ഇന്നസെന്റിന്റെ നിര്യാണം: പ്രവാസലോകത്ത് അനുശോചനം
text_fieldsദുബൈ: ഇന്നസെന്റിന്റെ നിര്യാണത്തിൽ പ്രവാസലോകത്തെ വിവിധ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയിലെ അവിഭാജ്യഘടകമായിരുന്നു അദ്ദേഹമെന്ന് ഓർമ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പ്രേക്ഷകമനസ്സിൽ നിറഞ്ഞുനിൽക്കുന്ന എണ്ണിയാൽ ഒടുങ്ങാത്ത കഥാപാത്രങ്ങളിലൂടെ ഇന്നസെന്റ് മലയാളികളുടെ മനസ്സിൽ എന്നും ജീവിക്കും. രോഗബാധിതനായി ഹോസ്പിറ്റലിൽ കഴിയുമ്പോൾ എഴുതിയ ‘കാൻസർ വാർഡിലെ ചിരി’ ഏറെ ഹൃദ്യമാണ്.
ഏതുസമയത്തും ഏതുവിഷയം അവതരിപ്പിക്കുമ്പോഴും അദ്ദേഹം ചിരിയിൽ ചാലിച്ചാണ് അവതരിപ്പിക്കുക. ചാലക്കുടി ലോക്സഭാമണ്ഡലത്തിൽ നടപ്പിലാക്കിയ നിരവധി പദ്ധതികൾ കേരളമാകെ ചർച്ച ചെയ്യപ്പെട്ടു. എം.പി ആയിരുന്ന സമയം ആരോഗ്യമേഖലയിൽ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. അദ്ദേഹത്തിന്റെ മരണം സിനിമാമേഖലക്കും പൊതുരംഗത്തിനും തീരാനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ഓർമ സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
മുൻ പാർലമെന്റ് അംഗവും മലയാള സിനിമാരംഗത്തെ അതുല്യപ്രതിഭയുമായിരുന്ന ഇന്നസെന്റിന്റെ മരണത്തിൽ ജനത കൾചറൽ സെന്റർ (ജെ.സി.സി) ഓവർസീസ് കമ്മിറ്റിയുടെ ദുഃഖം രേഖപ്പെടുത്തി. പൊതുരംഗത്തിനും മലയാളസിനിമക്കും കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. ഇന്നസെന്റിനെ സ്നേഹിക്കുന്ന മുഴുവനാളുകളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അവർ അറിയിച്ചു. നിര്യാണത്തിൽ ഓവർസീസ് എൻ.സി.പി യു.എ.ഇ കമ്മിറ്റി ആദരാഞ്ജലി അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.