ്ങളിലുമെന്നുവേണ്ട, നാലു മലയാളികൾ കൂടുന്നിടത്തെല്ലാം നാട്ടിലെ വോട്ടുചർച്ച തന്നെയാണ് പ്രധാനം. വോട്ടില്ലെങ്കിലും വോട്ടിനേക്കാൾ വിലയുള്ള വാക്കുകളുണ്ട്, നാട് സ്വപ്നതുല്യമായ വികസനത്തിലേക്ക് മുന്നേറുന്നതിന് എന്തൊക്കെ വേണമെന്ന കാര്യത്തിൽ ഓരോ പ്രവാസികൾക്കും.
കാരണം കടലുകൾക്കിപ്പുറം കഴിയുകയാണെങ്കിലും നാടിെൻറ നനുത്ത ഓർമകളിൽ തന്നെയാണ് പ്രവാസിസമൂഹം ഓരോ നിമിഷവും ജീവിച്ചുകൊണ്ടിരിക്കുന്നത്.
പ്രവാസലോകത്ത് വേറിട്ട അഭിപ്രായങ്ങളുമായി വനിത പ്രവാസികളും സജീവമാണ്. പ്രഫഷനൽസും സംരംഭകരും വീട്ടമ്മമാരും വരെ നാട്ടിലെ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകളോടെയാണ് നാടിെൻറ വികസനരേഖയെ സമീപിക്കുന്നത്. നാളിതു വരെ നാടിനെ താങ്ങിനിർത്തിയ പ്രവാസലോകത്തിരുന്ന് നാളെയുടെ കേരളം എങ്ങനെയായിരിക്കണമെന്ന് അടിവരയിട്ടു പറയുകയാണ് പ്രവാസികളായ സ്ത്രീസമൂഹം.
നിലവിലെ ഭരണത്തെ വിലയിരുത്തിയും പ്രവാസി ക്ഷേമപദ്ധതികളെ ഇഴകീറി പരിശോധിച്ചും അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങൾ നിരത്തിയും നേട്ടങ്ങളും കോട്ടങ്ങളും അക്കമിട്ട് നിരത്തുന്ന ഇവർ, പിറന്ന മണ്ണിലേക്ക് തിരികെയെത്തുന്ന പ്രവാസികൾക്ക് അർഹിക്കുന്ന പരിഗണന നൽകാൻ നാടും സർക്കാറും തയാറാകുന്നില്ലെന്ന കാര്യത്തിൽ ഏകകണ്ഠമായ ശബ്ദമാണുയർത്തുന്നത്.
ഇടതുഭരണം തുടരുമെന്നും ഭരണമാറ്റം സാധ്യമാകുമെന്നുമുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ നാട്ടിലെന്നപോലെ പ്രവാസലോകത്തും മുഴങ്ങിക്കേൾക്കുന്നുണ്ട്. എന്നാൽ, പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കണമെന്ന കാര്യത്തിൽ ഏക ശബ്ദമാണ്, നാടിന് മെച്ചപ്പെട്ട ജീവിതം സമ്മാനിച്ചും സാമ്പത്തികമായി താങ്ങിനിർത്തിയും മലയാളക്കരയുടെ രക്ഷകരായി തുടരുന്ന പ്രവാസലോകത്തിനുള്ളത്. മധുരം പുരട്ടിയ വാഗ്ദാനങ്ങൾക്കുപകരം പ്രായോഗികമായ പദ്ധതികളാണ് ഇക്കാര്യത്തിൽ അത്യന്താപേക്ഷിതമെന്ന അഭിപ്രായ പ്രകടനത്തിലും എല്ലാ പ്രവാസികളും ഒറ്റക്കെട്ടാണ്.
ഗൾഫ് പ്രതിസന്ധിക്ക് പിന്നാലെ കോവിഡ് മഹാമാരി തീർക്കുന്ന പ്രശ്നങ്ങൾ കൂടിയായതോടെ ചെകുത്താനും കടലിനുമിടയിലെന്ന പോലെയാണ് പ്രവാസി ജീവിതം.
