'അബ്രഹാമിക് ഫാമിലി ഹൗസ്' നിർമാണം പുരോഗമിക്കുന്നു
text_fieldsഅബൂദബി: ഇസ്ലാം, ക്രിസ്ത്യൻ, ജൂത മതവിഭാഗങ്ങളുടെ ആരാധനാലയങ്ങൾ ഒരു വളപ്പിൽ നിർമിക്കുന്ന 'അബൂദബി അബ്രഹാമിക് ഫാമിലി ഹൗസ്' നിർമാണം പുരോഗമിക്കുന്നു.
അടുത്ത വർഷം തുറക്കാൻ കഴിയുംവിധം സാദിയാത്ത് ദ്വീപിൽ നടക്കുന്ന നിർമാണം 20 ശതമാനം പൂർത്തിയായി. മൂന്ന് ആരാധനാലയങ്ങളുടെയും പേരുകൾ യഥാക്രമം ഇമാം അൽ തയ്യിബ് മോസ്‌ക്, സെൻറ് ഫ്രാൻസിസ് ചർച്ച്, മോസസ് ബെൻ മൈമൂൻ സിനഗോഗ് എന്നിങ്ങനെയാണെന്നും അധികൃതർ അറിയിച്ചു.
അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ തയ്യിബിെൻറ പേരാണ് മസ്ജിദിന് നൽകിയത്. കത്തോലിക്ക സഭാ മേധാവി ഫ്രാൻസിസ് മാർപാപ്പയുടെ പേര് ചർച്ചിനും പന്ത്രണ്ടാം നൂറ്റാണ്ടിലെ യഹൂദ തത്ത്വചിന്തകനായ മോശെ ബെൻ മൈമോെൻറ പേര് സിനഗോഗിനും നിശ്ചയിച്ചു. ഇബ്രാഹിം പ്രവാചകെൻറ പാരമ്പര്യത്തിലെ മൂന്ന് മതങ്ങളുടെയും ആരാധനാലയങ്ങൾ ഉയരുന്നതിനാലാണ് 'അബ്രഹാമിക് ഫാമിലി ഹൗസ്'എന്ന പേര് നൽകിയത്.
2019 ൽ ന്യൂയോർക്കിൽ നടന്ന ഹയർ കമ്മിറ്റി ഓഫ് ഹ്യൂമൻ ഫ്രറ്റേണിറ്റിയുടെ (എച്ച്.സി.എച്ച്.എഫ്) രണ്ടാമത് ആഗോള സമ്മേളനത്തിലാണ് യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്‌യാൻ അബ്രഹാമിക് ഫാമിലി ഹൗസ് പദ്ധതിയുടെ രൂപകൽപന ആദ്യം അവതരിപ്പിച്ചത്. 2019 നവംബറിൽ ഫ്രാൻസിസ് മാർപാപ്പക്കും ഈജിപ്തിലെ അൽ അസ്ഹർ ഗ്രാൻഡ് ഇമാമിനും ഈ പദ്ധതിയുടെ ഡിസൈൻ സമ്മാനിക്കുകയും മനുഷ്യ സാഹോദര്യത്തിന് പ്രചോദനമാകുന്ന പദ്ധതിക്ക് ഇരുവരും അംഗീകാരം നൽകുകയുമായിരുന്നു.
മൂന്നു മതങ്ങൾക്കിടയിൽ പരസ്പരം സഹവർത്തിത്വത്തിെൻറ പ്രതീകമെന്ന നിലയിലായിരിക്കും ഇത് ഉയർന്നുവരിക. ഓരോ മതത്തിെൻറയും സവിശേഷമായ സ്വഭാവം സംരക്ഷിക്കുമെന്നും അബൂദബി സാംസ്‌കാരിക വകുപ്പ് ചെയർമാനും ഹ്യൂമൻ ഫ്രറ്റേണിറ്റി ഉന്നത സമിതി അംഗവുമായ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു.
ആരാധനാലയങ്ങൾക്കൊപ്പം സാംസ്‌കാരിക കേന്ദ്രവും
മനുഷ്യർക്കിടയിൽ സാഹോദര്യവും ഐക്യവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു സാംസ്‌കാരിക കേന്ദ്രവും മൂന്നു മതങ്ങളുടെ ആരാധനാലയ സമുച്ചയത്തിലുണ്ടാകും.
പരസ്പര ബഹുമാനവും സമാധാനപരമായ സഹവർത്തിത്വവും ലക്ഷ്യമാക്കുന്ന സമൂഹത്തെ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സാംസ്‌കാരിക കേന്ദ്രം ഓരോ മത വിശ്വാസത്തിെൻറയും സവിശേഷ സ്വഭാവം സംരക്ഷിക്കപ്പെടും. പഠനത്തിനും സംഭാഷണത്തിനും ആരാധനക്കുമുള്ള ഇടമെന്ന നിലയിൽ ഇത് അബൂദബിയിലെ സാംസ്‌കാരിക നാഴികക്കല്ലാവും. പരമ്പരാഗത വാസ്തുവിദ്യയുടെ സവിശേഷതകളും പ്രത്യേകതകളുമായി മൂന്ന് സമചതുരങ്ങളോടെയുള്ള ജ്യാമിതീയ വാസ്തുവിദ്യയാണ് ആരാധനാലയങ്ങളുടെ രൂപകൽപനക്ക് ഉപയോഗിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.