കമോൺ കമൽ
text_fieldsഷാർജ: യു.എ.ഇയിലെ പ്രവാസലോകത്തിെൻറ മനസ്സ് ഇന്ന് ഒന്നടങ്കം മന്ത്രിക്കുക ഒരേയൊരു കാര്യമാകും^'കമോൺ കേരള..., കമോൺ കമൽ...' അതെ, ഒമ്പത് വർഷത്തെ ഇടവേളക്കുശേഷം ഷാർജ എക്സ്പോ സെൻററിനെ ഇളക്കി മറിക്കാൻ ഉലകനായകൻ കമൽഹാസൻ ഇന്നെത്തും. 400 കോടി ക്ലബിലേക്ക് റെക്കോർഡ് വേഗത്തിൽ കുതിക്കുന്ന ഇന്ത്യയിലെ പുത്തൻ സെൻസേഷൻ 'വിക്രം' സിനിമയുടെ 25ാം വിജയദിനം കമൽ ആഘോഷിക്കുക ഇന്ന് വൈകീട്ട് 'കമോൺ കേരള' വേദിയിലായിരിക്കും. അതിന് സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിന് ആരാധകർ ഇന്ന് ഷാർജ എക്സ്പോ സെൻററിലേക്ക് ഇരമ്പിയെത്തും.
ഇതിനുമുമ്പ് 2013ലാണ് കമൽഹാസനെ കാണാൻ ആരാധകർ ഷാർജ എക്സ്പോ സെൻററിലേക്ക് ഒഴുകിയെത്തിയത്. അതിെൻറ എത്രയോ ഇരട്ടി ആളുകൾ ഇന്ന് എത്തുമെന്നാണ് കണക്കുകൂട്ടൽ. 100 വർഷം ആഘോഷിക്കുന്ന ഇന്ത്യൻ സിനിമയെ 2013ലെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ആദരിച്ചപ്പോൾ അതിന്‍റെ ഭാഗമാകാനാണ് കമൽ എത്തിയത്. ആരാധകരുമായി സംവദിച്ചും 'വിശ്വരൂപം' സിനിമയുടെ തിരക്കഥ പ്രകാശനം ചെയ്തുമൊക്കെ ആ ദിനം 'കമൽമയ'മായി.
'ഒാസ്കർ സിനിമയുടെ അവസാന വാക്കല്ല' എന്ന കമലിെൻറ പരാമർശമൊക്കെ ഏറെ കയ്യടികളോടെയാണ് അന്ന് ആരാധകർ സ്വീകരിച്ചത്. ഇന്ത്യൻ സിനിമ ഹോളിവുഡ് സിനിമകളോട് കിടപിടിക്കുംവിധം സാങ്കേതികമായും ആവിഷ്കാരപരമായും ഉയരണമെന്ന സ്വപ്നവും അന്ന് കമൽ പങ്കുവെച്ചിരുന്നു. ലോകമെങ്ങുമുള്ള പ്രേക്ഷകർ ഏറ്റെടുത്ത 'വിക്രം' ആ സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്ന സൂചന നൽകി ജൈത്രയാത്ര തുടരുകയുമാണ്.
അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും സ്പെയിനിലെയും ഫ്രാൻസിലെയുമൊക്കെ സിനിമക്കാർ ഇന്ത്യയിൽ ആദരിക്കപ്പെടുന്നതും അതിൽ അവർ അഭിമാനിക്കുന്നതുമാണ് താൻ സ്വപ്നം കാണുന്നതെന്നും അന്ന് കമൽ പറഞ്ഞു.
തിരക്കഥകളെ സർഗസൃഷ്ടികളായി കണ്ട് സാഹിത്യ അക്കാദമി അംഗീകരിക്കണമെന്ന ആഗ്രഹവും അന്ന് കമൽ പങ്കുവെച്ചു. 'എനിക്ക് അവാർഡ് ലഭിക്കുന്നതിന് വേണ്ടിയല്ല ഇത് പറയുന്നത്. തിരക്കഥകൾ മികച്ച സാഹിത്യരചന കൂടിയാണ്. സാഹിത്യസൃഷ്ടികളെ അംഗീകരിക്കുകയാണ് സാഹിത്യ അക്കാദമിയുടെ കടമ. എം.ടി. വാസുദേവൻ നായർ എഴുതിയ കഥകളോടും നോവലുകേളാടും കിടപിടിക്കുന്നത് തന്നെയാണ് 'നിർമ്മാല്യ'ത്തിെൻറ തിരക്കഥയുമെന്ന് ഞാൻ വിശ്വസിക്കുന്നു'^ കമൽ പറഞ്ഞു.
'വിശ്വരൂപം' സിനിമയുടെ തിരക്കഥയുടെ പ്രകാശനവും അന്ന് നടന്നു. ഒമ്പതാം ക്ലാസിൽ പഠനം നിർത്തിയ തന്‍റെ ഭാവിയെ കുറിച്ച് ആശങ്കയുണ്ടായിരുന്ന അമ്മ, ലോകത്തെ ഏറ്റവും വലിയ സാഹിത്യമേളയിൽ താനെഴുതിയ തിരക്കഥ പ്രകാശനം ചെയ്യുന്ന മുഹൂർത്തത്തിൽ ഒപ്പമുണ്ടായിരുന്നെങ്കിൽ എന്ന ആഗ്രഹമായിരുന്നു അന്ന് കമലിന്‍റെ മനസ്സ് നിറയെ... മലയാളത്തിൽ അഭിനയിക്കാതിരിക്കുന്നത് പ്രതിഫലത്തെ ചൊല്ലിയാണോയെന്ന ചോദ്യത്തിന് കമലിെൻറ മറുപടി ഇതായിരുന്നു^'അതെ, അതാണ് ഞാൻ മലയാളത്തിൽ അഭിനയിക്കാത്തതിെൻറ ഏറ്റവും മോശമായ കാരണം...'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.