കോടിയേരിയുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം
text_fieldsദുബൈ: കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ പ്രവാസ ലോകത്തും അനുശോചന പ്രവാഹം തുടരുന്നു. വിവിധ സംഘടനകൾ യോഗം ചേരുകയും അനുശോചന പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. നിരവധി നേതാക്കൾ നാട്ടിലെത്തിയിട്ടുണ്ട്.
ചേതന റാസല്‍ഖൈമ
ജനങ്ങളുമായി സൗമ്യമായി ഇടപെടുന്ന നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് ചേതന റാസല്‍ഖൈമ അനുശോചന കുറിപ്പില്‍ അഭിപ്രായപ്പെട്ടു. പ്രസ്ഥാനത്തിനെതിരെ വരുന്ന വിമര്‍ശനങ്ങളെ ആര്‍ജവത്തോടെ നേരിട്ട അദ്ദേഹം ഇടതു മതനിരപേക്ഷ രാഷ്ട്രീയത്തിന്‍റെ ശക്തനായ വക്താവും പാര്‍ട്ടിയെ ജീവവായുവായി കരുതി ജീവിതം പാര്‍ട്ടിക്കായി സമര്‍പ്പിച്ച നേതാവുമായിരുന്നു. പ്രവാസികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹാരം കെണ്ടത്തുന്നതിനും യത്നിച്ച നേതാവായിരുന്നു കോടിയേരിയെന്നും അനുശോചന കുറിപ്പ് തുടര്‍ന്നു.
യു.എ.ഇ കെ.എം.സി.സി
കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ യു.എ.ഇ കെ.എം.സി.സി അനുശോചിച്ചു. രാഷ്ട്രീയ നേതാക്കളിൽ വേറിട്ടുനിന്ന ആളായിരുന്നു കൊടിയേരി. ഓരോ പാർട്ടിയുടെയും നേതാക്കൾക്ക് നാം മനസ്സിൽ ഒരു രൂപവും ഭാവവും സങ്കല്പിക്കും. ഓരോരുത്തരെ വ്യക്തിപരമായി അറിയുമ്പോഴാണ് അവരെ വേറിട്ടറിയുക. സി.പി.എം നേതാക്കളെ കുറിച്ചുള്ള മുൻ വിധി തിരുത്തുന്ന സ്വഭാവവും വ്യക്തിത്വവും പെരുമാറ്റവുമായിരുന്നു കൊടിയേരി ബാലകൃഷ്ണന്‍റേത്. രാഷ്ട്രീയമായി വ്യത്യസ്ത ചേരിയില്‍ ഇരിക്കുന്നപ്പോഴും കൊടിയേരിയെ ഇഷ്ടപെടാതിരിക്കാന്‍ മലയാളിക്ക് പറ്റുമായിരുന്നില്ല. സഖാവ് വേഗം സുഖംപ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെവരുമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. അതുണ്ടായില്ല എന്നത് വേദനാജനകമാണ്. കേരളം കണ്ട വ്യത്യസ്തനായ കമ്യൂണിസ്റ്റ് നേതാവിന് അന്തിമോപചാരം അർപ്പിക്കുന്നുവെന്നും പ്രസിഡന്‍റ് പുത്തൂർ റഹ്‌മാൻ, വർക്കിങ് പ്രസിഡന്‍റ് അബ്ദുല്ല ഫാറൂഖി, ജനറൽ സെക്രട്ടറി അൻവർ നഹ, ട്രഷറർ നിസാർ തളങ്കര എന്നിവർ പറഞ്ഞു.
യു.എ.ഇ ഐ.എം.സി.സി
കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗം കേരളത്തിന് തീരാനഷ്ട്ടമാണെന്ന് ഐ.എം.സി.സി യു.എ.ഇ സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് കുഞ്ഞാവുട്ടി ഖാദർ, ജനറൽ സെക്രട്ടറി പി.എം. ഫാറൂഖ്, ട്രഷറർ അനീഷ് റഹ്മാൻ നീർവേലി എന്നിവർ അഭിപ്രായപ്പെട്ടു. മതേതര കേരളത്തിന് കോടിയേരി നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്നും ഇന്നത്തെ രാഷ്ട്രീയത്തിൽ കോടിയേരിയുടെ സാന്നിധ്യം അനിവാര്യമായിരുന്നുവെന്നും ഐ.എം.സി.സി നേതാക്കൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തില്‍ ഐ.എം.സി.സി കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കോടിയേരിയുടെ കുടുംബത്തിന്‍റെയും പ്രസ്ഥാനത്തിന്‍റേയും സഹപ്രവര്‍ത്തകരുടേയും ദുഃഖത്തില്‍ പങ്കുചേരുന്നതായും ഐ.എം.സി.സി ഭാരവാഹികളായ റഷീദ് താനൂര്‍, ഹസ്സന്‍ വടക്കന്‍, നൗഫല്‍ നടുവട്ടം, കാദര്‍ എടപ്പാള്‍, റിയാസ് കൊടുവള്ളി, റാഷിദ് ഹദ്ദാദ്, ഹമീദ് ചെങ്കള, അനീഷ് മുഹമ്മദ്, അബ്ദുല്‍ കാദര്‍ വള്ളികുന്ന്, ബഷീര്‍ താനൂര്‍, നിസാം തൃക്കരിപ്പൂര്‍, സഹീര്‍ ആറങ്ങാടി, ആഷിക് മലപ്പുറം, മജീദ് ഫുജൈറ, ഷൗക്കത്ത് അലി, അഷറഫ് ഫുജൈറ, അബ്ദുല്ല ഫുജൈറ, സലിക് റാസല്‍ ഖൈമ, നിസാം തിരുവനന്തപുരം എന്നിവർ സംസാരിച്ചു.
