കോൺഗ്രസ് 139ാം ജന്മദിനം: ശ്രദ്ധേയമായി ഇൻകാസ് ‘ജയ്ഹിന്ദ്’
text_fieldsഷാർജ: ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ 139ാം ജന്മദിനം ‘ജയ്ഹിന്ദ്’ എന്ന പേരിൽ വിപുലമായ പരിപാടികളോടെ ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു. ഇൻകാസ് ഷാർജ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ രാവിലെ നടന്ന പഠനക്യാമ്പ് ഇൻകാസ് യു.എ.ഇ വർക്കിങ് പ്രസിഡന്റ് ടി.എ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
‘കോൺഗ്രസിന്റെ ചരിത്രവും ഇന്ത്യയുടെ വർത്തമാനവും’ എന്ന വിഷയത്തിൽ കെ.പി.സി.സി ജന. സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ക്ലാസെടുത്തു. ഇൻകാസ് ഷാർജ പ്രസിഡന്റ് കെ.എം അബ്ദുൽ മനാഫ് അധ്യക്ഷതവഹിച്ചു. ഇൻകാസ് ഷാർജ വർക്കിങ് പ്രസിഡന്റ് രഞ്ജൻ ജേക്കബ് സംസാരിച്ചു. ജന. സെക്രട്ടറി പി. ഷാജിലാൽ സ്വാഗതവും ട്രഷറർ റോയ് മാത്യു നന്ദിയും പറഞ്ഞു. തെരെഞ്ഞെടുക്കപ്പെട്ട 200 ലധികം പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു.
കുട്ടികൾക്കായി പെൻസിൽ ഡ്രോയിങ്, കളറിങ്, പ്രസംഗം എന്നീ മത്സരങ്ങൾ നടന്നു. നൂറിലധികം കുട്ടികൾ പങ്കാളികളായി. തിരുവാതിരക്കളി, മർഗംകളി, ഒപ്പന, മറ്റു കലാപരിപാടികൾ എന്നിവ അരങ്ങേറി. ഡോക്യുമെന്ററി പ്രദർശനവും നടത്തി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ആസ്പദമാക്കി വിനോദ് പട്ടുവം സംവിധാനം ചെയ്ത് ഇൻകാസ് പ്രവർത്തകർ അഭിനയിച്ച ‘സബർമതിയിലേക്ക് വീണ്ടും’ ദൃശ്യാവിഷ്ക്കാരം അരങ്ങേറി.
സംസ്കാരിക സമ്മേളനം കെ.പി.സി.സി ജന. സെക്രട്ടറി എം.എം. നസീർ ഉദ്ഘാടനം ചെയ്തു. ഇൻകാസ് ഷാർജ പ്രസിഡന്റ് കെ.എം. അബ്ദുൽ മനാഫ് അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജന. സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, ഇൻകാസ് യു.എ.ഇ ജന. സെക്രട്ടറി എസ്.എം. ജാബിർ, ട്രഷറർ ബിജു എബ്രഹാം എന്നിവർ സംസാരിച്ചു. പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന ഇൻകാസ് സീനിയർ നേതാവ് ബാബു വർഗീസിന് ചടങ്ങിൽ യാത്രയയപ്പ് നൽകി.
മുതിർന്ന നേതാക്കളായ അഡ്വ. വൈ.എ. റഹീം, വി. നാരായണൻ നായർ, ടി.എ. രവീന്ദ്രൻ, കെ. ബാലകൃഷ്ണൻ എന്നിവരെയും സാമൂഹിക പ്രവർത്തകരായ എം. ഹരിലാൽ, എ.വി. മധു എന്നിവരെയും ആദരിച്ചു. ജന. സെക്രട്ടറി നവാസ് തേക്കട സ്വാഗതവും ട്രഷറർ റോയ് മാത്യു നന്ദിയും പറഞ്ഞു. ഇൻകാസ് കേന്ദ്ര-സംസ്ഥാന ഭാരവാഹികൾ ചടങ്ങിൽ സംബന്ധിച്ചു. പിന്നണിഗായകൻ അജയ് ഗോപാൽ, നാരായണി ഗോപൻ എന്നിവർ നയിച്ച ഗാനമേളയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.