ദുബൈ ടാക്സികളെ കുറിച്ച് പരാതി കുറഞ്ഞു
text_fieldsദുബൈ: എമിറേറ്റിലെ ടാക്സി സേവനത്തെ കുറിച്ച് പരാതികൾ വളരെ കുറവാണെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). കഴിഞ്ഞ വർഷം ആകെ 8.89 കോടി ടാക്സി യാത്രകൾ നടന്നതിൽ 0.3 ശതമാനം പരാതികൾ മാത്രമാണുണ്ടായതെന്നും 99.97 പേരും യാത്രയിൽ തൃപ്തരാണെന്നും അധികൃതർ വ്യക്തമാക്കി. 2020ൽ പരാതി 0.4 ശതമാനവും 2019ൽ 0.5 ശതമാനവുമായിരുന്നു. ഇതാണ് വീണ്ടും കുറഞ്ഞിരിക്കുന്നത്.
ദുബൈയിലെ ടാക്സി റൈഡർമാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന് ആർ.ടി.എ നടപ്പാക്കിയ പദ്ധതികളുടെ ഫലപ്രാപ്തിയാണ് ടാക്സി പരാതികളുടെ കുറവ് സൂചിപ്പിക്കുന്നതെന്ന് അതോറിറ്റി പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്‍റ് ഡയറക്ടർ ആദിൽ ശക്രി പറഞ്ഞു. എമിറേറ്റിലെ നഗര-ടൂറിസം പ്രവർത്തനങ്ങളുടെ വികാസത്തിനനുസരിച്ച് ടാക്സി മേഖലയിൽ ഏറെ പുരോഗതി കൈവരിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈയിലെ ടൂറിസം, ബിസിനസ് രംഗങ്ങളിലെ മുന്നേറ്റം കാരണമായി ടാക്‌സി സേവനത്തിന് ആവശ്യം വർധിച്ചത് നിറവേറ്റുന്നതിനായി ടാക്സി കോർപറേഷൻ പാക്കേജ് വികസിപ്പിച്ചെടുത്തിട്ടുണ്ട്.
എക്സ്പോ അടക്കം എമിറേറ്റിൽ കഴിഞ്ഞ മാസങ്ങളിൽ നടന്ന വിവിധ പരിപാടികൾ ടാക്സി ആവശ്യക്കാരുടെ എണ്ണം വർധിപ്പിച്ചു.
ഇത് പരിഗണിച്ച് ഇലക്ട്രോണിക്, സ്മാർട്ട് ബുക്കിങ് സേവനങ്ങളടക്കം നടപ്പാക്കിയിട്ടുണ്ട് -അദ്ദേഹം വ്യക്തമാക്കി. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന് തുടർച്ചയായ പരിശീലനം ലഭിച്ച ഡ്രൈവർമാർ ഓടിക്കുന്ന 11,000 ടാക്സികളാണ് ദുബൈ നിരത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.