ഹത്തയിൽ ബൈക്ക്, സ്കൂട്ടർ പാത നിർമാണം പൂർത്തിയായി
text_fieldsദുബൈ: എമിറേറ്റിലെ മലയോര പ്രദേശമായ ഹത്തയിൽ വിവിധ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). 4.5 കി.മീറ്റർ നീളത്തിൽ നിർമിച്ച ബൈക്ക്, ഇ-സ്കൂട്ടർ പാതയാണ് നിർമാണം പൂർത്തിയാക്കിയ പ്രധാന പദ്ധതി.
പുതിയ പാതക്ക് സമീപത്തായി രണ്ട് വിശ്രമ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. പാതയുടെ നിർമാണം പൂർത്തിയാക്കിയതോടെ ഹത്തയിലെ ആകെ സൈക്കിൾ ട്രാക്കിന്റെ നീളം 50 ശതമാനം വർധിച്ച് 13.5കി.മീറ്ററായി. സൈക്കിൾ പാതക്ക് സമീപത്തായി കാൽനടക്കാർക്കായി 2.2 കി.മീറ്റർ ട്രാക്കും നിർമിച്ചിട്ടുണ്ട്. ലഘു ഗതാഗത സംവിധാനങ്ങൾ കൂടുതലായി വികസിപ്പിക്കുന്നത് ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് നിർമാണം പൂർത്തിയാക്കിയത്.
വാദി ലീം തടാകത്തിന് സമീപത്തായി 135 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യമുള്ള സംവിധാനവും ആർ.ടി.എ നിർമിച്ചിട്ടുണ്ട്. പ്രധാന റോഡുമായി പാർക്കിങ് സ്ഥലത്തെ ബന്ധിപ്പിക്കുന്ന നിലവിലെ ചരൽ റോഡ് നവീകരിക്കുകയും ചെയ്തിട്ടുണ്ട്. ഹത്തയിലെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾക്ക് യോജിച്ച ടൈൽസ് പാകിയാണ് ഇവിടം നവീകരിച്ചിട്ടുള്ളത്. ലീം തടാകത്തിന്റെ പ്രവേശന സ്ഥലത്തും മറ്റു പ്രധാനപ്പെട്ട സ്ഥലങ്ങളിലും ട്രാഫിക്, പൊതു നിർദേശ സൈൻ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. വിവിധ വികസന പ്രവർത്തനങ്ങൾ വഴി വ്യക്തികൾക്ക് വൈവിധ്യമാർന്ന ഗതാഗത അനുഭവങ്ങൾ സമ്മാനിക്കാനാണ് ആർ.ടി.എ ലക്ഷ്യമിടുന്നതെന്ന് ട്രാഫിക് റോഡ്സ് ഏജൻസി സി.ഇ.ഒ ഹുസൈൻ അൽ ബന്ന പറഞ്ഞു.
താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഏക ആകർഷമായ കേന്ദ്രമെന്ന നിലയിൽ ഹത്തയുടെ ജനപ്രിയത വർധിക്കുന്നതിനനുസരിച്ചാണ് വികസന പദ്ധതികൾ നടപ്പാക്കുന്നത്. വളരെ വ്യതിരിക്തമായ ഭൂമിശാസ്ത്ര പ്രത്യേകതകളുള്ള ഹത്ത, പാരിസ്ഥിതികമായും സാംസ്കാരികമായും വൈവിധ്യമുള്ളതും എല്ലാ വിഭാഗം ആളുകൾക്കും യോജിച്ച വിനോദാവസരങ്ങൾ നൽകുന്നതുമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ സൈക്കിൾ ട്രാക്ക് ഹത്ത കമ്യൂണിറ്റി സെന്ററിന് സമീപത്തുനിന്നാണ് ആരംഭിക്കുന്നത്. ലീം തടാകത്തിലെ നിലവിലെ കാൽനട പാലം വഴി കടന്നുപോകുന്ന പാത, വാദി ഹത്ത പാർക്കിലെ ട്രാക്കിൽ ചെന്നുചേരുന്ന നിലയിലാണുള്ളത്. ദുബൈ-ഹത്ത റോഡിലെ ഹത്ത സൂഖ് റൗണ്ട് എബൗട്ട് നിർമാണം ആർ.ടി.എ സമീപകാലത്ത് പൂർത്തിയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.