പ്രവാസി കുടുംബങ്ങൾക്കും നഷ്ടപരിഹാരം : ശബ്ദമുയർത്തി പ്രവാസി സംഘടനകൾ
text_fieldsദുബൈ: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുേമ്പാൾ പ്രവാസി കുടുംബങ്ങളെയും പരിഗണിക്കണെമന്നാവശ്യപ്പെട്ട് കൂടുതൽ സംഘടനകൾ രംഗത്ത്.
ഒന്നര മാസത്തിന് ശേഷം മാർഗനിർദേശം തയാറാക്കുേമ്പാൾ പ്രവാസികളെ ഉൾപ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം. അല്ലാത്തപക്ഷം നിയമത്തിെൻറ വഴിയിലൂടെ സഞ്ചരിക്കാനാണ് തീരുമാനം. ഇടതുവലത് പ്രവാസിസംഘടനകൾ ഒറ്റെക്കെട്ടായാണ് പ്രതിഷേധം ഉയർത്തുന്നത്.
മലയാളികളുടെ പട്ടിക തയാറാക്കിനൽകും –കെ.എം.സി.സി
അബൂദബി: കോവിഡ് ബാധിച്ച് യു.എ.ഇയിൽ മരിച്ച മലയാളികളുടെ പട്ടിക ഇന്ത്യൻ എംബസിയുടെ സഹായത്തോടെ തയാറാക്കിനൽകുമെന്ന് അബൂദബി കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു. കോവിഡ്മൂലം മരിച്ചവർക്കുള്ള നഷ്ടപരിഹാര പട്ടികയിൽ വിദേശത്ത് മരിച്ച പ്രവാസികളെയും ഉൾപ്പെടുത്തണം.
ജോലിതേടി വിദേശരാജ്യങ്ങളിലെത്തി കോവിഡ്മൂലം മരിച്ച ഒട്ടേറെ പ്രവാസി കുടുംബങ്ങളുടെ ഭാവി ഇരുളടഞ്ഞ അവസ്ഥയിലാണ്. കെ.എം.സി.സി പല ഘട്ടങ്ങളിലായി ഈ വിഷയം കേരളസർക്കാറിെൻറ ശ്രദ്ധയിൽപെടുത്തിയിരുന്നു. അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. സുപ്രീംകോടതി നിർദേശത്തിെൻറ അടിസ്ഥാനത്തിൽ തയാറാക്കുന്ന നഷ്ടപരിഹാരം നൽകുന്നവരുടെ പട്ടികയിൽ പ്രവാസികളെ തഴയരുതെന്നും അബൂദബി കെ.എം.സി.സി പ്രസിഡൻറ് ഷുക്കൂറലി കല്ലുങ്ങൽ, ജനറൽ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, ട്രഷറർ പി.കെ. അഹമ്മദ് എന്നിവർ വ്യക്തമാക്കി.
കേന്ദ്രസർക്കാർ ഉത്തരവാദിത്തം നിറവേറ്റണം -എൻ.കെ. കുഞ്ഞുമുഹമ്മദ്
ദുബൈ: മരിച്ചവരുടെ കണക്കിൽ വിദേശങ്ങളിൽ െവച്ച് മരിച്ചവരെകൂടി ഉൾപ്പെടുത്തുക എന്നത് പ്രവാസികളോടുള്ള ഏറ്റവും ന്യായവും പ്രാഥമികവുമായ ഉത്തരവാദിത്തമായി കേന്ദ്രസർക്കാർ കാണണമെന്ന് ലോക കേരളസഭാംഗം എൻ.കെ. കുഞ്ഞുമുഹമ്മദ്. 2000ത്തോളം ഇന്ത്യക്കാരാണ് കോവിഡ്മൂലം വിവിധ വിദേശരാജ്യങ്ങളിൽ മരിച്ചതെന്നാണ് സർക്കാർ കണക്ക്. ഇതിൽ 700ഓളം പേര് മലയാളികളാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. മരിച്ചവരിൽ നല്ലൊരു ശതമാനവും താഴ്ന്ന സാമ്പത്തികസ്ഥിതിയുള്ളവരും കോവിഡ് വ്യാപനത്തിെൻറ തുടക്കംമുതൽ കേന്ദ്രത്തിെൻറ അവഗണന പലവിധത്തിൽ നേരിട്ടവരുമാണ്. നാട്ടിൽ അവരെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ സ്ഥിതിയും ഇതോടെ കൂടുതൽ ദയനീയമായ അവസ്ഥയാണ്.
