കോപ് 28; ചർച്ചയിൽ മുൻഗണന ആരോഗ്യത്തിനെന്ന് ഡോ. സുൽത്താൻ അൽ ജാബിർ
text_fieldsദുബൈ: യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന കാലാവസ്ഥ ഉച്ചകോടിയായ കോപ് 28ൽ മനുഷ്യന്റെ ആരോഗ്യത്തിന് ഊന്നൽ നൽകുന്ന ചർച്ചകൾക്കായിരിക്കും പ്രാധാന്യമെന്ന് കോപ് 28 നിയുക്ത പ്രസിഡന്റും യു.എ.ഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രിയുമായ ഡോ. സുൽത്താൻ അൽ ജാബിർ പറഞ്ഞു.
യു.എൻ ജനറൽ അസംബ്ലിയുടെയും ന്യൂയോർക് കാലാവസ്ഥ വാരത്തിന്റെയും പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. ആരോഗ്യവും കാലാവസ്ഥ വ്യതിയാനവും തമ്മിലുള്ള ബന്ധം വളരെ വ്യക്തമാണ്. എന്നാൽ, ഉച്ചകോടിയുടെ പ്രവർത്തനങ്ങളിൽ ഇതുവരെ ആരോഗ്യ മേഖലക്ക് പ്രത്യേക ശ്രദ്ധ ലഭിച്ചിരുന്നില്ല. ഈ അവസ്ഥ മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉച്ചകോടിയിൽ നടക്കാനിരിക്കുന്ന ആരോഗ്യദിനത്തിനായി തയാറെടുക്കുന്ന ഈ സാഹചര്യത്തിൽ കാലാവസ്ഥ വ്യതിയാനം മൂലം ആരോഗ്യരംഗത്ത് ഉയരുന്ന വെല്ലുവിളികളെ നേരിടാനുള്ള പ്രതിജ്ഞാബദ്ധത നമ്മൾ പ്രകടിപ്പിക്കണം. അതോടൊപ്പം ആരോഗ്യ മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതത്തെ ചെറുക്കാൻ കഴിവുള്ള സുസ്ഥിരമായ ആരോഗ്യ സംവിധാനങ്ങൾ കെട്ടിപ്പടുക്കുകയാണ് നമ്മുടെ ലക്ഷ്യം. മുമ്പ് നിയന്ത്രിച്ച രോഗങ്ങൾ വീണ്ടും പൊട്ടിപ്പുറപ്പെടുന്നതും രോഗങ്ങളുടെ രൂപം മാറുന്നതും ഉൾപ്പെടെ കാലാവസ്ഥ വ്യതിയാനം ആരോഗ്യമേഖലക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡിസംബർ മൂന്നിനാണ് കോപ് 28ലെ ആരോഗ്യ ദിനം. കോവിഡ് പകർച്ചവ്യാധിക്ക് പിന്നാലെ ബോധ്യമായ ലോകത്തെ ദുർബലമായ ആരോഗ്യസംവിധാനങ്ങളെ കുറിച്ച് ആരോഗ്യ ദിനത്തിൽ ചർച്ച ചെയ്യും. കൂടാതെ കാലാവസ്ഥ വ്യതിയാനം തടയുന്നതിന് ആരോഗ്യ മേഖല തേടുന്ന അടിയന്തരമായ മാറ്റത്തെക്കുറിച്ചും ചർച്ചകൾ നടക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നവംബർ 30 മുതൽ ദുബൈ എക്സ്പോ സിറ്റിയിലാണ് കാലാവസ്ഥ ഉച്ചകോടി നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.