ഓവർസീസ് എൻ.സി.പി
കേരള രാഷ്ട്രീയ സമര ചരിത്രങ്ങളിൽ അവിസ്മരണീയനായ വീരനായകനാണ് കോടിയേരിയെന്ന് ഓവർസീസ് എൻ.സി.പി യു.എ.ഇ കമ്മിറ്റി. 17ാം വയസ്സിൽ പാർട്ടി മെമ്പർഷിപ്പോടെ കേരള രാഷ്ട്രീയത്തിൽ സി.പി.എമ്മിന്‍റെ പടയോട്ടത്തിൽ മുൻ നിരയിൽ നയിച്ചയാളാണ് കോടിയേരി. പാർട്ടിയുടെ ചോദ്യം ചെയ്യപ്പെടാത്ത നേതൃസ്ഥാനത്തേക്ക് ഉയർന്ന അദ്ദേഹം കേരളനിയമസഭയിലെ തിളങ്ങുന്ന നക്ഷത്രമായിരുന്നുവെന്നും അവർ പറഞ്ഞു.
കേരള സോഷ്യല്‍ സെന്‍റര്‍
അബൂദബി കേരള സോഷ്യല്‍ സെന്‍റര്‍ അനുശോചനം രേഖപ്പെടുത്തി. കേരളത്തിന്‍റെ സാമൂഹിക പൊതു പ്രവര്‍ത്തന രംഗത്തും ഭരണ രംഗത്തും നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തിന്‍റെ അകാല വേര്‍പാട് കേരളത്തിന്‍റെ പൊതു സമൂഹത്തിന് തീരാനഷ്ടമാണെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
വടകര എന്‍.ആര്‍.ഐ ഫോറം
മുന്‍ ആഭ്യന്തര മന്ത്രിയും വടകര എന്‍.ആര്‍.ഐ ഫോറത്തിന്‍റെ മുന്‍ രക്ഷാധികാരിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗത്തില്‍ വടകര എന്‍.ആര്‍.ഐ. ഫോറം അബൂദബി അനുശോചിച്ചു.
മലബാർ പ്രവാസി
മലബാർ പ്രവാസി യു.എ.ഇ കമ്മിറ്റി അനുശോചിച്ചു. ആഭ്യന്തര മന്ത്രി എന്ന നിലയിൽ കേരള സംസ്ഥാനത്തിന്‍റെ ക്രമസമാധാന പരിപാലനത്തിന് അദ്ദേഹം ചെയ്ത സേവനങ്ങൾ നിസ്തുലമാണ്. പൊലീസ് സേനയിൽ സമൂല മാറ്റങ്ങളുണ്ടായതും ഇക്കാലയളവിലാണ്. അദ്ദേഹം വിഭാവനം ചെയ്ത ജന മൈത്രി പൊലീസ് സാധാരണ ജനതയെ പൊലീസുമായി അടുപ്പിക്കാൻ ഏറെ ശ്രദ്ധേയമായ ചുവടു വെയ്പായി. യു.എ.ഇ സന്ദർശന വേളയിൽ മലബാർ വികസന വിഷയങ്ങളുമായി നേരിട്ട് കണ്ടപ്പോഴെല്ലാം അനുഭാവപൂർണമായ സമീപനമാണ് സ്വീകരിച്ചത്.
മലബാർ പ്രവാസി പ്രസിഡന്‍റ് ജമീൽ ലത്തീഫ്, മോഹൻ എസ് വെങ്കിട്ട്, അഷ്‌റഫ് താമരശ്ശേരി, അൻവർ നഹ, സി.കെ. റിയാസ്, ഫൈസൽ മലബാർ, അഡ്വ. മുഹമ്മദ് സാജിദ്, രാജൻ കൊളാവിപാലം, ബി.എ. നാസർ, രാജു മേനോൻ, ജെയിംസ് മാത്യു, ഡോ. ബാബു റഫീഖ്, ശരീഫ് കാരശ്ശേരി, മുഹമ്മദ് അലി തുടങ്ങിയവർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.