ആശയവിനിമയം ബന്ധങ്ങളുടെ അടിത്തറ
text_fieldsനാവുള്ളവന് നാടിന്റെ പാതി എന്നാണല്ലോ. മനുഷ്യന് മാത്രമാണ് വാക്കുകളിലൂടെയും ശരീര ഭാഷയിലൂടെയും ഇത്രയും മനോഹരമായി ആശയവിനിമയം ചെയ്യാൻ സാധിക്കുന്നത്. മികച്ച ആശയ വിനിമയം ബന്ധങ്ങളുടെ അടിത്തറയാണ്. വ്യക്തവും കൃത്യവുമല്ലാത്ത ആശയവിനിമയം ബന്ധങ്ങളിൽ സംഘർഷവും സങ്കീർണ്ണതയും സൃഷ്ടിക്കുന്നു. അതിനാൽ ഉചിതമായ ആശയവിനിമയം നടത്താൻ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.
ബന്ധങ്ങളെ സുദൃഢക്കുന്നതും സുഗമമാക്കുന്നതും ആശയവിനിമയത്തിന്റെ ശക്തിയാണ്. മറ്റുള്ളവരോട് സ്നേഹം, ദയ, കരുണ, പരിഗണന, സഹാനുഭൂതി എന്നിവ പ്രകടിപ്പിക്കാൻ ആശയവിനിമയം കൊണ്ട് സാധിക്കുന്നു. അതേസമയം, മറ്റുള്ളവരെ മുറിപ്പെടുത്താനും തളർത്താനു തകർക്കാനും ഇതിന് കഴിയുന്നു. ആശയവിനിമയം ഒരാൾ ആർജിച്ചെടുക്കുന്നതാണ്. അവർ വളർന്നു വരുന്ന ചുറ്റുപാടിൽ നിന്നും പഠിച്ചെടുക്കുന്നത്. എന്നാൽ അത് മനപ്പൂർവമായ പഠനം അല്ല. രക്ഷിതാക്കൾ, ബന്ധുക്കൾ, കൂട്ടുകാർ, അധ്യാപകർ, സമൂഹം എന്നിവരിൽ നിന്നുള്ള സ്വാധീനം ആശയവിനിമയ ശേഷിയെ ബാധിക്കുന്നു. മികച്ച ആശയ വിനിമയ ശേഷി വികസിപ്പിക്കാനായി നാം ആർജ്ജിച്ച് എടുത്തതിനെ കൂടുതൽ മൂർച്ചപ്പെടുത്തണം.
നന്നായി ആശയവിനിമയം ചെയ്യുന്ന ആളുകൾക്ക് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും തൊഴിലിടങ്ങളിലും മികച്ച ബന്ധങ്ങൾ നിലനിർത്താൻ സാധിക്കുന്നു. അല്ലാത്ത ഒരാൾക്ക് ഇവിടെയൊക്കെയും പരാജയവും തകർച്ചയും സംഭവിക്കാനും കാരണമാകുന്നു. അതിനാൽ ആശയവിനിമയം ശ്രദ്ധയോടെ വേണം ചെയ്യാൻ. ഇനി പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയാൽ മികച്ച രീതിയിൽ ആശയവിനിമയം ചെയ്യാൻ കഴിയും.
1. പറയാനുള്ള കാര്യം വ്യക്തമായും സ്പഷ്ടമായും പറയുക. അവ്യക്തമായോ അപൂർണമായോ സംസാരിക്കരുത്. പാതി പറഞ്ഞു നിർത്തുന്ന കാര്യം കേൾക്കുന്നയാൾ പൂർണ്ണമായും മനസ്സിലാക്കി എടുക്കും എന്ന് പ്രതീക്ഷിക്കരുത്. പ്രത്യേകിച്ച് തൊഴിൽ സ്ഥലങ്ങളിൽ. അത് ആശയക്കുഴപ്പം ഉണ്ടാക്കുന്നു. നിങ്ങൾ ഉദ്ദേശിച്ച കാര്യം നടപ്പിലാകാതെ വരാൻ ആ ഒരു കാരണം മതി.
