സഖാവ്' നയിക്കും; അൽഐനിൽ ചർച്ച പൊടിപൊടിക്കും
text_fieldsഅൽഐൻ: പിണറായി തുടരുമോ? ഭരണമാറ്റം വരുമോ? ഉത്തരമെന്തായാലും അൽഐനിലെ ഇന്നത്തെ സായാഹ്നം വാദപ്രതിവാദങ്ങളും വാക്തർക്കങ്ങളും കൊണ്ടു മുഖരിതമായിരിക്കും. കേരളക്കരയെ ഇനി ആര് നയിക്കുമെന്ന പ്രഖ്യാപനം വരുന്നതിനുപിന്നാലെ നാട്ടിലെന്ന പോലെ ചർച്ചാ മഹാമഹത്തിന് അൽഐനിലെ 'സഖാവും' നേതൃത്വം നൽകും. പേര് കേട്ട് അതിശയപ്പെടേണ്ട, നാട്ടിൽനിന്ന് ജോലിതേടി വന്ന സഖാവൊന്നുമല്ലിത്, സാക്ഷാൽ പ്രസ്ഥാനം തന്നെയാണ് അൽഐനിലെ 'സഖാവ്' ഹോട്ടൽ. അൽഐന്‍ സനാഇയയിൽ ലുലു ഹൈപ്പർ മാർക്കറ്റിന് പിറകിലാണ് ചുവപ്പുമയത്തിൽ തലയുയർത്തി നിൽക്കുന്ന ഇൗ ഹോട്ടൽ. സ്വതന്ത്രമായി വന്നിരിക്കാനും കഴിക്കാനും ഒപ്പം നിയന്ത്രണങ്ങളൊന്നുമില്ലാതെ രാഷ്ട്രീയം പറയാനും സൗകര്യങ്ങളൊരുക്കിയിട്ടുള്ള ഇടമാണ് സഖാവ് ഹോട്ടൽ.
കേരളക്കരയിൽനിന്ന് കടൽകടക്കുമ്പോൾ നെഞ്ചോടുചേർത്ത രാഷ്ട്രീയത്തെയും കൂടെക്കൂട്ടിയ ഷൊർണൂർ പള്ളം സ്വദേശി ഷക്കീറിന്‍റെ സ്വപ്നവും ആശയവുമാണ് സഖാവ് ഹോട്ടൽ. ചെങ്കൊടിയുടെ നിറം പാകിയ ഹോട്ടലിലെ ജീവനക്കാരുടെ ഉടുപ്പിലും ചുവരുകളിലെ ചിത്രങ്ങളിലും വരെ ചുവപ്പു പടർന്നുകിടക്കുന്ന കാഴ്ച ആരെയും അമ്പരപ്പിക്കും. ചുവപ്പ് വിട്ടൊരു കളിക്കുമില്ലെന്ന് പറയുന്ന ഹോട്ടലുടമ ചായ നൽകുന്നതും ചുവന്ന കപ്പിൽ തന്നെ. ചുമരു നിറയെ ഇടതു നേതാക്കളാണ്. ഒപ്പം കവിതകളും മുദ്രാവാക്യങ്ങളും ചിത്രങ്ങളും കൊണ്ട് നിറഞ്ഞ ചുമരിൽ ഇ.എം.എസും നായനാരും പിണറായിയും മുതൽ കെ.ടി. ജലീൽ വരെ സ്ഥാനം പിടിച്ചിട്ടുണ്ട്.
