കോൺഗ്രസ് ജന്മദിനാഘോഷം ‘ജയ്ഹിന്ദ്’ നാളെ
text_fieldsഷാർജ: ഇൻകാസ് ഷാർജ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ 139ാം ജന്മദിനാഘോഷം ‘ജയ്ഹിന്ദ്’ എന്ന പേരിൽ വിപുലമായ പരിപാടികളോടെ ജനുവരി നാല് ശനിയാഴ്ച ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റി ഹാളിൽ വെച്ച് നടക്കും. രാവിലെ ഒമ്പതിന് പഠന ക്യാമ്പോടെ പരിപാടിക്ക് തുടക്കമാകും.
‘കോൺഗ്രസിന്റെ ചരിത്രവും ഇന്ത്യയുടെ വർത്തമാനവും’ എന്ന വിഷയത്തിൽ കെ.പി.സി.സി ജന. സെക്രട്ടറി ആര്യാടൻ ഷൗക്കത്തും തുടർന്ന് ‘വർത്തമാനകാല രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പുനർനിർവചനം’ എന്ന വിഷയത്തിൽ ഡോ. മാത്യു കുഴൽനാടൻ എം.എൽ.എയും ക്ലാസെടുക്കും. 14 ജില്ലകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട 200 പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കും. ഉച്ചക്ക് രണ്ടിന് കുട്ടികൾക്കായി പെൻസിൽ ഡ്രോയിങ്, പെയിൻറിങ്, പ്രസംഗം എന്നീ മത്സരങ്ങൾ നടക്കും. വൈകീട്ട് അഞ്ച് മണി മുതൽ തിരുവാതിര, ഒപ്പന, മാർഗംകളി തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറും. ആറ് മണിക്ക് നടക്കുന്ന സംസ്കാരിക സമ്മേളനത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡോ. മാത്യു കുഴൽനാടൻ എം.എൽ എ, കെ.പി.സി.സി ജന. സെക്രട്ടറി എം.എം. നസീർ, സന്ദീപ് വാര്യർ തുടങ്ങിയവർ പങ്കെടുക്കും. ഷാർജ ഇൻകാസ് പ്രസിഡന്റ് കെ.എം. അബ്ദുൽ മനാഫ് അധ്യക്ഷത വഹിക്കും. ഇൻകാസ് കേന്ദ്ര-സംസ്ഥാന നേതാക്കൾ സംബന്ധിക്കും.
തുടർന്ന് എട്ട് മണിക്ക് വിനോദ് പട്ടുവം സംവിധാനം ചെയ്ത് ഇൻകാസ് പ്രവർത്തകർ അണിയിച്ചൊരുക്കുന്ന ‘സബർമതിയിലേക്ക് വീണ്ടും’ എന്ന ദൃശ്യാവിഷ്കാരം അരങ്ങേറും. 8.30ന് ചലച്ചിത്ര പിന്നണി ഗായകരായ അജയ് ഗോപാൽ, നാരായണി ഗോപൻ എന്നിവർ നയിക്കുന്ന സംഗീത നിശയോടെ പരിപാടി സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.