എ.ആർ. റഹ്മാൻ സാമി യൂസഫിനോട് പറഞ്ഞു: 'ശിഷ്യന്‍റെ പാട്ട് ഇന്ത്യയിൽ ഹിറ്റാണ്'
text_fields'ഹൃദയ'ത്തിലെ ഗാനങ്ങൾ തരംഗമായപ്പോൾ തന്നെ സംഗീത സംവിധായകനും ഗായകനുമായ ഹിഷാം അബ്ദുൽ വഹാബ് കാത്തിരുന്നതായിരുന്നു ആ കൂടിക്കാഴ്ച. ഗുരുവും വഴികാട്ടിയുമായ വിഖ്യാത സംഗീതജ്ഞൻ സാമി യൂസഫിനെ കാണൽ. ഷാർജ എക്സ്പോ സെന്‍ററിൽ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന 'കമോൺ കേരള'യിൽ പങ്കെടുക്കാൻ ദുബൈയിലെത്തിയപ്പോൾ അത് സാധിച്ചു. വെള്ളിയാഴ്ച സാമിയുടെ ദുബൈയിലെ വീട്ടിൽ ഇരുവരും ഏറെ നാളുകൾക്കുശേഷം കണ്ടുമുട്ടി. അവിടെ ഹിഷാമിനെ ഇരട്ടി സന്തോഷമാണ് കാത്തിരുന്നത്.
കാരണം, ഹിഷാം പറയുന്നതിന് മുമ്പ് തന്നെ 'ഹൃദയ'ത്തിലെ പാട്ടുകൾ സൂപ്പർഹിറ്റായ കാര്യം സാമി അറിഞ്ഞിരുന്നു. അറിയിച്ചതാകട്ടെ, സാക്ഷാൽ എ.ആർ. റഹ്മാനും. 'എന്‍റെ പാട്ടുകൾ സംഗീതാസ്വാദകർ ഏറ്റെടുത്തത് സാമി സാറിനെ അറിയിച്ചത് റഹ്മാൻ സാറാണെന്നറിഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി. സംഗീതമാണ് ജീവിതമെന്ന് തിരിച്ചറിഞ്ഞപ്പോൾ മുതൽ ആരാധനയോടെ കാണുന്നതാണ് രണ്ടുപേരെയും. സാമി സാറിന്‍റെയും റഹ്മാൻ സാറിന്‍റെയും പാട്ടുകൾ കേട്ടുപഠിച്ചാണ് ഞാൻ വളർന്നത്. അതുകൊണ്ട് ഗുരുസ്ഥാനത്താണ് ഇരുവരുമുള്ളത്. അതിൽ സാമി സാറുമായി കരിയറിന്‍റെ തുടക്കത്തിൽ തന്നെ സഹകരിക്കാൻ കഴിഞ്ഞത് ഏറെ ഭാഗ്യവും അനുഗ്രഹവുമായാണ് കരുതുന്നത്'- ഹിഷാം പറഞ്ഞു.
ഇസ്ലാമിന്‍റെ സ്നേഹവും സമാധാനവും സന്ദേശമാകുന്ന ഗാനങ്ങളിലൂടെ ലോക പ്രശസ്തനായ ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനുമായ സാമി യൂസഫിന്‍റെ ഉടമസ്ഥതയിലുള്ള 'അൻദാന്‍റെ റെക്കോർഡ്സി'ലൂടെയാണ് ഹിഷാം പ്രഫഷണൽ സംഗീത ജീവിതം തുടങ്ങുന്നത്. ഹിഷാമിന്‍റെ ആദ്യ ആൽബം 'ഖദം ബധാ' നിർമിച്ചത് സാമി യൂസഫാണ്.
മലയാള സംഗീത ലോകത്തിന് അഭിമാനിക്കാനായി കാലം കാത്തുവെച്ച ഈ കൂട്ടായ്മക്ക് നിമിത്തമായതാകട്ടെ സോഷ്യൽ മീഡിയയും. ഒരു ടി.വി. റിയാലിറ്റി ഷോയിൽ ഹിഷാം സാമിയുടെ 'യു കേം ടു മീ' എന്ന ഗാനം ആലപിച്ചിരുന്നു. വീട്ടുകാരും കൂട്ടുകാരും നിർബന്ധിച്ചപ്പോൾ അതിന്‍റെ വീഡിയോ സാമിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഹിഷാം ഷെയർ ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട സാമിയുടെ ടീം അത് റീഷെയർ ചെയ്യുകയും ഹിഷാമുമായി ബന്ധപ്പെടുകയുമായിരുന്നു.
അനുഗ്രഹീത ഗായകനായ ഹിഷാമിന് ഇന്ത്യക്കകത്തും പുറത്തും അറിയപ്പെടാനുള്ള കഴിവുണ്ടെന്ന് അന്ന് സാമി പറഞ്ഞിരുന്നു. 'ഹൃദയത്തിൽ നിന്നാണ് അവൻ പാടുന്നത്. ഹിഷാം 'യു കേം ടു മീ' പാടിയത് കേട്ടപ്പോൾ എന്‍റെ ഇരുപതുകളാണ് ഓർമ്മ വന്നത്' - എന്നായിരുന്നു സാമിയുടെ വാക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.