യു.എ.ഇയുടെ ഏഷ്യൻ ഗെയിംസ് താരങ്ങളെ അനുമോദിച്ചു
text_fieldsദുബൈ: ഏഷ്യൻ ഗെയിംസിലും ഏഷ്യൻ പാരാ ഗെയിംസിലും മികച്ച പ്രകടനം കാഴ്ചവെച്ച് യു.എ.ഇക്ക് വേണ്ടി 31 മെഡലുകൾ നേടിയ അത്ലറ്റുകളെ അനുമോദിച്ചു. ദുബൈ രണ്ടാം ഡെപ്യൂട്ടി ഭരണാധികാരിയും യു.എ.ഇ ദേശീയ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് താരങ്ങളെ ആദരിച്ചത്. കഴിഞ്ഞ മാസം ചൈനയിലെ ഹാങ്ഷൂവിലാണ് ഗെയിംസ് മത്സരങ്ങൾ നടന്നത്. ദേശീയ ഒളിമ്പിക് കമ്മിറ്റി സംഘടിപ്പിച്ച അനുമോദന ചടങ്ങ് ദുബൈ എമിറേറ്റ്സ് ടവേഴ്സിലാണ് നടന്നത്.
ദേശീയ പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും കായിക രംഗത്ത് ആഗോള തലത്തിൽ മുന്നേറുന്നതിനും രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ശൈഖ് അഹമ്മദ് ചടങ്ങിൽ പറഞ്ഞു. പ്രാദേശിക, ആഗോള തലങ്ങളിലെ മത്സരങ്ങളിൽ യു.എ.ഇ അത്ലറ്റുകളുടെ ശ്രദ്ധേയമായ നേട്ടം അഭിനന്ദനാർഹമാണ്. ഏഷ്യൻ ഗെയിംസിലെ അത്ലറ്റുകളുടെ ശ്രദ്ധേയമായ നേട്ടം ഓർമയിൽ ശാശ്വതമായി നിലനിൽക്കും -അദ്ദേഹം പറഞ്ഞു. ഏഷ്യൻ പാരാ ഗെയിംസിന്റെ നാലാം പതിപ്പിൽ 11 മെഡലുകൾ നേടാനായത് ഇച്ഛാശക്തിയും അർപ്പണബോധവും പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ദേശീയ ഒളിമ്പിക് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റുമാരായ ശൈഖ് റാശിദ് ബിൻ ഹുമൈദ് അൽ നുഐമി, ഡോ. അഹമ്മദ് ബൽഹൂൽ അൽ ഫലാസി, കമ്മിറ്റി സെക്രട്ടറി ജനറൽ ഫാരിസ് അൽ മുതവ എന്നിവർ പങ്കെടുത്തു.
ഏഷ്യൻ ഗെയിംസിൽ 20 വ്യക്തിഗത, ടീം കായിക ഇനങ്ങളിൽ യു.എ.ഇ പങ്കെടുത്തിരുന്നു. 102 പുരുഷന്മാരും 38 വനിതാ അത്ലറ്റുകളും ഉൾപ്പെടെ മൊത്തം 140 അത്ലറ്റുകളാണ് പങ്കാളികളായത്. അഞ്ച് സ്വർണവും അഞ്ച് വെള്ളിയും 10 വെങ്കലവും ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി 20 മെഡലുകൾ നേടുകയും ചെയ്തു.
ഏഷ്യൻ പാരാ ഗെയിംസിന്റെ നാലാം പതിപ്പിൽ എട്ട് കായിക ഇനങ്ങളിലായി 41 അത്ലറ്റുകൾ യു.എ.ഇയെ പ്രതിനിധീകരിച്ചു. നാല് സ്വർണവും നാല് വെള്ളിയും മൂന്ന് വെങ്കലവും ഉൾപ്പെടെ ആകെ 11 മെഡലുകൾ നേടിയാണ് സംഘം തിരിച്ചെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.