വിവിധ രാജ്യക്കാർ ഹോട്ടലിലെത്തുമ്പോള്‍ ചുമരിലെ ചിത്രങ്ങൾ കണ്ട് വിസ്മയഭരിതരാവും. അവര്‍ക്ക് കേരളത്തെ കുറിച്ചും ഇടതുപക്ഷത്തെ കുറിച്ചും വിശദീകരിച്ചുകൊടുക്കാനും ഷക്കീർ സമയം കണ്ടെത്തും. ഹോട്ടലിൽ എത്തുന്നവരിൽ പലരും മൊബൈലിൽ ചിത്രങ്ങൾ പകർത്തും. ചൂടൻ ചായയുമായി ചൂടുപിടിച്ച രാഷ് ട്രീയ ചര്‍ച്ചകള്‍ക്കുള്ള പ്രവാസി മലയാളികളുടെ സ്ഥിരംവേദിയാണ് 'സഖാവ്'. തെരഞ്ഞെടുപ്പുകാലത്തെ പ്രചാരണം കൊഴുപ്പിച്ച് മാരത്തൺ ചർച്ചകൾക്ക് ഇടമൊരുക്കിയ ഹോട്ടൽ മത്സരഫലത്തിന് കാത്തിരിപ്പിലായിരുന്നു. എന്നാൽ റമദാൻ കാലത്ത് എത്തിയ ഫലം വിലയിരുത്താൻ വൈകുന്നേരം നാലുമുതൽ ചർച്ച സജീവമാക്കാനുള്ള തയാറെടുപ്പ് പൂർത്തീകരിച്ചു ഷക്കീറും സഹപ്രവർത്തകരും.
2004 ലാണ് ഷക്കീർ അബൂദബിയിൽ എത്തുന്നത്. ആദ്യം അബൂദബി യൂനിവേഴ്സിറ്റിയിൽ ബിസിനസ് സപ്പോർട്ട് മാനേജറായും പിന്നീട് ബ്രിട്ടീഷ് ഇൻറർനാഷനൽ സ്കൂളിൽ കാമ്പസ് മാനേജർ, ദുബൈയിലെ അമേരിക്കൻ യൂനിവേഴ്സിറ്റിയിൽ ജനറൽ സർവിസസ് മാനേജർ, ഗ്രീൻഫീൽഡ് കമ്യൂണിറ്റി സ്കൂളിൽ ഫെസിലിറ്റി മാനേജർ, അബൂദബിയിലെ ഗവൺമെന്‍റ് കോൺടാക്ട് സെന്‍ററിൽ അഡ്മിനിസ്ട്രേഷൻ മാനേജർ എന്നീ നിലകളിൽ ജോലി ചെയ്തു. 2015ൽ ആദ്യമായി റീഗൾ എന്ന പേരിൽ ഒരു റസ്റ്റാറൻറ് തുടങ്ങി. ഭാര്യ ഷാജിത സഹായത്തിനുണ്ടായിരുന്നു. 2016 ൽ ഒരു കഫ്റ്റീരിയ കൂടി തുടങ്ങി. 2019ൽ ഈ കഫ്റ്റീരിയ ഹോട്ടലാക്കി മാറ്റിയാണ് സ്വന്തമായി ബിസിനസ് എന്ന സ്വപ്നത്തിന് തുടക്കമിട്ടത്. അതിന് പോരാളി എന്ന അർഥം വരുന്ന സഖാവ് എന്ന പേരിടാൻ തീരുമാനിക്കുകയായിരുന്നു. ഉയർന്ന ജോലികൾ ഒഴിവാക്കി ബിസിനസ് രംഗത്തേക്ക് കടക്കുമ്പോൾ അതൊരു പോരാട്ടമായാണ് ഷക്കീർ കണക്കാക്കിയത്. ഷക്കീറിനെ പോലെ കടയിലെ 17 ജീവനക്കാരും ഇടതു ചിന്താഗതിക്കാരായതിനാലാണ് കടയിൽ ആകെ ചുകപ്പ് മയവും ഇടതുനേതാക്കളുടെ ചിത്രങ്ങളും കവിതകളും കൊണ്ട് നിറഞ്ഞത്.
കച്ചവടത്തിനും രാഷ്ട്രീയത്തിനുമൊപ്പം ജീവകാരുണ്യ പ്രവർത്തനത്തിലുമുണ്ട് ഷക്കീർ. കേരളം പ്രളയത്തിൽ അകപ്പെട്ടപ്പോൾ മണ്ണാർക്കാട്, നെല്ലിയാമ്പതിയിൽ ഒന്നര ഏക്കർ ഭൂമിയാണ് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് ഷക്കീർ സംഭാവനയായി നൽകിയത്. മുഹമ്മദ് സയാൻ, ഇബ്രാഹിം സിയാദ്, ഹമദ് സഹീൻ, ഹാറൂൺ സിദാൻ എന്നിവർ മക്കളാണ്.
