വാണിജ്യ തടിക്കപ്പലുകൾക്ക് ക്രീക്കിൽ പ്രവേശനാനുമതി
text_fieldsദുബൈ: വാണിജ്യ തടിക്കപ്പലുകൾക്ക് ദുബൈ ക്രീക്കിൽ പ്രവേശിക്കാനുണ്ടായിരുന്ന വിലക്ക് നീക്കി. ദുബൈ കൗൺസിൽ ഫോർ ബോർഡർ ക്രോസിങ് പോയിന്‍റ്സ് സെക്യൂരിറ്റി ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് മരത്തിൽ തീർത്ത പരമ്പരാഗത കപ്പലുകളുടെ പ്രവേശനത്തിന് അംഗീകാരം നൽകിയത്. എമിറേറ്റിലെ വാണിജ്യ ഗതാഗതം എളുപ്പമാകാനും പ്രാദേശിക വ്യാപാര പ്രവർത്തനങ്ങൾ സുഗമമാകാനും തീരുമാനം സഹായിക്കും. പ്രാദേശിക വിപണികളിലേക്ക് രാജ്യത്തിന്‍റെ പുറത്ത് നിന്ന് വരുന്ന കപ്പലുകൾക്ക് നേരിട്ട് പ്രവേശിക്കാൻ ഇത് സഹായകവുമാകും. തടിക്കപ്പലുകളുടെ താവളം 2014 അവസാനം മുതലാണ് ദേരയിലെ ഹയാത്ത് റീജൻസി ഹോട്ടലിന് എതിർവശത്തുള്ള പുതിയ വാർഫേജിലേക്ക് മാറ്റിയത്. സമീപകാലത്ത് ദുബൈ തുറമുഖങ്ങൾ വഴി വ്യാപാരത്തിലുണ്ടായ വളർച്ചയെ ശൈഖ് മൻസൂർ പ്രശംസിച്ചു. എമിറേറ്റിലെ വ്യാപാരത്തിന്‍റെയും വിനോദസഞ്ചാരത്തിന്‍റെയും പ്രധാന കേന്ദ്രമാണ് ക്രീക്കെന്നും പ്രാദേശിക വിപണികളിലേക്ക് ചരക്കുനീക്കം സുഗമമാക്കുന്നതിൽ അതിന് കൃത്യമായ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എമിറേറ്റിലേക്ക് എത്തുന്ന വാണിജ്യ ബോട്ടുകളുടെ എണ്ണം 2021ന്‍റെ ആദ്യ പാദത്തിൽ 2,200ആയിരുന്നത് 2022ൽ ഇതേ കാലയളവിൽ 2,500ലധികമായി വർധിച്ചിട്ടുണ്ട്. മേഖലയിലെ വ്യാപാരത്തിൽ 8ശതമാനം വളർച്ചക്കാണിത് കാരണമായത്.
പുതിയ തീരുമാനം ഈ മേഖലയിൽ കൂടുതൽ വളർച്ചക്ക് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.വാണിജ്യ ഗതാഗതം, തുറമുഖങ്ങളിലെയും മറീനകളിലെയും അടിസ്ഥാന സൗകര്യം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന് പരിശ്രമം തുടരുമെന്ന് തുറമുഖ, കസ്റ്റംസ്, ഫ്രീ സോൺ കോർപ്പറേഷൻ ചെയർമാൻ സുൽത്താൻ അഹമ്മദ് ബിൻ സലീം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.