പ്രതിസന്ധികാലങ്ങളിൽ നാടിനെ താങ്ങിനിർത്താൻ മുന്നിൽനിന്നവരെ വിഷമഘട്ടത്തിൽ രാജ്യം കൈയൊഴിഞ്ഞുകൂടാ. പരിമിതമായ സാഹചര്യങ്ങൾക്കുള്ളിൽനിന്നുകൊണ്ട് കേരളം അടക്കമുള്ള ഏതാനും ചില സംസ്ഥാനസർക്കാറുകൾ മാത്രമാണ് നിലവിൽ കോവിഡ് ബാധിക്കുകയും മരിക്കുകയും ചെയ്ത പ്രവാസി കുടുംബങ്ങൾക്ക് സഹായങ്ങൾ ലഭ്യമാക്കുന്നത്. വിദേശരാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ പ്രവേശനവിലക്ക് ദീർഘമായി തുടരുന്ന സാഹചര്യം വലിയ തോതിലുള്ള സാമ്പത്തികഅസ്ഥിരതയാണ് കേരളത്തിലടക്കം സൃഷ്ടിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ കാര്യക്ഷമമായ നയതന്ത്ര ഇടപെടലുകൾ നടത്തണമെന്നും എൻ.കെ. കുഞ്ഞുമുഹമ്മദ് ആവശ്യപ്പെട്ടു.
പ്രവാസി കുടുംബങ്ങളെ സംരക്ഷിക്കണം –രാജി എസ്. നായർ
ദുബൈ: പ്രതീക്ഷകൾ നഷ്ടപ്പെട്ട പ്രവാസികുടുംബങ്ങളെ സംരക്ഷിക്കാനും നഷ്ടപരിഹാരം ലഭ്യമാക്കാനും നടപടിയെടുക്കണമെന്ന് ഇന്ദിര വിമൻസ് ഫോറം പ്രസിഡൻറ് രാജി എസ്. നായർ പറഞ്ഞു.
പ്രവാസികൾ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ച കാലഘട്ടമാണിത്. ആയിരക്കണക്കിന് പ്രവാസികളാണ് മരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്ന കോടതിവിധി സ്വാഗതാർഹമാണ്. പ്രവാസലോകത്ത് മരിച്ചവരുടെ കുടുംബങ്ങളെയും ഈ പട്ടികയിൽ ഉൾപ്പെടുത്തണം.
ഇവരെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങൾ അനാഥമായിരിക്കുകയാണ്. കുടുംബനാഥനെ നഷ്ടപ്പെട്ട, ജീവിതം ഇനി എങ്ങനെ മുന്നോട്ടുപോകും എന്നറിയാതെ ഭക്ഷണത്തിനുപോലും വകയില്ലാതെ കഴിയുന്ന കുടുംബത്തിന് കൈത്താങ്ങാവാൻ സുപ്രീംകോടതി വിധി തുണയാകും എന്ന പ്രതീക്ഷയിലാണ് ഓരോ പ്രവാസികളും. എന്നും പ്രവാസികളോട് മുഖം തിരിഞ്ഞുനിന്ന ഭരണസംവിധാനങ്ങൾ ഈ ദുരന്തഘട്ടത്തിലും അവരെ ഒറ്റപ്പെടുത്തുമോ എന്ന ആശങ്കയുണ്ടെന്നും രാജി എസ്. നായർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.