ഖത്തറുമായുള്ള വാണിജ്യ യാത്രബന്ധങ്ങൾ: ഒരാഴ്ചക്കകം പുനരാരംഭിക്കുമെന്ന് യു.എ.ഇ
text_fieldsദുബൈ: സൗദിയിൽ സമാപിച്ച ജി.സി.സി ഉച്ചകോടിയിൽ അൽഉല കരാറിൽ ഒപ്പുവെച്ചതോടെ ഖത്തറുമായുള്ള വാണിജ്യബന്ധങ്ങളും യാത്രകളും യു.എ.ഇ പുനരാരംഭിക്കാൻ ഒരുങ്ങുന്നു. ദോഹയിലേക്കുള്ള യാത്രകളും വാണിജ്യ വ്യാപാര ബന്ധങ്ങളുമെല്ലാം ഒരാഴ്ചക്കകം പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി അൻവർ മുഹമ്മദ് ഗർഗാഷ് പറഞ്ഞു.
വ്യോമഗതാഗതവും ജലഗതാഗതവും ദിവസങ്ങൾക്കകംതന്നെ പുനരാരംഭിക്കും. എന്നാൽ, പൂർണതോതിലുള്ള നയതന്ത്രതല ബന്ധങ്ങൾക്ക് സമയമെടുക്കും. ഇറാൻ, തുർക്കി, പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞതായി അന്താരാഷ്ട്ര വാർത്ത ഏജൻസി 'റോയിട്ടേഴ്സ്'റിപ്പോർട്ട് ചെയ്തു. മാധ്യമങ്ങളുമായി വെർച്വലായി സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിലാണ് വിദേശകാര്യ സഹമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഒരാഴ്ചക്കകംതന്നെ പൂർണമായി സഞ്ചാരത്തിനായി യു.എ.ഇ ഖത്തറിന് മുന്നിൽ വഴി തുറക്കും. അതോടൊപ്പംതന്നെ വിമാന സർവിസുകളും പുനരാരംഭിക്കും. ഇതോടെ വ്യാപാരബന്ധങ്ങളും പഴയനിലയിലേക്ക് മടങ്ങും. എംബസികൾ സ്ഥാപിക്കുന്നതിലും എല്ലാതരത്തിലുള്ള ഗാതഗതം നടത്തുന്നതിലും വാണിജ്യനീക്കങ്ങൾ തുടരുന്നതിലും പ്രശ്നങ്ങളോ സാങ്കേതികപ്രശ്നങ്ങളോ നിലനിൽക്കുന്നില്ല. എന്നാൽ, പഴയ രീതിയിലുള്ള നയതന്ത്ര ബന്ധങ്ങൾ പൂർണ തലത്തിലെത്താൻ അൽപസമയമെടുക്കുമെന്നായിരുന്നു യു.എ.ഇ വിദേശകാര്യ സഹമന്ത്രി മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞ കാര്യങ്ങളിലെ ചുരുക്കം.
മൂന്നര വർഷം മുമ്പുള്ള അതേ ഉൗഷ്മള ബന്ധങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് ചില പ്രശ്നങ്ങളാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. തുർക്കി സൈന്യം ഖത്തറിൽ തുടരുന്നതിലുള്ള യു.എ.ഇയുടെ വിയോജിപ്പ് വിദേശകാര്യ സഹമന്ത്രി മാധ്യമങ്ങൾക്ക് മുന്നിലും പ്രകടിപ്പിച്ചു. സ്വാഭാവികമായി ഉന്നയിക്കേണ്ട ആവശ്യമാണ് യു.എ.ഇ ഇൗ വിഷയത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
തുർക്കിയുടെ അറബ് രാജ്യങ്ങളോടുള്ള നിലപാടിൽ മാറ്റം വരുത്തേണ്ടതുണ്ട് എന്ന അഭിപ്രായമാണ് യു.എ.ഇക്കുള്ളത്. എന്നാൽ, ഇതുസംബന്ധിച്ച് ഖത്തർ നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഉൗഷ്മള ബന്ധം പുനഃസ്ഥാപിക്കുന്നതിന് മുന്നോടിയായി ഇത്തരം കാര്യങ്ങളിലെ വ്യക്തതയാണ് യു.എ.ഇ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെയാണ് പഴയ അതേപടിയുള്ള നയതന്ത്ര ബന്ധങ്ങളിൽ പൂർവസ്ഥിതിയിലേക്ക് എത്താൻ കുറച്ച് സമയമെടുക്കുമെന്ന് വിദേശകാര്യ സഹമന്ത്രി സൂചിപ്പിച്ചതിനു പിന്നിലും ഇക്കാര്യങ്ങളാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
