തിരക്കിലമരാൻ ദുബൈ വിമാനത്താവളം
text_fieldsദുബൈ: വരും ദിവസങ്ങളിൽ ദുബൈ വിമാനത്താവളത്തിൽ വൻ തിരക്ക് അനുഭവപ്പെടുമെന്ന് എയർപോർട്ട് അതോറിറ്റിയുടെ മുന്നറിയിപ്പ്. മാസാവസാനം യാത്ര പ്ലാൻ ചെയ്യുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. ആഗോള തലത്തിൽ നടക്കുന്ന വിവിധ പരിപാടികളും സ്കൂൾ അവധി ദിനങ്ങളും ഒരുമിച്ച് വരുന്നതാണ് തിരക്ക് വർധിക്കാൻ കാരണം. ഈ മാസം 20 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ 25 ലക്ഷം യാത്രക്കാരെയാണ് ദുബൈ വിമാനത്താവളത്തിൽ പ്രതീക്ഷിക്കുന്നത്. പ്രതിദിനം ശരാശരി 280,000 പേർ വിമാനത്താവളത്തിലൂടെ വന്നുപോകുമെന്നാണ് കരുതുന്നത്. ഇതിൽ ഏറ്റവും കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്ന ഫെബ്രുവരി 22 ശനിയാഴ്ചയാണ്. ഈ ദിവസം 295,000 യാത്രക്കാർ എത്തുമെന്നാണ് പ്രതീക്ഷയെന്ന് ഡി.എക്സ്.ബി അധികൃതർ അറിയിച്ചു.
തിരക്ക് കണക്കിലെടുത്ത് വിമാനത്താവളത്തിലേക്കും തിരിച്ചും ടെർമിനലുകൾ ഒന്നിനും മൂന്നിനും ഇടയിലുള്ള ദുബൈ മെട്രോ ഉപയോഗിക്കണമെന്നും യാത്രക്കാരോട് അധികൃതർ അഭ്യർത്ഥിച്ചു. ഫെബ്രുവരി 21 മുതൽ അറൈവൽ ഭാഗത്തുള്ള ബസ് സ്റ്റോപ്പ് പ്രവർത്തന രഹിതമാണ്. ഇവിടെ എത്തുന്ന യാത്രക്കാർക്ക് ദുബൈ റോഡ് ഗതാഗത അതോറിറ്റി ബദൽ യാത്ര സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങൾ ആർ.ടി.എയുടെ വെബ്സൈറ്റിൽ തൽസമയം ലഭ്യമാണ്. തിരക്ക് കുറക്കാൻ നേരത്തെ പുറപ്പെടുകയും ഓൺലൈൻ ചെക്ക് ഇൻ സൗകര്യങ്ങൾ ഉപയോഗിക്കുകയും ചെയ്യാം.
എമിറേറ്റ്സ്, എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെയുള്ള വിമാന കമ്പനികൾ വിവിധ സ്ഥലങ്ങളിൽ ഓൺലൈനായി ചെക് ഇൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം ബന്ധുക്കളുടെ യാത്രയയപ്പുകൾ വിമാനത്താവളത്തിൽ നടത്താതെ വീടുകളിൽ വെച്ച് തന്നെ നടത്തണമെന്നും അധികൃതർ നിർദേശിച്ചു. തിരക്കേറിയ സമയങ്ങളിൽ ടെർമിനലിനകത്തേക്ക് യാത്രക്കാരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. വരു ദിവസങ്ങളിലും വിമാനത്താവള യാത്രക്കാരുടെ എണ്ണം കൂടുന്നതിനാൽ റോഡുകളിൽ ട്രാഫിക് ബ്ലോക്കിനും സാധ്യതയേറെയാണ്. ഇത് മുൻകൂട്ടി കണ്ട് നേരത്തെ പുറപ്പെടുന്നത് യാത്ര മുടങ്ങാതിരിക്കാൻ സഹായകമാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.