നാട്ടിലേക്ക് മടങ്ങുന്നവരുടെ പുനരധിവാസം, കോവിഡ് കാലത്തെ യാത്രാപ്രതിസന്ധികൾ, കോവിഡ് കാലത്ത് നാട് കാട്ടിയ വിവേചനം, വിമാന ടിക്കറ്റ് വർധന, എങ്ങുമെത്താത്ത പ്രവാസി ക്ഷേമപദ്ധതികൾ, രോഗവും മരണങ്ങളും തീർക്കുന്ന അനിശ്ചിതത്വം, നാട്ടിൽ വ്യവസായം തുടങ്ങുന്ന പ്രവാസികൾ നേരിടുന്ന നൂലാമാലകൾ തുടങ്ങി പറഞ്ഞാലൊടുങ്ങാത്ത പ്രശ്നങ്ങളുണ്ട് പ്രവാസികൾക്ക് നിരത്താൻ. പതിവിന് വ്യത്യസ്തമായി ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ പ്രവാസലോകത്തെ പലരും മത്സരരംഗത്തുണ്ടെന്ന കാര്യം ആശ്വാസം പകരുമ്പോഴും അധികാരത്തിലെത്തിയാൽ എന്തായിരിക്കും അനുഭവമെന്നതിനെക്കുറിച്ച് വലിയ ആശങ്കകളുമുണ്ട് പ്രവാസികൾക്ക്.
പിരിവിനും സാമ്പത്തിക നേട്ടങ്ങൾക്കുമായി കടൽകടന്നെത്തുന്ന നേതാക്കൾക്ക് വെറും കറവപ്പശുവായി നിന്നുകൊടുക്കാൻ ഇനിയുള്ള കാലം പ്രവാസികളെ പ്രതീക്ഷിക്കേണ്ടെന്ന് തന്നെയാണ് നാടിെൻറ വികസന കാഴ്ചപ്പാടിൽ പ്രത്യേക ശ്രദ്ധ പുലർത്തുമ്പോഴും പ്രവാസികൾക്ക് പറയാനുള്ളത്.
കാലങ്ങളായി വാക്കുകളിൽ മാത്രമൊതുങ്ങുന്ന വാഗ്ദാനങ്ങളല്ല, നാടിനെ ഇങ്ങനെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചവർക്ക് അർഹമായ പ്രാതിനിധ്യവും അവസരങ്ങളും വേണമെന്ന് തന്നെയാണ് പ്രവാസലോകം ഉറക്കെ പറയുന്നത്.
നിയമസഭ തെരെഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ, നാടിെൻറ വികസന സ്വപ്നങ്ങൾ പങ്കുവെക്കുകയാണ് വിവിധ തുറകളിൽ നിന്നുള്ള പ്രവാസലോകത്തെ വനിതകൾ.
എന്തുകൊണ്ടാണ് പ്രവാസികളുടെ എണ്ണം ഭീമമായി വർധിക്കുന്നത്
പിഴവുകളുണ്ടെങ്കിലും കൊറോണ കാലത്ത് മടങ്ങാൻ തയാറായവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനും സൗജന്യ ക്വാറൻറീൻ ഉറപ്പുവരുത്താനും സർക്കാർ മുന്നിട്ടിറങ്ങിയത് പ്രവാസലോകത്തോടുള്ള പ്രതിബദ്ധത കൊണ്ടുതന്നെയാണ്. മാത്രമല്ല, ക്ഷേമപദ്ധതികളും ഒരുവിധം തെറ്റില്ലാതെ നടപ്പിലാക്കാനും ദുരന്തകാലത്തും സർക്കാറിന് കഴിഞ്ഞിട്ടുണ്ട്. എല്ലാം ശരിയായി എന്ന് പറയാനായിട്ടില്ലെങ്കിലും വലിയ പാകപ്പിഴകളില്ലാതെ സർക്കാർ ഉത്തരവാദിത്തങ്ങൾ നടത്തിയിട്ടുണ്ട്.
