ഹത്ത വെള്ളച്ചാട്ട നിർമാണം പുരോഗമിക്കുന്നു
text_fieldsദുബൈ: എമിറേറ്റിലെ മലയോര മേഖലയായ ഹത്തയിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് നിർമിക്കുന്ന വെള്ളച്ചാട്ട നിർമാണം പുരോഗമിക്കുന്നു.
കഴിഞ്ഞ ദിവസം ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി(ദീവ) അധികൃതർ നിർമാണ പുരോഗതി വിലയിരുത്തുകയും ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തു. വെള്ളച്ചാട്ടത്തിലെ വെള്ളം ഒലിച്ചുപോകുന്ന കനാൽ പാതയുടെയും സമീപത്തെ കെട്ടിടങ്ങളുടെയും നിർമാണം അവസാനഘട്ടത്തിലാണുള്ളത്. 2022 ഡിസംബറിലാണ് പദ്ധതിയുടെ നിർമാണം ആരംഭിച്ചത്.
വെള്ളച്ചാട്ടത്തിൽനിന്ന് ഒഴുകുന്ന ജലം ചെറിയ തടാകം പോലുള്ള സ്ഥലത്താണ് എത്തിച്ചേരുക. ‘ദീവ’ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായറിന്റെ നേതൃത്വത്തിലാണ് നിർമാണ പുരോഗതി വിലയിരുത്തുന്നതിന് സന്ദർശിച്ചത്. വെള്ളച്ചാട്ടത്തിന്റെ ഭീമൻ പ്രതലത്തിൽ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെയും മുൻ ദുബൈ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്റെയും ചിത്രങ്ങൾ വരച്ചിട്ടുണ്ട്.
4.6 കോടി ദിർഹമാണ് പദ്ധതിക്ക് വകയിരുത്തിയിരിക്കുന്നത്. പ്രദേശത്തെ പൗരന്മാർക്ക് പുതിയ ജോലി സാധ്യതകൾ തുറക്കുന്നതും മേഖലയിലേക്ക് നിക്ഷേപം വർധിപ്പിക്കുന്നതുമാണ് പദ്ധതിയെന്ന് സന്ദർശനത്തിന് ശേഷം സഈദ് മുഹമ്മദ് അൽ തായർ പ്രസ്താവിച്ചു.
ഉയർന്ന നിലവാരമുള്ള തേനിന്റെ കേന്ദ്രമെന്ന നിലയിൽ പ്രശസ്തമാണ് ഹത്ത. ഇതിലേക്ക് സൂചന നൽകുന്ന രീതിയിൽ തേനീച്ചക്കൂടിന്റെ ആകൃതിയിലാണ് വെള്ളച്ചാട്ട പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്.
ഹത്ത അപ്പർ ഡാമിൽനിന്ന് പ്രകൃതിദത്തമായി വെള്ളം ഒഴുകിയെത്തുന്ന രീതിയിലാണ് സംവിധാനം. വെള്ളം ഒഴുകിയെത്തുന്ന തടാകത്തിൽനിന്ന് വീണ്ടും പമ്പുചെയ്ത് അണക്കെട്ടിലേക്ക് തന്നെ എത്തിക്കും.
ഹത്തയിൽ ‘ദീവ’ നിർമിക്കുന്ന ഭീമൻ ജലസംഭരണികളുടെ നിർമാണവും അവസാനഘട്ടത്തിലാണ്. 8.6 കോടി ദിർഹം ചെലവ് കണക്കാക്കുന്ന പദ്ധതി ഈ വർഷം അവസാനത്തിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയിൽ രണ്ട് ജലസംഭരണികളാണ് നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.