ദുരിതകാലത്തെ ഐക്യം വികസന കാര്യത്തിലും വേണം -കെ. മുരളീധരൻ
text_fieldsഷാർജ: ദുരിതകാലത്തെ ഐക്യം വികസന കാര്യത്തിലും നിലനിർത്താൻ കേരളത്തിനു കഴിയണമെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ കെ. മുരളീധരൻ. ഗൾഫിലെ പ്രതികൂല കാലാവസ്ഥകളെ ഭരണാധികാരികൾ അനുകൂലമാക്കിയപ്പോൾ അനുകൂല സാഹചര്യങ്ങളെ ഫലപ്രദമായി ഉപയോഗിക്കാൻ കേരളത്തിനു കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമോൺ കേരള വേദിയിൽ നടന്ന ‘ഹാർമോണിയസ് കേരള’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിദുരന്തങ്ങൾ ഉണ്ടായപ്പോൾ നമ്മൾ ഒരുമിച്ചുനിന്നു. എന്നാൽ, വികസന കാര്യത്തിൽ ഈ ഐക്യം ഫലപ്രദമായി ഉപയോഗിക്കാനാവുന്നില്ല. വികസനം വരുമ്പോൾ കക്ഷി രാഷ്ട്രീയത്തിന് അതീതമായി സഹകരണ സമീപനം സ്വീകരിച്ചാൽ മാത്രമേ നമ്മൾ ആഗ്രഹിച്ച വികസനം പൂർത്തീകരിക്കാൻ കഴിയൂ. വിവിധ മേഖലകളിലുള്ളവരെ ഒരുമിച്ചുചേർത്ത് കേരളത്തിന്റെ സാഹോദര്യം വിളിച്ചോതുന്ന ഹാർമോണിയസ് കേരള പോലുള്ള പരിപാടികൾ സംഘടിപ്പിച്ച ‘ഗൾഫ് മാധ്യമ’ത്തെ അദ്ദേഹം അഭിനന്ദിച്ചു.
കേരളം മുന്നോട്ടുപോകുന്നതിനുള്ള പ്രചോദനം പ്രവാസികളാണെന്ന് എം.പി ജോൺ ബ്രിട്ടാസ് പറഞ്ഞു. വന്ദേഭാരത് ട്രെയിൻ വന്നപ്പോഴാണ് വേഗതയെ കുറിച്ച് നമ്മൾ ചിന്തിച്ചുതുടങ്ങിയത്. ഇത്രയധികം സോഷ്യൽ കാപിറ്റലുള്ള ഒരു സംസ്ഥാനമാണ് കേരളം. പ്രതിസന്ധി വരുമ്പോൾ ജാതി മത ഭേദമന്യേ ഒറ്റശരീരമായി ഉയരാനുള്ള ശേഷിയാണ് സോഷ്യൽ കാപിറ്റൽ. ഈ രംഗത്ത് കൂടുതൽ നിക്ഷേപത്തിനായി ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തെ അപമാനിക്കാൻ കേരള സ്റ്റോറി പോലുള്ള സിനിമകൾ പടച്ചുവിടുമ്പോൾ ജാഗ്രതയോടെ ഒറ്റശരീരമായി കേരളത്തിന്റെ സാമൂഹിക മൂലധനത്തെ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.