അധ്യക്ഷ തെരഞ്ഞെടുപ്പ് സംസ്ഥാന കോൺഗ്രസിൽ ആശയക്കുഴപ്പം
text_fieldsതിരുവനന്തപുരം: അധ്യക്ഷ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ സംസ്ഥാന കോൺഗ്രസിൽ ആശയക്കുഴപ്പം. പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഹൈകമാൻഡ് പിന്തുണയുള്ള സ്ഥാനാർഥി മല്ലികാർജുൻ ഖാർഗെയെ പരസ്യമായി പിന്തുണച്ചപ്പോൾ അധ്യക്ഷ തെരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് കെ.പി.സി.സി പറയില്ലെന്നും യുക്തിക്കനുസരിച്ച് തീരുമാനിക്കാമെന്നും പ്രസിഡന്റ് കെ. സുധാകരൻ നിലപാടെടുത്തു.
തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചാല്‍ നാമനിർദേശ പത്രികയില്‍ ഒപ്പിടാന്‍ കേരളത്തില്‍നിന്ന് ഒരാളെപ്പോലും കിട്ടില്ലെന്ന സംസ്ഥാന നേതാക്കളുടെ അവകാശവാദം പൊളിഞ്ഞതിന് പിന്നാലെയാണ് നേതൃനിരയിൽ ആശയക്കുഴപ്പം ഉടലെടുത്തിരിക്കുന്നത്.
ഹൈകമാൻഡിന്റെ മനസ്സ് വ്യക്തമായാൽ അതിനനുസരിച്ച് ഒറ്റക്കെട്ടായി നിൽക്കുന്നതാണ് കേരള നേതാക്കൾ ഇതുവരെ സ്വീകരിച്ചിരുന്ന സമീപനം. പേക്ഷ, ഇത്തവണ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പോടെ അതിന് മാറ്റം സംഭവിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ കേരളത്തിൽനിന്ന് വോട്ടവകാശമുള്ള മുന്നൂറിലേറെ വോട്ടുകളിൽ ബഹുഭൂരിപക്ഷവും ഖാർഗെക്ക് ലഭിക്കാമെങ്കിലും തരൂരിനും പ്രതീക്ഷ നൽകുന്നതാണ് നിലവിലെ ചിത്രം.
മുതിർന്ന നേതാക്കളായ സതീശനും ചെന്നിത്തലയും ഖാർെഗയെ പിന്തുണച്ചെങ്കിലും യുവനേതാക്കളിൽ പലരും തരൂരിനോടുള്ള മാനസിക ഐക്യം പ്രകടമാക്കുന്നു. തരൂരിന്റെ പത്രികയിൽ ഒപ്പിട്ട ശബരീനാഥന് പിന്നാലെ ഹൈബി ഈഡൻ എം.പി തരൂരിന്റെ ചിത്രം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത് ധാർമിക പിന്തുണ പരസ്യമാക്കി. മാത്രമല്ല, തരൂരിന്റെ നാമനിർദേശ പത്രികയിൽ കേരളത്തിൽനിന്ന് മുതിർന്ന നേതാക്കളും യുവാക്കളും ഉൾപ്പെടെ 15 പേരാണ് ഒപ്പുവെച്ചത്.
ഹൈകമാൻഡിന്റെ സ്ഥാനാർഥി ഖാർഗെയായതിനാലാണ് പ്രതിപക്ഷനേതാവ് ഉൾപ്പെടെ പരസ്യപിന്തുണയുമായി രംഗത്തെത്തിയത്. എന്നാൽ, നിഷ്പക്ഷമായ തെരഞ്ഞെടുപ്പിൽ ഏതെങ്കിലുമൊരു സ്ഥാനാർഥിയെ പിന്തുണക്കുന്നത് കെ.പി.സി.സി പ്രസിഡന്റെന്ന നിലയിൽ ശരിയല്ലെന്നാണ് സുധാകരന്റെ നിലപാട് സംബന്ധിച്ച് അദ്ദേഹത്തിന്റെ വിശ്വസ്തർ നൽകുന്ന വിശദീകരണം.
തരൂരിന്റെ മത്സരത്തെ ഹൈകമാൻഡ് തള്ളിപ്പറയാത്തതിനാൽ അദ്ദേഹത്തിന്റെ പത്രികയിൽ ഒപ്പുവെച്ചതിൽ കുഴപ്പമില്ലെന്നാണ് പൊതുവേ നേതാക്കളുടെ നിലപാട്. തരൂരിനെ പിന്തുണച്ചവരിൽ സംസ്ഥാന കോൺഗ്രസിലെ വ്യത്യസ്ത ഗ്രൂപ്പുകളിലുള്ളവരുണ്ട്. അതേസമയം, വോട്ടിങ്ങിൽ ഹൈകമാൻഡിന്റെ ഇംഗിതത്തിനൊപ്പം നിൽക്കണമെന്ന വികാരമാണ് മുതിർന്ന നേതാക്കളെല്ലാം പങ്കുവെക്കുന്നത്. അതോടൊപ്പം നിൽക്കാൻ സംസ്ഥാനത്തുനിന്ന് എല്ലാവരും തയാറാകുമെന്ന് ഇപ്പോഴത്തെ അവസ്ഥയിൽ കരുതാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.