വീപ്പകളിൽ ഒളിപ്പിച്ചുകടത്തിയ മയക്കുമരുന്ന് പിടികൂടി
text_fieldsദുബൈ: വീപ്പകളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം പിടികൂടി ദുബൈ കസ്റ്റംസ്. 40 വീപ്പകളിലായി എയർ കാർഗോ വഴി കടത്താൻ ശ്രമിച്ച 1100 കിലോ നിരോധിത ഗുളികയായ പ്രി ഗാബലിൻ ആണ് പിടികൂടിയത്.
അന്താരാഷ്ട്ര വിപണിയിൽ ഇതിന് ലക്ഷങ്ങൾ വില വരുമെന്നാണ് വിലയിരുത്തൽ. ദുബൈ വിമാനത്താവളത്തിലെ എയർ കാർഗോ ടെർമിനലിലെത്തിയ ഷിപ്മെന്റ് സംശയം തോന്നിയതിനെത്തുടർന്ന് ദുബൈ കസ്റ്റംസ് വിഭാഗം നൂതനവും ശാസ്ത്രീയവുമായ പരിശോധനകൾക്ക് വിധേയമാക്കിയപ്പോഴാണ് നിരോധിച്ച ഗുളികകൾ വീപ്പകളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഷിപ്മെന്റിന്റെ രേഖകൾ പരിശോധിച്ചതിൽ പിഴവ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ സമഗ്രമായ പരിശോധനക്കൊടുവിലാണ് മയക്കുമരുന്ന് ഗുളികകളാണെന്ന് തിരിച്ചറിഞ്ഞത്.
ഇതോടെ, ദുബൈ പൊലീസിന്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിനെ ദുബൈ കസ്റ്റംസ് വിവരം അറിയിക്കുകയും നിയമ നടപടികൾക്കായി കൈമാറുകയും ചെയ്തു. കൂടാതെ, ദുബൈ കസ്റ്റംസ്, ദുബൈ പൊലീസ് എന്നീ വകുപ്പുകളിലെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ പ്രതികളെന്ന് സംശയിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ലിറിക്ക എന്ന ബ്രാൻഡ് നെയിമിൽ അറിയപ്പെടുന്ന പ്രി ഗാബലിൻ ഗുളികകൾ അപസ്മാരം, മാനസിക സമ്മർദം, നാഡീസംബന്ധമായ വേദന തുടങ്ങിയ രോഗങ്ങൾക്കാണ് ഉപയോഗിക്കുന്നത്. ഡോക്ടർമാരുടെ കർശനമായ മേൽനോട്ടത്തിൽ മാത്രമേ ഇത് ഉപയോഗിക്കാൻ പാടുള്ളൂ. യു.എ.ഇയിൽ പ്രി ഗാബലിൻ ഗുളികകൾക്ക് നിരോധനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.