മരിച്ചിട്ടും നിങ്ങളെന്തിനാണവരോട് ക്രൂരത കാട്ടുന്നത്? പിറന്ന മണ്ണിലേക്കുള്ള അവസാനയാത്രക്ക് ആ ഫണ്ട് ഉപയോഗപ്പെടുത്തിക്കൂടേ..
text_fieldsദുബൈ: പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗപ്പെടുത്താൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയെങ്കിലും പാലിക്കാതെ ഉദ്യോഗസ്ഥർ. എം.പി. അബ്ദുസ്സമദ് സമദാനി എം.പിയുടെ ചോദ്യങ്ങൾക്ക് ലോക്സഭയിൽ നൽകിയ മറുപടിയിൽ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ അടിയന്തര ഘട്ടങ്ങളിൽ വെൽഫെയർ ഫണ്ട് ഉപയോഗപ്പെടുത്താൻ വിദേശ എംബസികളിലെ ഉദ്യോഗസ്ഥർക്ക് നേരത്തേ തന്നെ അധികാരം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കിയത്.
സ്ട്രെച്ചറിൽ കൊണ്ടുവരേണ്ട രോഗികളെ നാട്ടിലെത്തിക്കുന്നതിന് ഫണ്ട് ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിന് വേണ്ടിവരുന്ന ഫണ്ട് ആവശ്യാനുസരണം ഒരു അക്കൗണ്ടിൽനിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാം. സ്ട്രെച്ചറിൽ യാത്ര ചെയ്യുന്ന രോഗികൾക്ക് വിമാന കമ്പനികളുമായി ചേർന്ന് എംബസികൾ വേണ്ട സഹായം നൽകിവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാൽ, വിഷയത്തിൽ യു.എ.ഇയിലെ ഇന്ത്യൻ എംബസികളെ സമീപിക്കുമ്പോൾ ഉദ്യോഗസ്ഥർ കൈമലർത്തുകയാണെന്നാണ് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി പറയുന്നത്. ഒരു മൃതദേഹം എംബാം ചെയ്യാനുള്ള പെട്ടിക്ക് മാത്രം 1840 ദിർഹമാണ് ചെലവ്. ഇതിനായി എംബസി ഉദ്യോഗസ്ഥരെ സമീപിക്കുമ്പോൾ കുറഞ്ഞ ചെലവിൽ പെട്ടി ലഭിക്കില്ലേയെന്ന ചോദ്യമുയർത്തി തടസ്സവാദങ്ങൾ ഉന്നയിക്കുകയാണ് ചെയ്യുന്നത്.
100ൽ ഒരാൾക്ക് മാത്രമാണ് എംബസിയുടെ സഹായം ലഭിക്കുന്നത്. ആവശ്യാനുസരണം ഫണ്ട് ചെലവഴിക്കാൻ സർക്കാർ നിർദേശം നൽകിയിരിക്കെയാണ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത. യു.എ.ഇയിൽ പ്രതിദിനം നാല് ഇന്ത്യക്കാർ മരിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായുള്ള രേഖകൾ ശരിയാക്കാൻ പോലും ഉദ്യോഗസ്ഥർ സഹായിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ മരിച്ച വ്യക്തിയുടെ പാസ്പോർട്ട്, വിസ വിവരങ്ങൾ ടൈപ് ചെയ്യുന്നതിനായി 60 മുതൽ 120 ദിർഹം വരെ ചെലവ് വരുന്നുണ്ട്. നയതന്ത്രകാര്യാലയങ്ങളിൽ ഇത്തരം നടപടികൾ പൂർത്തീകരിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവർ സഹകരിക്കാറില്ല. നിയമനടപടികൾ പൂർത്തീകരിക്കാൻ എടുക്കുന്ന സമയവും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഷാർജയിൽ മരിച്ച മൂവാറ്റുപുഴ സ്വദേശിനിയായ ലെക്ചററുടെ മൃതദേഹം കൊണ്ടുപോകുന്നതിനായുള്ള നടപടികൾ അനാവശ്യ നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വൈകിപ്പിച്ചതായും അഷ്റഫ് താമരശ്ശേരി പറഞ്ഞു.
അതേസമയം, സ്ട്രെച്ചറിൽ കൊണ്ടുപോകേണ്ട രോഗികളുടെ കാര്യത്തിൽ വിമാന കമ്പനികളും മുഖം തിരിക്കുകയാണ്. ദുബൈ വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് ഒരു മണിക്കൂറാണ് പാർക്കിങ് സമയം. ഈ സമയത്തിനകം സ്ട്രെച്ചറിലുള്ള രോഗികളെ വിമാനത്തിൽ കയറ്റാനാവില്ലെന്നും വൈകിയാൽ അധികം പാർക്കിങ് ഫീ നൽകേണ്ടിവരുകയും ചെയ്യുമെന്നാണ് എയർ ഇന്ത്യ അധികൃതരുടെ വിശദീകരണം.
പാകിസ്താൻ, ബംഗ്ലാദേശ്, സിറിയ, കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ സ്വന്തം പൗരന്മാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവും വഹിക്കുമ്പോഴാണ് ഇന്ത്യൻ എംബസി ഇക്കാര്യത്തിൽ മുഖം തിരിക്കുന്നത്. ബംഗ്ലാദേശ് എംബസി മൂന്നു ലക്ഷം രൂപയാണ് മൃതദേഹം നാട്ടിലെത്തിക്കാൻ ചെലവിടുന്നത്. പാകിസ്താൻ എംബസി കാർഗോ കമ്പനികൾക്ക് കത്ത് നൽകി ആവശ്യമായ നിർദേശം നൽകുകയും ചെയ്യുന്നുണ്ട്. കേന്ദ്ര സർക്കാർ നയപരമായ തീരുമാനം എടുത്താൽ മാത്രമേ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന കാര്യത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാവൂവെന്നാണ് നിയമവിദഗ്ധർ പറയുന്നത്.
ഫണ്ട് ഉറവിടങ്ങൾ
പ്രവാസികളിൽനിന്നുതന്നെ വിവിധ മാർഗങ്ങളിലൂടെയാണ് ഐ.സി.ഡബ്ല്യു.എഫിലേക്കുള്ള ഫണ്ടുകൾ കണ്ടെത്തുന്നത്. പാസ്പോർട്ട്, വിസ, ഒ.സി.ഐ, പി.ഐ.ഒ കാർഡുകൾ എന്നിവയുടെ സേവനങ്ങൾ, അറ്റസ്റ്റേഷൻ, കോൺസുലാർ സർവിസ് എന്നിവയിൽ നിന്നുള്ള ഫീസ് വഴിയും വ്യക്തികളും സ്ഥാപനങ്ങളും സംഭാവനയായി നൽകുന്ന തുകയിൽനിന്നുമെല്ലാം കണ്ടെത്തുന്ന തുകയാണ് കമ്യൂണിറ്റി വെൽഫെയർ ഫണ്ടിന്റെ പ്രധാന ഉറവിടം.
ആദ്യഘട്ടത്തിൽ കേന്ദ്ര ബജറ്റിൽ വിദേശകാര്യ മന്ത്രാലയത്തിന് അനുവദിക്കുന്നതിൽനിന്ന് നിശ്ചിത തുക നീക്കിവെച്ചിരുന്നെങ്കിലും പിന്നീട് സ്വയംപര്യാപ്തമായതോടെ അവസാനിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.