പ്രവാസികൾക്കുവേണ്ടി നാം ശബ്ദമുയർത്തുമ്പോൾ തന്നെ എന്തുകൊണ്ടാണ് ഇത്രയധികം പ്രവാസികളുണ്ടാവുന്നതെന്ന കാര്യം സർക്കാർ ചിന്തിക്കേണ്ടതുണ്ട്. തൊഴിലവസരങ്ങളുടെ അഭാവവും തൊഴിലില്ലായ്മ വർധിക്കുന്നതും തന്നെയാണ് ഇതിന് കാരണം. അഭ്യസ്തവിദ്യർക്ക് നാട്ടിൽതന്നെ ജോലിയെടുക്കാനുതകുന്ന വിധം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. വലിയ കമ്പനികൾക്ക് നമ്മുടെ നാട്ടിൽ നിക്ഷേപമിറക്കാനുള്ള സൗഹൃദാന്തരീക്ഷം തെരഞ്ഞെടുക്കപ്പെടുന്ന സർക്കാർ ഉറപ്പുവരുത്തണം.
പതിറ്റാണ്ടുകളോളം അന്യരാജ്യത്ത് കഠിനാധ്വാനം ചെയ്തവർ തിരികെ നാട്ടിലെത്തുമ്പോൾ അവരെ പരിഗണിക്കേണ്ടതുണ്ട്. പ്രവാസികളുടെ സ്വപ്നവും നാട്ടിലെ സുന്ദരമായൊരു ജീവിതം തന്നെയാണ്. പട്ടാളക്കാർ നാട്ടിലെത്തുമ്പോൾ എങ്ങനെയാണോ ജീവിക്കാൻ കഴിയുന്നത് അത്രയെങ്കിലും പരിഗണന പ്രവാസികളും അർഹിക്കുന്നുണ്ട്.
വാഗ്ദാനങ്ങളല്ല, പരിഗണനയാണ് വേണ്ടത്
ആരു ഭരണത്തിൽ വന്നാലും സ്വപ്നങ്ങളും വാഗ്ദാനങ്ങളും മാത്രമാണ് പ്രവാസിക്ക് മിച്ചമായി ലഭിക്കാറുള്ളത്. നാടിനെ താങ്ങിനിർത്തുന്ന നട്ടെല്ലാണ് എന്നെല്ലാം മനോഹരമായ വാക്കുകളിൽ പറയുമെങ്കിലും പ്രവാസികളുടെ കാര്യം വരുമ്പോൾ അവ സൗകര്യപൂർവം മറക്കാറാണ് പതിവ്.
ഇതിനൊരു മാറ്റമാണ് ഇൗ തെരഞ്ഞെടുപ്പിലൂടെ വേണ്ടത്. ദുരിതകാലത്തും അല്ലാത്തപ്പോഴും സാമ്പത്തിക ശേഖരണത്തിനായി മാത്രം കാണേണ്ടവരല്ല പ്രവാസികളെന്ന് ഉറക്കെ പറയാൻ നമുക്കാവണം. പ്രവാസലോകത്ത് സംഘടിതമായ ശബ്ദമുണ്ടായാൽ മാത്രമേ പതിവു നടപ്പുരീതികൾക്ക് മാറ്റം വരുകയുള്ളൂ. പ്രവാസികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നവരെയാണ് തെരഞ്ഞെടുക്കേണ്ടത്. മാത്രമല്ല, അതിന് പരിഹാരം കാണാനുള്ള ഇച്ഛാശക്തിയുള്ളവർക്കേ വോട്ട് ചെയ്യാവൂ. നാടിനെ സാമ്പത്തികമായി താങ്ങിനിർത്തുന്നവരോട് അൽപമെങ്കിലും നന്ദി കാണിക്കണമെന്നാണ് രാഷ്ട്രീയ നേതൃത്വങ്ങളോട് പറയാനുള്ളത്. ആരു തെരഞ്ഞെടുക്കപ്പെട്ടാലും ഏതു മുന്നണി ഭരിച്ചാലും പ്രവാസികാര്യത്തിൽ അൽപം പരിഗണന തന്നേ പറ്റൂ. നാട്ടിൽ നിൽക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല, കുടുംബത്തെയും നാടിനെയും കരകയറ്റുന്നതിനായാണ് ഓരോ പ്രവാസികളും വിമാനം കയറിപ്പോകുന്നതെന്ന കാര്യം ഇനിയെങ്കിലും തിരിച്ചറിയണം.
