അബൂദബിയിൽ ഏകീകൃത ടിക്കറ്റ് നിരക്ക് പ്രാബല്യത്തിൽ
text_fieldsഅബൂദബി: എമിറേറ്റിൽ നഗരങ്ങളിലും നഗരപ്രാന്ത പ്രദേശങ്ങളിലും പൊതു ഗതാഗതത്തിന് ഏകീകരിച്ച ടിക്കറ്റ് നിരക്ക് ഫെബ്രുവരി 28 മുതല്‍ നിലവില്‍ വന്നു. രണ്ടു ദിര്‍ഹമാണ് അടിസ്ഥാന നിരക്ക്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും അഞ്ച് ഫില്‍സ് വീതം ഈടാക്കുമെന്ന് സംയോജിത ഗതാഗതകേന്ദ്രം അറിയിച്ചു.
പൊതുഗതാഗതം ഉപഭോക്തൃ സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഏകീകൃത ന്യായനിരക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യം നല്കുന്ന രണ്ട് ദിര്‍ഹമിന്റെ ബോര്‍ഡിങ് ഫീസ് ഉപയോഗിച്ച് സര്‍വിസുകളില്‍ മാറിമാറി ഉപയോഗിക്കാമെന്നാണ് ഏറ്റവും വലിയ സവിശേഷത. എന്നാൽ, അവസാന യാത്ര കഴിഞ്ഞ് 60 മിനിറ്റിനുള്ളിൽ അടുത്ത യാത്ര ആരംഭിക്കണം. യാത്രയുടെ എതിര്‍ദിശയിലുള്ള ബസില്‍ കയറാൻ പാടില്ല.
ആദ്യയാത്രക്ക് ശേഷം പരമാവധി രണ്ടുബസുകളിലേ മാറിക്കയറാനാവൂ. അബൂദബി ലിങ്ക് സര്‍വിസിലും പൊതു ഗതാഗത ബസ് അടിസ്ഥാന സര്‍വിസുകളിലും മാത്രമെ മാറിക്കയറാന്‍ പാടുള്ളൂ. കയറിയ പോയന്റില്‍നിന്ന് ഇറങ്ങിയ പോയന്റുവരെ ചെയ്ത ദൂരം അടിസ്ഥാനമാക്കിയാണ് യാത്രാനിരക്ക് കണക്കാക്കുന്നത്. യാത്ര ആരംഭിക്കുമ്പോഴും ഇറങ്ങുമ്പോഴും റീഡറില്‍ ഹഫിലാത്ത് കാര്‍ഡ് ടാപ് ചെയ്യണം.
ഒറ്റയാത്രയാണെന്ന് തിരിച്ചറിയുന്നതിനാണിത്. കാര്‍ഡ് ടാപ് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ പിഴ ഈടാക്കും. അബൂദബി, അല്‍ഐന്‍, അല്‍ധഫ്ര എന്നിവിടങ്ങളിലെ നഗര, നഗരപ്രാന്ത സര്‍വിസുകളില്‍ (ഇന്റര്‍സിറ്റി സര്‍വിസുകള്‍ ഒഴികെയുള്ള) പാസുകള്‍ ലഭ്യമാണ്.
7 ദിവസത്തെ പാസിന് 35 ദിര്‍ഹമാണ് വില. 30 ദിവസത്തെ പാസിന് 95 ദിര്‍ഹവും. മുമ്പ് അനുവദിച്ച പാസുകള്‍ നിര്‍ത്തലാക്കി ഫെബ്രുവരി 28 മുതല്‍ പുതിയ പാസുകള്‍ അനുവദിച്ചുതുടങ്ങിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാരുടെയും നിശ്ചയദാര്‍ഢ്യ പൗരന്മാര്ക്കും അവരുടെ കൂട്ടുയാത്രികനുമുള്ള വാര്‍ഷിക പാസുകള്‍ക്കും 500 ദിര്‍ഹമുള്ള വിദ്യാര്‍ഥികളുടെ വാര്‍ഷിക പാസ് നിരക്കിലും മാറ്റമില്ല.
ഫെബ്രുവരി 28ന് മുമ്പ് വിതരണം ചെയ്ത പാസുകള്‍ അവയുടെ കാലാവധി തീരുന്നതു വരെ ഉപയോഗിക്കാം. വരുമാനം കുറഞ്ഞ ഇമാറാത്തി കുടുംബങ്ങള്‍ക്കുള്ള ഏഴു ദിവസത്തെ പാസിന് 30 ദിര്‍ഹവും 30 ദിവസത്തെ പാസിന് 80 ദിര്‍ഹവുമാണ് ഈടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.