യുവാക്കളെ ശാക്തീകരിക്കാൻ പ്രതിജ്ഞാബദ്ധം -ശൈഖ് മുഹമ്മദ് ബിൻ സായിദ്
text_fieldsദുബൈ: രാജ്യത്തിന്റെ വളർച്ചയെ വേഗത്തിലാക്കാൻ യുവാക്കളിൽ നിക്ഷേപം നടത്താനും അവരെ ശാക്തീകരിക്കാനും യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച സന്ദേശത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. രാജ്യത്തിന്റെ വിലയേറിയ സ്വത്താണ് യുവാക്കൾ.
ഒരു രാഷ്ട്രം അതിന്റെ ഭാവി കെട്ടിപ്പടുക്കുന്ന അടിത്തറയാണത്. അവർ പുരോഗതിയെ ശക്തിപ്പെടുത്തുന്ന ഇന്ധനവും യഥാർഥ വികസനത്തിന് പിന്നിലെ ചാലകശക്തിയുമാണ്. അവരുടെ നിശ്ചയദാർഢ്യവും ഊർജസ്വലതയും കൊണ്ട് രാഷ്ട്രങ്ങൾ വളരുകയും മനുഷ്യജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുകയും ചെയ്യുന്നു.
നാം അവരിൽ അഭിമാനിക്കുകയും ആഗോള വേദിയിൽ രാഷ്ട്രത്തിന്റെ പതാക ഏൽപ്പിക്കുകയും ചെയ്യുന്നു -ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.യുവാക്കൾ രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചുവെന്നും അവരുടെ പ്രയത്നങ്ങൾ രാജ്യത്തിന്റെ ഉയർച്ചക്ക് സഹായിച്ചതായും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സ് അക്കൗണ്ടിൽ കുറിച്ചു.
യുവജനങ്ങളുടെ പ്രശ്നങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും ആഗോള തലത്തിൽ യുവാക്കളുടെ സാധ്യതകൾ ആഘോഷിക്കുന്നതിനുമായി വർഷം തോറും ആഗസ്റ്റ് 12നാണ് യുവജനദിനം ആഘോഷിക്കുന്നത്.
യു.എ.ഇയിൽ യുവാക്കളുടെ ശാക്തീകരണത്തിന് വലിയ പ്രധാന്യമാണ് ഭരണാധികാരികൾ നൽകിവരുന്നത്. എല്ലാ മേഖലയിലും യുവാക്കളുടെ ഊർജസ്വലമായ പങ്കാളിത്തമാണ് ഉറപ്പുവരുത്തുന്നത്. യു.എ.ഇ മന്ത്രിസഭയിലും സുൽത്താൻ അൽ നിയാദി അടക്കം രാജ്യത്തിന്റെ പ്രശസ്തി ആഗോള തലത്തിൽ ഉയർത്തിയ യുവാക്കളെ ഉൾപ്പെടുത്തിയത് ഇതിന്റെ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.