നാടിെൻറ സർവതോമുഖമായ വികസനത്തിന് പ്രവാസികൾ ആർജിച്ച കഴിവും നൈപുണ്യവും പ്രയോജനപ്പെടുത്താനും ഭരണത്തിലെത്തുന്നവർ ശ്രദ്ധ പുലർത്തണം.
പുനരധിവാസത്തിന് പ്രധാന്യം വേണം
കഴിഞ്ഞ ഒരു വർഷത്തിനിടെ പല രംഗത്തും തൊഴിൽ പരിചയവും സാങ്കേതിക പരിജ്ഞാനവമുള്ള കേരളീയർ സംസ്ഥാനത്ത് തിരിച്ചെത്തിയിട്ടുണ്ട്. ജോലി നഷ്ടപെട്ട് മടങ്ങുന്നവർക്ക് യാഥാർഥ്യബോധത്തോടെയുള്ള പുനരധിവാസ പാക്കേജ് നടപ്പാക്കണം.
ജില്ല തിരിച്ചുള്ള ഇതിെൻറ കണക്ക് ആദ്യമേ പ്രഖ്യാപിക്കണം. പ്രവാസികൾ ആർജിച്ച ആഗോള തൊഴിൽ നൈപുണ്യം കൂടി പുനധിവാസ പദ്ധതികളിൽ പ്രയോജനപ്പെടുത്തണം.
നാടിെൻറ സർവതോമുഖമായ വികസനത്തിന് ഇതു വഴിയൊരുക്കും. ഈ ബൗദ്ധിക ശക്തി നാടിന് പ്രയോജനപ്പെടുത്താനുതകുന്ന വ്യവസായ തൊഴിൽ സംരംഭങ്ങൾക്ക് അനുകൂലാന്തരീക്ഷം സംസ്ഥാനത്തുണ്ടാകണം എന്നാണാഗ്രഹം.
ഉറപ്പാണ് പ്രവാസി ക്ഷേമം
ഇടതുപക്ഷ സർക്കാർ എപ്പോഴൊക്കെ അധികാരത്തിലേറിയോ, അപ്പോഴെല്ലാം നമുക്ക് ആ വ്യത്യാസം മനസ്സിലാകുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒട്ടേറെ പ്രവാസിക്ഷേമ പ്രവർത്തനങ്ങളാണ് ഇടതു സർക്കാർ നടപ്പാക്കിയത്. പ്രവാസി ക്ഷേമനിധി, പെൻഷൻ, നോർക്ക റൂട്ട്സ് കൂടാതെ മടങ്ങിപ്പോകുന്ന പ്രവാസികൾക്ക് നാട്ടിൽ സംരംഭം തുടങ്ങുന്നതിനായി അനുകൂല സാഹചര്യങ്ങളുമൊരുക്കി. ജീവിതത്തിെൻറ സിംഹഭാഗവും പ്രവാസലോകത്ത് വിയർത്ത് ജോലി ചെയ്യുന്നവർക്ക് നാട്ടിലുള്ള ജീവിതത്തിനായി മാറ്റിവെക്കുന്നതിന് കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി ഉൾപ്പെടെയുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയ സർക്കാറാണ് നിലവിലുള്ളത്. ഇതെല്ലാം തുടർന്നും ലഭിക്കുന്നതിന് നിലവിലെ സർക്കാർ തന്നെ വീണ്ടും അധികാരത്തിലേറണം.
