കോപ് 28; ഭൂമിക്കായി വാഗ്ദാനം 5700 കോടി ഡോളർ
text_fieldsദുബൈ: യു.എൻ കാലാവസ്ഥ ഉച്ചകോടിയുടെ (കോപ് 28) ആദ്യ നാലു ദിവസങ്ങളിൽ ആഗോളതാപനം കുറക്കുന്നതിനും ഭൂമിയുടെ സംരക്ഷണത്തിനുമായി വാഗ്ദാനം ചെയ്യപ്പെട്ടത് 5700 കോടി ഡോളർ.
സർക്കാറുകളും ബിസിനസ് സ്ഥാപനങ്ങളും നിക്ഷേപകരും ജീവകാരുണ്യസംരംഭങ്ങളും അടക്കമുള്ള വിവിധ സംവിധാനങ്ങളാണ് വൻതുക മാറ്റിവെക്കാമെന്ന് അറിയിച്ചതെന്ന് കോപ് 28 പ്രസിഡന്റ് ഡോ. സുൽത്താൻ അൽ ജാബിർ തിങ്കളാഴ്ച വാർത്തസമ്മേളനത്തിൽ വെളിപ്പെടുത്തി.
കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ധനം, ആരോഗ്യം, ഭക്ഷണം, പ്രകൃതി, ഊർജം എന്നിവയുൾപ്പെടെ മുഴുവൻ അജണ്ടകളിലും ധനസഹായ പ്രഖ്യാപനങ്ങളുണ്ടായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉച്ചകോടിയുടെ ആദ്യദിനത്തിൽ പ്രഖ്യാപിക്കപ്പെട്ട ‘നാശനഷ്ട നിധി’യിലേക്ക് ഇതിനകം 72.5 കോടി ഡോളറാണ് സമാഹരിച്ചത്. സമ്മേളനത്തിന്റെ ആദ്യദിനത്തിൽ രാഷ്ട്രനേതാക്കൾ ഐകകണ്ഠ്യേന അംഗീകാരിച്ച ഫണ്ടാണിത്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഇരകളാകുന്ന വികസ്വര രാജ്യങ്ങൾക്ക് സമ്പന്ന രാജ്യങ്ങളുടെ സഹായം ലഭ്യമാക്കുന്നതാണ് നാശനഷ്ട നിധി. ഇതിൽ 10 കോടി ഡോളർ യു.എ.ഇയുടെ സംഭാവനയാണ്.
ഗ്രീൻ ക്ലൈമറ്റ് ഫണ്ടിലേക്ക് 350 കോടി ഡോളർ, പുനരുപയോഗ ഊർജ ഫണ്ടിലേക്ക് 250 കോടി ഡോളർ, സാങ്കേതിക വിദ്യക്ക് 56.8 കോടി ഡോളർ, മീഥേൻ പുറന്തള്ളൽ കുറക്കാനുള്ള നടപടികൾക്ക് 120 കോടി ഡോളർ, കാലാവസ്ഥ ഭക്ഷ്യനിധിയിലേക്ക് 260 കോടി ഡോളർ, ആരോഗ്യത്തിലേക്ക് 270 കോടി ഡോളർ, ജലനിധിയിലേക്ക് 15 കോടി ഡോളർ എന്നിങ്ങനെയാണ് വിവിധ സംവിധാനങ്ങൾക്ക് ലഭിച്ച വാഗ്ദാനങ്ങൾ. ഇതിനകം ഉച്ചകോടിയിൽ എട്ടു പ്രതിജ്ഞകളും പ്രഖ്യാപനങ്ങളുമാണ് രൂപപ്പെട്ടതെന്നും വരുംദിനങ്ങളിൽ മൂന്നെണ്ണംകൂടി പ്രഖ്യാപിക്കുമെന്നും അൽ ജാബിർ വ്യക്തമാക്കി.
ഹൈഡ്രജൻ, കൂളിങ്, ജെൻഡർ എന്നിവയിലാണ് പ്രഖ്യാപനങ്ങൾ വരാനിരിക്കുന്നത്. 119 രാജ്യങ്ങൾ അംഗീകരിച്ച ഗ്ലോബൽ റിന്യൂവബിൾസ് ആൻഡ് എനർജി എഫിഷ്യൻസി പ്രതിജ്ഞ, 137 രാജ്യങ്ങളുടെ കൃഷി, ഭക്ഷണം, കാലാവസ്ഥ എന്നിവ സംബന്ധിച്ച പ്രഖ്യാപനം, 125 രാജ്യങ്ങൾ അംഗീകരിച്ച കാലാവസ്ഥയും ആരോഗ്യവും സംബന്ധിച്ച പ്രഖ്യാപനം, 74 രാജ്യങ്ങളും 40 സംഘടനകളും പ്രഖ്യാപിച്ച കാലാവസ്ഥ ആശ്വാസം, വീണ്ടെടുക്കൽ, സമാധാനം എന്നിവയെക്കുറിച്ച തീരുമാനം, 12 രാജ്യങ്ങളുടെ കാലാവസ്ഥ സാമ്പത്തിക പ്രഖ്യാപനം തുടങ്ങിയവയാണ് കോപ് 28ലെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.