കമ്പനികൾക്ക് ബദൽ വിരമിക്കൽ പദ്ധതിയിൽ അംഗമാകാം
text_fieldsദുബൈ: സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് യു.എ.ഇ പ്രഖ്യാപിച്ച ബദൽ വിരമിക്കൽ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ തൊഴിൽ ദാതാക്കൾക്ക് നിർദേശം നൽകി തൊഴിൽ മന്ത്രാലയം. നിലവിലെ ഗ്രാറ്റുവിറ്റി ആനുകൂല്യത്തിന് പകരമായി പ്രോവിഡന്റ് ഫണ്ട് മാതൃകയിലാണ് യു.എ.ഇ ബദൽ വിരമിക്കൽ പദ്ധതി ആവിഷ്കരിച്ചത്.
നിലവിലെ ഗ്രാറ്റുവിറ്റി സംവിധാനത്തിന് പകരം തൊഴിലുടമ നൽകുന്ന വിഹിതം നിക്ഷേപമായി സ്വീകരിച്ച് അതിന്റെ ലാഭമടക്കം വിരമിക്കുമ്പോൾ ജീവനക്കാരന് നൽകുന്നതാണ് യു.എ.ഇ ആവിഷ്കരിച്ച ബദൽ വിരമിക്കൽ പദ്ധതി. ഇതിനായി തൊഴിൽ ദാതാവിൽനിന്ന് നിക്ഷേപം സ്വീകരിക്കാൻ ദമാൻ, ലുനേറ്റ്, നാഷനൽ ബോണ്ട് എന്നിവക്ക് തൊഴിൽ മന്ത്രാലയം നേരത്തെ അനുമതി നൽകിയിരുന്നു.
ബദൽ വിരമിക്കൽ പദ്ധതി തൊഴിലുടമക്ക് നൽകുന്ന സാമ്പത്തികലാഭം ചൂണ്ടിക്കാട്ടിയാണ് തൊഴിൽ മന്ത്രാലയം പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമാകുന്നത് ഇപ്പോഴും നിർബന്ധമല്ല. എന്നാൽ, സ്ഥാപനങ്ങൾക്ക് അവരുടെ താൽപര്യത്തിന് അനുസരിച്ച് പദ്ധതിയുടെ ഭാഗമാകാം.
വിഹിതം നിക്ഷേപമായി സ്വീകരിക്കുന്നതിനാൽ വിരമിക്കുമ്പോൾ മെച്ചപ്പെട്ട ആനൂകൂല്യം ജീവനക്കാരന് നൽകാൻ പദ്ധതിക്ക് കഴിയും. നിലവിലെ ഗ്രാറ്റുവിറ്റി പദ്ധതിയേക്കാൾ തൊഴിലുടമക്ക് സാമ്പത്തിക ബാധ്യത പുതിയ പദ്ധതിയിൽ കുറവാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
പുതിയ പദ്ധതിയിൽ ചേരുന്നത് വരെയുള്ള ജീവനക്കാരുടെ ഗ്രാറ്റുവിറ്റി അവരുടെ പേരിൽ തന്നെ നിലനിൽക്കും. തൊഴിൽ കരാർ അവസാനിപ്പിക്കുമ്പോൾ പഴയ തുകയും പുതിയ പദ്ധതിയിലെ തുകയും ചേർത്താണ് വിരമിക്കൽ ആനുകൂല്യം നൽകേണ്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി.
തൊഴിലാളികൾക്ക് വാർഷിക വരുമാനത്തിന്റെ 25 ശതമാനം വരെ അധികമായി പദ്ധതിയിലേക്ക് നൽകാം. നിക്ഷേപിച്ച തുകയും അതിന്റെ ലാഭവും ഏത് സമയവും പിൻവലിക്കാനും സൗകര്യമുണ്ടാകും. ജോലി മാറുകയാണെങ്കിൽ തന്റെ പേരിൽ നിക്ഷേപിച്ച തുക പിൻവലിക്കാനോ ജോലിക്ക് ചേരുന്ന പുതിയ സ്ഥാപനത്തിന് നിക്ഷേപം നിലനിർത്താനോ സൗകര്യമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.