സർക്കാർ മുൻകൈയെടുത്ത് പ്രവാസി ഇൻഷുറൻസ് നടപ്പാക്കണം
വിദേശങ്ങളിൽ ജോലി ചെയ്യുന്നതിനിടെ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് അർഹമായ ജീവിതോപാധി ഉറപ്പുവരുത്തുന്നതിനായി സമ്പൂർണ പ്രവാസി ഇൻഷുറൻസ് ഏർപ്പെടുത്തണം. ഇതിനുള്ള പ്രീമിയം പൂർണമായും സർക്കാർ അടക്കുന്ന തരത്തിലുള്ള പ്രത്യേക ഇൻഷുറൻസാണ് ആവശ്യം. പ്രവാസം മതിയാക്കി മടങ്ങുന്നവരെ പുനരധിവസിപ്പിക്കാനും അവരുടെ തൊഴിൽനൈപുണ്യം പ്രയോജനപ്പെടുത്തുന്ന തരത്തിലുള്ള പദ്ധതികളും അത്യന്താപേക്ഷിതമാണ്, പ്രതിസന്ധികൾക്കൊപ്പം കോവിഡ് ഉൾപ്പെടെയുള്ള മഹാമാരികളും ലോകത്തെ പിടിച്ചുലക്കുന്ന പ്രത്യേക സാഹചര്യത്തിൽ. വിമാന ടിക്കറ്റ് നിരക്ക് ഏകീകരിക്കുയെന്നതാണ് മറ്റൊരു ആവശ്യം. പ്രവാസികളിൽ ഭൂരിപക്ഷവും ബ്ലൂ കോളർ ജോലിക്കാരാണെന്നിരിക്കെ ഇക്കാര്യത്തിൽ കേന്ദ്ര ഇടപെടൽ നടത്താൻ തെരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന സർക്കാർ സമ്മർദം ചെലുത്തണം. വിളിച്ചുണർത്തി ഉൗണില്ലെന്ന പറയുന്നത് പോലെയായിട്ടുണ്ട് പ്രവാസി വോട്ടവകാശം. എല്ലാ പ്രവാസികൾക്കും നാട്ടിലെ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാവാനുള്ള അവസരമൊരുക്കാൻ സർക്കാറും രാഷ്ട്രീയ പാർട്ടികളും ഒത്തൊരുമിച്ച് മുന്നേറേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞിട്ടുണ്ട്.
പ്രവാസി എപ്പോഴും ഓട്ടക്കാലണതന്നെ
ആരും പ്രതീക്ഷിക്കാത്ത മഹാമാരി കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സർക്കാറിന് പ്രവാസി വിഷയത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്ന പതിവ് ഒഴിവുകഴിവുകള്ക്കപ്പുറം കുറച്ചുകൂടി കരുതല്‍ ഓരോ പ്രവാസിയും അർഹിക്കുന്നുണ്ട്. ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ചെറുതെങ്കിലും
ധനസഹായം നല്കാന് കഴിഞ്ഞത് നേട്ടമായി കാണുമ്പോഴും, ഇടപെടല്‍ നടത്താന്‍ കഴിയുന്ന കാതലായ പല വിഷയങ്ങളിലും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ലെന്നത് കോട്ടമായി കാണുന്നു. ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്നവർക്ക് നിയമത്തിെൻറ നൂലാമാലകളില്ലാതെ ബിസിനസുകള്‍ തുടങ്ങാനുള്ള നടപടിക്രമങ്ങളുണ്ടാകണം. ഇതിനൊരു മറുവശം കോവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങിയവരില്‍ ഒരു വലിയ വിഭാഗം തിരിച്ച് ഗള്‍ഫ് നാടുകളിലേക്ക് എത്തുന്നു. ഇക്കാര്യത്തില്‍ സർക്കാറിന് ചെയ്യാനാവുക, തൊഴിലധിഷ്ഠിതമായ നൈപുണ്യം വർധിപ്പിക്കുന്നതിനായുള്ള കാര്യങ്ങളാണ്. തിരിച്ച് ഗള്‍ഫ് നാടുകളിലേക്ക് ജോലി ആവശ്യത്തിനായി വരുമ്പോള്‍ അത് അവർക്ക് ഉപകാരപ്പെടും.
വിമാനടിക്കറ്റ് വിഷയവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളായി ഉയരുന്ന പരാതികള്‍ ഇപ്പോഴും നിലനില്ക്കുന്നു. എയർ കേരളയും വിമാനനിരക്ക് ക്യാപുമൊക്കെ വെള്ളത്തില്‍ വരച്ച വരയായി. പ്രവാസികള്‍ക്ക് ഇപ്പോഴും തുടരുന്ന ഏഴ് ദിവസത്തെ നിർബന്ധിത ക്വാറൻറീന് വിഷയത്തിലും വലിയ പ്രതിഷേധമുണ്ട്. ചുരുക്കത്തില്‍ വോട്ടില്ലാത്ത പ്രവാസി എന്നും അധികാരത്തിെൻറ ഇടനാഴിയിലെ ഓട്ടക്കാലണകളാണ്.
