രോഗബാധിതരുമായി സമ്പർക്കം : അബൂദബിയിലെ ക്വാറൻറീൻ നിർദേശങ്ങൾ പരിഷ്‌കരിച്ചു
text_fieldsഅബൂദബി: കോവിഡ് രോഗബാധിതരുമായി സമ്പർക്കത്തിലേർപ്പെടുന്നവർക്ക് അബൂദബിയിലെ ഗൃഹസമ്പർക്കവിലക്ക് മാർഗനിർദേശങ്ങൾ പരിഷ്‌കരിച്ചു.
അബൂദബി പൊതുജനാരോഗ്യ കേന്ദ്രത്തിെൻറ സഹകരണത്തോടെ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റിയാണ് നിർദേശങ്ങൾ പുറത്തിറക്കിയത്. കോവിഡ് പോസിറ്റിവ് കേസുമായി സമ്പർക്കത്തിലേർപ്പെട്ടവരിൽ രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്ക് ഏഴു ദിവസമാണ് ഗൃഹസമ്പർക്കവിലക്ക് . ആറാം ദിവസം പി.സി.ആർ പരിശോധന നടത്തണം. പി.സി.ആർ പരിശോധന ഫലം നെഗറ്റിവ് ആണെങ്കിൽ ഏഴാം ദിവസം റിസ്റ്റ് ബാൻഡ് നീക്കി പുറത്തിറങ്ങാം.
എന്നാൽ, വാക്‌സിൻ എടുക്കാത്തവരും രണ്ടു ഡോസ് പൂർത്തീകരിക്കാത്തവരും 12 ദിവസമാണ് ഗൃഹസമ്പർക്കവിലക്കിൽ കഴിയേണ്ടത്. 11ാം ദിവസം പി.സി.ആർ പരിശോധന നടത്തണം. പി.സി.ആർ പരിശോധന ഫലം നെഗറ്റിവ് ആണെങ്കിൽ 12ാം ദിവസം റിസ്റ്റ്ബാൻഡ് നീക്കാം. കോവിഡ് രോഗികളുമായി ബന്ധപ്പെട്ടവർക്കും ഗൃഹസമ്പർക്കവിലക്ക് പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്തവർക്കും സൗജന്യമായി വാക്സിനും പി.സി.ആർ പരിശോധനയും നടത്താനാകും.
അബൂദബിയിലെ സായിദ് പോർട്ട്, മഫ്രക് ഹോസ്പിറ്റൽ, അഡ്നെക് (അബൂദബി സിറ്റി), അൽ ഖുബൈസിയിലെ അൽഐൻ കൺവെൻഷൻ സെൻറർ, അൽ ദഫ്രയിലെ മദീന സായിദ്, അൽ ദഫ്രയിലെ സേഹ ആശുപത്രികൾ എന്നിവിടങ്ങളിലെ കോവിഡ് പ്രൈം അസസ്‌മെൻറ് സെൻററുകളിൽ പി.സി.ആർ പരിശോധനയും റിസ്റ്റ്ബാൻഡ് നീക്കാനും കഴിയും.
നേരത്തെ, രണ്ടു ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കിവർക്ക് അഞ്ചു ദിവസവും വാക്‌സിനെടുക്കാത്തവർക്ക് എട്ടു ദിവസവുമായിരുന്നു ഗൃഹസമ്പർക്കവിലക്ക്. വാക്‌സിനെടുത്തവർ നാലാം ദിവസവും വാക്‌സിനെടുക്കാത്തവർ ഏഴാം ദിവസവും പി.സി.ആർ പരിശോധന നടത്തണം. ഫലം നെഗറ്റിവ് ആണെങ്കിൽ അഞ്ചാം ദിവസവും എട്ടാം ദിവസവും റിസ്റ്റ് ബാൻഡ് അഴിക്കാനാവും.
കുടുംബമായി താമസിക്കുന്നവരിലും ബാച്ച്‌ലർ അക്കമഡേഷനിൽ കഴിയുന്നവരിലും ആർക്കെങ്കിലും കോവിഡ് പോസിറ്റിവ് കണ്ടെത്തുന്ന ദിവസം മുതലാണ് ഗൃഹസമ്പർക്കവിലക്ക് കണക്കാക്കുന്നത്. പോസിറ്റിവ് ആയവർക്കൊപ്പം താമസിക്കുന്നവർ 24 മണിക്കൂറിനകം പി.സി.ആർ പരിശോധന നടത്തി റിസ്റ്റ് ബാൻഡ് സ്വീകരിക്കണം.
നെഗറ്റിവ് ഫലം ലഭിച്ചശേഷം റിസ്റ്റ് ബാൻഡ് അഴിക്കാനും ഇവിടെത്തന്നെ പോകണം. റിസ്റ്റ് ബാൻഡു ധരിച്ചശേഷം നിശ്ചിത ദിവസം പി.സി.ആർ പരിശോധനക്കും റിസ്റ്റ് ബാൻഡ് അഴിക്കാനുമല്ലാതെ താമസ സ്ഥലത്തുനിന്നു പുറത്തിറങ്ങിയാൽ വൻ തുക പിഴ നൽകേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.