ഉപഭോക്താക്കളുടെ പരാതി; കാർഗോ സ്ഥാപനം പൂട്ടിച്ചു
text_fieldsഷാർജ: മാസങ്ങൾക്കുമുമ്പ് നാട്ടിലേക്കയച്ച കാർഗോ ലഭിച്ചില്ലെന്ന ഉപഭോക്താക്കളുടെ പരാതിയെ തുടർന്ന് ഷാർജയിലെ കാർഗോ സ്ഥാപനം പൂട്ടിച്ചു. ഷാർജ റോളയിൽ പ്രവർത്തിക്കുന്ന 123 കാർഗോ പാക്കിങ് എൽ.എൽ.സി എന്ന സ്ഥാപനമാണ് ഷാർജ സർക്കാറിെൻറ കൊമേഴ്സ്യൽ കൺട്രോൾ ആൻഡ് പ്രൊട്ടക്ഷൻ ഡിപ്പാർട്മെൻറ് പൂട്ടി സീൽ ചെയ്തത്. 5000 ദിർഹം പിഴ അടക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബർ മുതൽ നാട്ടിലേക്കയച്ച കാർഗോയിൽ പലതും ഇതുവരെ നാട്ടിലെത്തിയിട്ടില്ല. 32 ദിവസത്തിനുള്ളിൽ എത്തിക്കും എന്നായിരുന്നു വാഗ്ദാനം. ദിവസങ്ങൾ കഴിഞ്ഞാൽ നശിച്ചുപോകുന്ന സാധനങ്ങൾ പോലും കാർഗോയിലുണ്ട്. അഞ്ച് മാസം കഴിഞ്ഞിട്ടും കാർഗോ ലക്ഷ്യസ്ഥാനത്തെത്താത്തതിനെ തുടർന്നാണ് ഉപഭോക്താക്കൾ പരാതിപ്പെട്ടത്. വാട്സ് ആപ് കൂട്ടായ്മയുണ്ടാക്കിയായിരുന്നു പ്രവർത്തനം. പരാതിയെ തുടർന്നാണ് ഷാർജ സർക്കാർ അധികൃതരെത്തി സ്ഥാപനം പൂട്ടിച്ചത്.
യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ 123 കാർഗോ എന്ന പേരിൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പലരുടെ ഉടമസ്ഥതയിലാണ് ഇവ പ്രവർത്തിക്കുന്നത്. എന്നാൽ, ദുബൈയിൽ ഉൾപ്പെടെയുള്ള 123 കാർഗോയെ കുറിച്ച് പരാതികളില്ല. ഷാർജ റോളയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ മാത്രമാണ് പരാതി. ഷാർജയിലെ സ്ഥാപനവുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് മറ്റ് 123 കാർഗോ മാനേജ്മെൻറുകൾ അറിയിച്ചിട്ടുണ്ട്.
അതേസമയം, ഹൈദരാബാദിലെ കണ്ടെയ്നർ നീക്കം തടസ്സപ്പെട്ടതിനാലാണ് കാർഗോ എത്താൻ വൈകുന്നതെന്നും പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും ഷാർജയിലെ 123 കാർഗോ പാക്കിങ് എൽ.എൽ.സി അധികൃതർ അറിയിച്ചു. എല്ലാവരുടെയും കാർഗോ ലക്ഷ്യസ്ഥാനത്തെത്തിക്കും. ഹൈദരാബാദ് കേന്ദ്രീകരിച്ച് ഇതിനുള്ള ശ്രമം തുടരുകയാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.