പിന്നിടുന്നത് ദുരിതപ്പെയ്ത്തിെൻറ അഞ്ചുവർഷം
കേരളത്തിലെ ജനങ്ങൾക്കും വിശിഷ്യാ പ്രവാസികൾക്കും ദുരിതം മാത്രം സമ്മാനിച്ച ഭരണമായിരുന്നു കഴിഞ്ഞ അഞ്ച് വർഷക്കാലം. സ്ത്രീസുരക്ഷയെന്നത് പേരിനുപോലുമില്ലാത്തതും സ്ത്രീകൾക്ക് നീതി നിഷേധിക്കപ്പെട്ടതുമാണ് പിണറായി സർക്കാറിെൻറ പ്രധാന നേട്ടം. ഇതിെൻറ ഉദാഹരമാണ് വാളയാറിലെ പെൺകുട്ടികളുടെ അമ്മയുടെ തലമുണ്ഡനം. പ്രവാസികളായ സ്ത്രീകളും വേദന തിന്നാണ് കഴിഞ്ഞത്. കുടുംബത്തെ നാട്ടിൽ നിർത്തി വിമാനം കയറിയ സ്ത്രീകളുടെ മനസ്സിലും ആധിയായിരുന്നു. കേരളത്തിൽ അവസരമില്ലാത്തതിനാൽ മാത്രമാണ് ഇവരെല്ലാം വിദേശങ്ങളിലേക്ക് കുടിയേറിയത്. പ്രവാസി പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ട നോർക്ക റൂട്ട്സ് വെറും നോക്കുകുത്തിയായിരുന്നു. പ്രവാസികളുടെ ആവലാതികൾ അവതരിപ്പിക്കാനുള്ള കേരള ലോക സഭയിൽ പോലും താരത്തിളക്കമുള്ളവർക്കും ബിസിനസ് പ്രമുഖർക്കും മാത്രമായിരുന്നു പ്രവേശനം. ദുരിതത്തിലായ സ്ത്രീകളടക്കമുള്ള പ്രവാസികൾ ഇവിടത്ത സന്നദ്ധ സംഘടനകളുടെ കാരുണ്യത്തിലാണ് പിടിച്ചുനിന്നത്.
കോവിഡ് കാലത്ത് ദുരിതത്തിൽ മുങ്ങിത്താണ പ്രവാസികൾ ജീവനുംകൊണ്ട് നാട്ടിലേക്ക് ഓടിയപ്പോൾ വൈറസ് പരത്തുന്ന വ്യാപാരികളെന്ന് വിളിച്ച് ആക്ഷേപിക്കാനാണ് സർക്കാറും സംവിധാനങ്ങളും ശ്രമിച്ചത്. കുത്തിയിരുന്ന് പഠിച്ചിട്ടും റാങ്ക് ലിസ്റ്റിലിടം നേടിയിട്ടും സാധാരണക്കാരെ ജോലികളിൽനിന്ന് മാറ്റിനിർത്തിയ സർക്കാർ തന്നെയാണ് നേതാക്കളുടെ ഭാര്യമാർക്ക് ഉദ്യോഗം വാരിക്കോരി നൽകിയത്. പത്താം ക്ലാസ് യോഗ്യതയില്ലാത്തവർപോലും ഐ.എ.എസുകാരുടെ ശമ്പളം വാങ്ങുന്ന നിലയിലേക്കുയർന്ന ഭരണമാണ് കഴിഞ്ഞ അഞ്ച് വർഷക്കാലം നടന്നത്. ഇതിനെല്ലാം പരിഹാരം യു.ഡി.എഫ് സർക്കാർ വരുകയെന്നത് മാത്രമാണ്. നിലവിലുള്ള ഇടതുസർക്കാറിനെ അധികാരത്തിൽനിന്ന് പിടിച്ചിറക്കേണ്ടത് പ്രവാസികളായ നമ്മുടെ ഓരോരുത്തരുടെയും ആവശ്യം കൂടിയാണ്. സ്ത്രീസുരക്ഷയും തൊഴിലും ഉറപ്പാക്കാൻ പുതിയൊരു സർക്കാർ വന്നേ പറ്റൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.