ഉമ്മുസുഖൈം സ്ട്രീറ്റ് വിപുലീകരണ പദ്ധതിക്ക് കരാർ
text_fieldsദുബൈ: നഗരത്തിലെ ഉമ്മുസുഖൈം സ്ട്രീറ്റ് വിപുലീകരണ പദ്ധതിക്ക് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) കരാർ നൽകി. അൽഖൈൽ റോഡ് ജങ്ഷൻ മുതൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ജങ്ഷൻ വരെ 4.6 കി.മീറ്റർ നീണ്ടുനിൽക്കുന്ന പദ്ധതിക്ക് 33.2 കോടി ദിർഹമാണ് ചിലവ് വകയിരുത്തിയത്.
എമിറേറ്റിലെ സുപ്രധാന പാതകളായ ശൈഖ് സയിദ് റോഡ്, അൽഖൈൽ റോഡ്, മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവ തമ്മിലുള്ള ഗതാഗതത്തെ ശക്തിപ്പെടുത്തുന്നതാണ് പദ്ധതി. വിപുലീകരണത്തിന്റെ ഭാഗമായി ഇരുഭാഗത്തേക്കും 800 മീറ്റർ നാലുവരി തുരങ്കപ്പാതയും നിർമിക്കുന്നുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ ഉമ്മുസുഖൈം സ്ട്രീറ്റിലെ രണ്ട് ഭാഗങ്ങളിലേക്കും മണിക്കൂറിൽ 16,000 വാഹനങ്ങൾക്ക് കടന്നുപോകാനാവും. അതോടൊപ്പം ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിലെ യാത്രസമയം ഗണ്യമായി കുറയുകയും ചെയ്യും. ഏകദേശം 20 ലക്ഷം ജനസംഖ്യയുള്ള താമസ, വികസന മേഖലകൾക്ക് പദ്ധതി പ്രയോജനം ചെയ്യുമെന്നാണ് കണക്കാക്കുന്നത്. നഗരത്തിലെ കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങളിലേക്കുള്ള യാത്രയെ ശക്തിപ്പെടുത്തുന്നതിൽ പദ്ധതി വളരെ പ്രാധാന്യമുള്ളതാണെന്ന് ആർ.ടി.എ ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പ്രസ്താവനയിൽ പറഞ്ഞു. ഉമ്മുസുഖൈം ഇടനാഴി വികസിപ്പിക്കുന്നതിനുള്ള ആർ.ടി.എയുടെ തുടർച്ചയായ പരിശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ പ്രഖ്യാപിച്ച പദ്ധതിയിൽ കിങ്സ് സ്കൂളിന് സമീപത്തെ അല ബർഷ സൗത്ത് സ്ട്രീറ്റ് ജങ്ഷൻ വിപുലീകരണവും ഉൾപ്പെടും. ഇതിനായാണ് നാലുവരി തുരങ്കപ്പാത ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന് സമാന്തരമായി മുകൾഭാഗത്തും സിഗ്നലോടെയുള്ള പാത നിർമിക്കുകയും ചെയ്യും.പദ്ധതി പൂർത്തിയായാൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിലെ യാത്രസമയം 9.7 മുതൽ 3.8 മിനിറ്റ് വരെ കുറയുമെന്നാണ് കണക്കാക്കുന്നത്. അൽ ബർഷ സൗത്ത് 1,2,3 പദ്ധതികൾക്കും ദുബൈ ഹിൽസ് പദ്ധതിക്കും സഹായകരമാകുന്നതാണ് വികസനം.
2013ൽ ഉമ്മുസുഖൈം സ്ട്രീറ്റ് വിപുലീകരിക്കുന്ന പദ്ധതി നടപ്പാക്കിയിരുന്നു. ഇതിൽ ശൈഖ് സായിദ് റോഡ് മുതൽ അൽഖൈൽ റോഡ് വരെയുള്ള ഭാഗങ്ങളാണ് ഉൾപ്പെട്ടിരുന്നത്. അസായിൽ സ്ട്രീറ്റിലും ഫസ്റ്റ് അൽ ഖൈൽ റോഡിലും ജങ്ഷനുകളും മൂന്നു കാൽനട പാലങ്ങളും നിർമിച്ചത് ഈ പദ്ധതിയിലാണ്. 2020ൽ മേഖലയിൽ ആർ.ടി.എ 500 മീറ്റർ പാലവും തുറന്നിരുന്നു. ദുബൈ ഹിൽസിന്റെയും അൽ ബർഷ പ്രദേശത്തിന്റെയും കവാടത്തിലാണ് ഈ പാലം നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.