പുലർച്ചെ തുടങ്ങും പ്രവാസലോകത്തെ ആഘോഷം
ദുബൈ: നാട്ടുകാർക്ക് മാത്രമല്ല, പ്രവാസികൾക്കും ഇന്നലെ ഉറക്കമില്ലാത്ത രാത്രിയായിരുന്നു.രണ്ട് മാസമായി നടക്കുന്ന വോട്ടു ചർച്ചയുടെ കലാശപ്പോരാണ് ഇന്ന്. യു.എ.ഇ സമയം രാവിലെ 6.30 മുതൽ വോട്ടെണ്ണിത്തുടങ്ങും എന്നതിനാൽ പുലർച്ചെ മുതൽ ടി.വിക്ക് മുന്നിൽ കുത്തിയിരിപ്പായിരിക്കും പ്രവാസികൾ. നോമ്പുകാലമായതിനാൽ ഇടയത്താഴവും നമസ്കാരവും കഴിഞ്ഞാൽ ഉറങ്ങാതെ ഫലമറിയാൻ കാത്തിരിക്കും.
ആര് ജയിച്ചാലും ആഘോഷങ്ങൾക്ക് പരിധിയുണ്ട്. കൂട്ടം ചേരുന്നതിന് വിലക്കുള്ളതിനാൽ ഓൺലൈൻ ആഘോഷങ്ങളായിരിക്കും സംഘടിപ്പിക്കുക. ഞായറാഴ്ചയായതിനാൽ ഭൂരിപക്ഷം പ്രവാസികളും ജോലിസ്ഥലത്തായിരിക്കും.ഇവിടെയുള്ള ടി.വികളും കൈയിലുള്ള മൊബൈൽ ഫോണുകളുമായിരിക്കും ഫലമറിയാൻ ആശ്രയം. നാട്ടിലെ വാട്സ്ആപ് കൂട്ടായ്മകളിലെ വാദപ്രതിവാദങ്ങൾക്ക് മറുപടികൊടുക്കാൻ പ്രത്യേക സമയം കണ്ടെത്തേണ്ടിവരും. വാട്സ്ആപ് പോസ്റ്റുകളെല്ലാം ഇപ്പോഴേ തയാറാണ്. ഭൂരിപക്ഷം കൂടുന്നതനുസരിച്ച് ഇവ പുറത്തിറങ്ങിക്കൊണ്ടിരിക്കും. മലബാർ മേഖലയിലെ സ്ഥാനാർഥികൾക്കായി പോസ്റ്ററുകളും ട്രോളുകളും ദുബൈയിൽനിന്ന് കാര്യമായി ഒഴുകാറുണ്ട്.
വൈകുന്നേരം റൂമിൽ മടങ്ങിയെത്തിയ ശേഷമായിരിക്കും വാദപ്രതിവാദങ്ങളുടെ ബാക്കി. എക്സിറ്റ് പോളുകളുെട ചർച്ചയായിരുന്നു ഇന്നലെവരെ. എൽ.ഡി.എഫ് പ്രവർത്തകർക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ യു.ഡി.എഫ് പ്രവാസികൾ നന്നായി പാടുപെട്ടിരുന്നു.എക്സിറ്റ് പോളുകളെ മറികടക്കുന്ന ഫലം വരുമെന്നും അപ്പോൾ തിരിച്ചടിക്കാമെന്നുമുള്ള പ്രതീക്ഷയിലാണ് യു.ഡി.എഫ് അനുഭാവികൾ.അതേസമയം, തുടർഭരണം നേടി അവസാന ആണിയുമടിക്കാനുള്ള ഒരുക്കത്തിലാണ് എൽ.ഡി.എഫുകാർ.
'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.