വിദ്യാഭ്യാസ രംഗത്തെ സംഭാവന : ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂമിന് 'പേഴ്സനാലിറ്റി ഓഫ് ദ ഇയർ' അവാർഡ്
text_fieldsഷാർജ: വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ യു.എ.ഇക്കകത്തും കേരളം ഉൾപ്പെടെയുള്ള മേഖലകളിലും സമഗ്ര സംഭാവനകൾ നൽകിയ, അന്തരിച്ച ദുബൈ ഉപഭരണാധികാരിയും യു.എ.ഇ ധന-വ്യവസായ മന്ത്രിയുമായിരുന്ന ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂമിനെ വിദ്യാഭ്യാസ മികവിനുള്ള ഷാർജ അവാർഡായ 'പേഴ്സനാലിറ്റി ഓഫ് ദ ഇയർ' ആയി തെരഞ്ഞെടുത്തു.
യു.എ.ഇ രൂപംകൊണ്ടതുമുതൽ ധനവകുപ്പിനെ നയിക്കുകയും സമ്പദ്‌വ്യവസ്ഥയെ ഒന്നാം നിരയിലേക്കുയർത്താൻ മുഖ്യപങ്കുവഹിക്കുകയും ചെയ്ത ശൈഖ് ഹംദാൻ വിദ്യാഭ്യാസ പുരോഗതിക്കായി നൽകിയ സംഭാവനകൾ വാക്കുകൾക്കതീതവും വിലമതിക്കാത്തതുമാണെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി. ജൂലൈ നാലിന് അവാർഡ്ദാന ചടങ്ങും മറ്റു വിജയികളുടെ പ്രഖ്യാപനവും നടക്കും. അരനൂറ്റാണ്ട് യു.എ.ഇയുടെ ധനമന്ത്രിയായിരുന്ന ശൈഖ് ഹംദാൻ ലോകത്ത് ഏറ്റവും കൂടുതൽ കാലം ഈ പദവി വഹിച്ച റെക്കോഡിനുടമയുമായിരുന്നു.
കാംബ്രിജിൽ ഉപരിപഠനം നടത്തിയ അദ്ദേഹം യു.എ.ഇയുടെ വിദ്യാഭ്യാസ, ശാസ്ത്രപുരോഗതിയിൽ ശ്രദ്ധയൂന്നി. വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടു രൂപവത്കരിച്ച ആൽ മക്തൂം ഫൗണ്ടേഷനിലൂടെ കേരളം ഉൾപ്പെടെ പലയിടത്തും സഹായമെത്തിച്ചു. കേരളത്തിൽ ശൈഖ് സഈദ് ബിൻ ഹംദാൻ ആൽ മക്തൂം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥാപിച്ചു. ഒട്ടേറെ അനാഥാലയങ്ങൾക്കും മർകസ് സ്ഥാപനങ്ങൾക്കും കൈത്താങ്ങുമാകുന്നു. 69 രാജ്യങ്ങളിലാണ് ഫൗണ്ടേഷെൻറ പ്രവർത്തനം. യു.എ.ഇയിലെ ൈശഖ് ഹംദാൻ പുരസ്കാരം വിദ്യാഭ്യാസ മേഖലയിൽ ഏറെ പ്രശസ്തമാണ്.
കൊറോണ വൈറസ് ഭീതി ഉണ്ടായിട്ടും അവാർഡ് പ്രക്രിയ പൂർത്തിയാക്കാൻ മികച്ച ജനകീയ പിന്തുണയാണ് ലഭിച്ചതെന്ന് ഷാർജ വിദ്യാഭ്യാസ കൗൺസിൽ (എസ്.ഇ.സി) ചെയർമാൻ ഡോ. സയീദ് മുസബ്ബ അൽ കാബി പറഞ്ഞു. സമൂഹവുമായുള്ള ആശയവിനിമയത്തിലൂടെയായിരുന്നു വിജയികളെ കണ്ടെത്തിയത്.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പിന്തുണയിൽ ഇരുപത്തിയേഴാം വർഷത്തിൽ അവാർഡ് പ്രക്രിയ തുടരുന്നതിൽ എസ്.ഇ.സിക്ക് അഭിമാനമുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. വിദ്യാഭ്യാസ സമൂഹത്തെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിനോടൊപ്പം വിദ്യാഭ്യാസ സമ്പ്രദായത്തിെൻറ വിജയത്തിനായി വൈദഗ്ധ്യം വികസിപ്പിക്കാൻ സംഭാവന ചെയ്യുന്നതിൽ എന്നും മുന്നിലായിരുന്നു ശൈഖ് ഹംദാനെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.