യാത്രാവഴികൾ തുറക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമയാന ഗതാഗത രംഗം കൂടുതൽ സജീവമായി കുതിപ്പ് തുടരുമെന്നാണ് പ്രതീക്ഷ. ദുബൈ -ഖത്തർ റൂട്ടിലായിരുന്നു ഇരുരാജ്യങ്ങളും നേരത്തേ ഏറ്റവുമധികം വിമാന സർവിസുകൾ നടത്തിയിരുന്നത്. മൂന്നര വർഷം മുമ്പ് നിലച്ചുപോയ വളർച്ച പൂർവാധികം ശക്തിയോടെ കൈവരിക്കാമെന്ന കണക്കുകൂട്ടലിലാണ് ഇരുരാജ്യങ്ങളിലെയും അന്താരാഷ്ട്ര വിമാനക്കമ്പനികൾ പ്രത്യാശിക്കുന്നതും. മാത്രമല്ല, 2022ൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫുട്ബാൾ ലോകകപ്പിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനെപ്പട്ടതാണ് യു.എ.ഇയിലെ മേഖലതല വ്യോമഗതാഗതകേന്ദ്രം. ലോകകപ്പ് വിജയിപ്പിക്കാൻ എല്ലാതരത്തിലും സഹകരിക്കുമെന്ന് ജി.സി.സി ഉച്ചകോടിയിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
അതിർത്തികൾ തുറന്നതോടെ സാമൂഹിക സാമ്പത്തിക വാണിജ്യ മേഖലകൾക്ക് പുത്തൻ ഉണർവുണ്ടാകും. പ്രവാസി ലോകം വളരെ ആകാംക്ഷയോടെ കാത്തിരുന്ന മുഹൂർത്തങ്ങൾക്ക് കൂടിയാണ് പുതിയ വർഷം സാക്ഷ്യം വഹിക്കുന്നത്.
പതിനായിരക്കണക്കിന് പ്രവാസികളാണ് ഇരു രാജ്യങ്ങളിലായി പരസ്പരം കാണാനോ വ്യാപാരബന്ധങ്ങൾ തുടരാനോ കഴിയാതെ വിഷമിക്കുന്നത്. ജി.സി.സി ഉച്ചകോടിയോടെ പ്രതീക്ഷ പുലർത്തിയ പ്രവാസിലോകം, ഏറ്റവും ഒടുവിലായി യാത്രാവഴികൾ യു.എ.ഇ തുറക്കുന്നുവെന്ന പ്രഖ്യാപനം വന്നതോടെ അതീവ ആഹ്ലാദത്തിലാണ്.
ജി.സി.സി സമ്മേളനത്തിന് തലേന്നുതന്നെ സൗദിയുമായി ഖത്തർ പങ്കിടുന്ന ഏക കര അതിർത്തിയായ അബൂസംറ തുറന്നിരുന്നു.
യു.എ.ഇ, ഒമാൻ, ബഹ്ൈറൻ രാജ്യങ്ങളിലേക്ക് പോകാൻ ഖത്തറിലുള്ളവർ ആശ്രയിക്കുന്നത് സൗദിയുടെ സൽവ അതിർത്തിയാണ്. ഉപരോധം വന്നയുടൻ ഈ അതിർത്തി അടക്കെപ്പട്ടിരുന്നു. ഗൾഫ് രാജ്യങ്ങളിൽ ഉടനീളം പരന്നുകിടക്കുന്നതാണ് അറബികളുെട കുടുംബബന്ധങ്ങൾ.
കഴിഞ്ഞ മൂന്നര വർഷമായി കുടുംബാംഗങ്ങളെ സന്ദർശിക്കാൻ പോലുമാകാത്ത സ്ഥിതിയായിരുന്നു. ഈ അവസ്ഥ മാറുകയും എല്ലാവർക്കും പരസ്പരം ബന്ധങ്ങൾ കൂടുതൽ ഉൗഷ്മളതയോടെ തുടരാനുമുള്ള സൗഭാഗ്യമാണ് 'അൽഉല' കരാറിലൂടെ യഥാർഥ്യമായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.