വാഹനാപകടം: രണ്ടു വർഷത്തിന് ശേഷം മലയാളിക്ക് 75,000 റിയാൽ നഷ്ടപരിഹാരം
text_fieldsറിയാദ്: വാഹനാപകടം നടന്ന് രണ്ടു വർഷത്തിനു ശേഷം മലയാളിക്ക് 75,000 റിയാൽ (14.88 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം ലഭിച്ചു. രണ്ടു വർഷം മുമ്പ് സാപ്റ്റക്കോ ബസ് മറിഞ്ഞുണ്ടായ അപകടത്തിെൻറ നഷ്ടപരിഹാരമാണ് ആലപ്പുഴ സ്വദേശി സെബാസ്റ്റ്യൻ ജോസഫിന് ലഭിച്ചത്.
റിയാദിൽനിന്ന് ദവാദ്മിയിലേക്കുള്ള യാത്രക്കിടെ മറാത്തിലാണ് ബസ് മറിഞ്ഞ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് വലതു കാലിനു ഗുരുതരമായ പരിക്കേറ്റ് സെബാസ്റ്റ്യൻ ജോസഫ് ആശുപത്രിയിലാവുകയായിരുന്നു. ശക്തമായ മഴയിൽ ബസ് വൈദ്യുതിത്തൂണിൽ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ സെബാസ്റ്റ്യൻ ജോസഫിന്റെ കാലിന്റെ വിരലുകൾ ഉൾപ്പെടെ മുറിഞ്ഞു പോയി. സംഭവ സ്ഥലത്തെത്തിയ റെഡ് ക്രസന്റ് അധികൃതർ ഇദ്ദേഹത്തെ ശഖ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
19 ദിവസത്തെ ചികിത്സക്കു ശേഷം തുടർ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോയി. മാസങ്ങൾ നീണ്ട ചികിത്സക്കു ശേഷം ഇദ്ദേഹത്തിന്റെ കാലിന്റെ ചലനശേഷി വീണ്ടെടുക്കുകയായിരുന്നു. ചികിത്സക്കു ശേഷം സൗദിയിലേക്ക് മടങ്ങാൻ കോവിഡ് യാത്രവിലക്കുകൾ വിലങ്ങുതടിയായി.
പത്തു മാസത്തിനു ശേഷം സൗദിയിൽ മടങ്ങിയെത്തി ജോലിയിൽ പ്രവേശിച്ച സെബാസ്റ്റ്യന് അപകടത്തിന്റെ നഷ്ടപരിഹാര തുക സംബന്ധിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല.
തുടർന്ന് സുഹൃത്ത് വഴി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂരിനെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.
റിയാദിലെ കോടതിയിലും മറാത്തു പൊലീസ് സ്റ്റേഷനിലും നിരന്തരം ബന്ധപ്പെടുകയും കോടതി സാപ്റ്റികൊ കമ്പനിയോട് 75,000 റിയാൽ നഷ്ടപരിഹാരം നൽകാൻ വിധിക്കുകയുമായിരുന്നു. തുക ലഭിച്ചതായി സെബാസ്റ്റ്യൻ ജോസഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.