2. കുട്ടികളോട് വളരെ കരുതലോടെ വേണം സംസാരിക്കാൻ. അവരെ പേടിപ്പിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ രീതികളിൽ സംസാരിക്കരുത്. കുട്ടികളോട് സുഹൃത്തുക്കളോട് എന്നപോലെ ഇടപെടുന്നതാണ് നല്ലത്.
3. അനാവശ്യമായോ അമിതമായോ സംസാരിക്കരുത്. പറയേണ്ട കാര്യങ്ങൾ അനാവശ്യമായി വിശദീകരിക്കുന്നത് കൊണ്ട് കാര്യമായ ഉപയോഗം ഒന്നുമില്ല.
4. സംസാരിക്കുമ്പോൾ ഉപയോഗിക്കുന്ന വാക്കുകളിൽ പ്രത്യേക ശ്രദ്ധ നൽകുക. വാക്കുകൾ ആരെയും വേദനിപ്പിക്കുന്നതാകരുത്. നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾക്ക് മറ്റുള്ളവരെ അംഗീകരിക്കാനും അപമാനിക്കാനും കഴിയും. ആരെയും നിരുത്സാഹപ്പെടുത്തുന്ന തരത്തിൽ സംസാരിക്കരുത്.
5. പരമാവധി പോസിറ്റീവ് ആയി സംസാരിക്കുക. പ്രത്യേകിച്ച് തൊഴിലിടങ്ങളിൽ. പോസിറ്റീവ് സംസാരമുള്ള ആളുകളെ മറ്റുള്ളവർ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യും.
6. എല്ലാവരെയും ഉൾക്കൊള്ളുന്ന വിധത്തിൽ കരുതലും ശ്രദ്ധയും നൽകി ഇൻക്ലൂസീവ് ആയി സംസാരിക്കുക. നമ്മൾ ആരോട് സംസാരിക്കുന്നു അവർക്ക് ഉതകുന്ന തരത്തിൽ മാത്രം സംസാരിക്കുക.
7. ഓരോ സാഹചര്യത്തിനും അനുയോജ്യമായ വിധത്തിൽ സംസാരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഔപചാരികമായ ഒരു സാഹചര്യത്തിൽ അതിനുതകുന്ന വിധത്തിൽ സംസാരിക്കണം. അത്തരം സാഹചര്യങ്ങളിൽ സുഹൃത്തുക്കളോട് സംസാരിക്കുന്ന പോലെ അനൗപചാരിക രീതിയാവരുത് പിന്തുടരുന്നത്
8. മികച്ച ആശയവിനിമയ ശേഷിക്ക് ഏറ്റവും ആവശ്യം നല്ല കേൾവിക്കാർ ആവുക എന്നതാണ്. മറ്റുള്ളവരെ നന്നായി കേൾക്കാൻ കഴിയുന്ന ആളുകൾ കൂടുതൽ പഠിക്കുന്നു.
9. പറയുന്ന കാര്യങ്ങൾ വസ്തുതയാണോ അതോ നിങ്ങളുടെ അഭിപ്രായം ആണോ എന്ന തിരിച്ചറിവ് നിങ്ങൾക്ക് വേണം. നിങ്ങളുടെ അഭിപ്രായങ്ങൾ വസ്തുത ആണെന്ന ഭാവത്തിൽ പറയരുത്.
10. സംസാരം പോലെ തന്നെ നിങ്ങളുടെ ശരീര ഭാഷയും ശ്രദ്ധിക്കുക. സീരിയസ് ആയ ഒരു കാര്യം പറയുമ്പോൾ അതിന് അനുസരിച്ച് ശരീരഭാഷ ഉണ്ടാവണം. പകരം കൂളായി തമാശ പറയുന്ന ഭാവം മറ്റുള്ളവരെ കൺഫ്യൂസ് ചെയ്യിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.