കോപ് 28 ഉച്ചകോടി; ജനകീയ ഹരിതവത്കരണ സംരംഭം ആഹ്വാനം ചെയ്ത് മോദി
text_fieldsയു.എൻ കാലാവസ്ഥ ഉച്ചകോടിയിൽ (കോപ് 28) പങ്കെടുക്കാൻ ദുബൈയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എന്നിവരോടൊപ്പം
ദുബൈ: ഭൂമിയെ സംരക്ഷിക്കാൻ കാലാവസ്ഥ വ്യതിയാനത്തിനെതിരെ അടിയന്തര നടപടിക്ക് ആഹ്വാനം ചെയ്ത് ആഗോള കാലാവസ്ഥ ഉച്ചകോടി(കോപ് 28) വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക നേതാക്കൾ ഒഴുകിയെത്തിയ സമ്മേളനത്തിന്റെ രണ്ടാം ദിനത്തിലാണ് മോദി സദസ്സിനെ അഭിമുഖീകരിച്ച് സംസാരിച്ചത്.
മനുഷ്യകുലത്തിലെ ഒരു ചെറിയ വിഭാഗം പ്രകൃതിയെ വിവേചനരഹിതമായി ചൂഷണം ചെയ്തു. എന്നാൽ, മുഴുവൻ മനുഷ്യരാശിയും അതിന്റെ വില നൽകേണ്ടിവന്നിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ തെറ്റുകൾ തിരുത്താൻ ലോകത്തിന് കൂടുതൽ സമയമില്ല. ജനങ്ങളുടെ പങ്കാളിത്തത്തോടെ കാർബൺ കുറക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ‘ഗ്രീൻ ക്രെഡിറ്റ് ഇനിഷ്യേറ്റിവ്’ സംരംഭത്തിൽ എല്ലാവരും പങ്കുചേരണം.
2030ഓടെ ആഗോള തലത്തിൽ പുനരുപയോഗ ഊർജം മൂന്നിരട്ടിയാക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ആഗോളതാപനത്തിന്റെ കെടുതി നേരിടാനുള്ള അന്താരാഷ്ട്ര നിധി ലക്ഷം കോടികളിലേക്ക് ഉയർത്തണം -മോദി ആവശ്യപ്പെട്ടു. 2028ൽ കോപ് 33 ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ സന്നദ്ധമാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
കാലാവസ്ഥ വ്യതിയാനം നേരിടാൻ ഐക്യരാഷ്ട്ര സഭയുടെ ചട്ടക്കൂടിൽനിന്ന് പ്രവർത്തിക്കാൻ ഇന്ത്യ സന്നദ്ധമാണ്. നഷ്ടപരിഹാര ഫണ്ട് പുനരുജ്ജീവിപ്പിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. 2070 നെറ്റ് സീറോ എന്ന ലക്ഷ്യം ഇന്ത്യ മുന്നോട്ടുവെച്ചിട്ടുണ്ട്. 2030ഓടെ കാർബൺ വികിരണം 45 ശതമാനം കുറക്കും. ഇതിനായി പെട്രോൾ, ഡീസൽ, കൽക്കരി തുടങ്ങിയ ഇന്ധനങ്ങളുടെ ഉപയോഗം 50 ശതമാനം കുറക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട് -അദ്ദേഹം വ്യക്തമാക്കി. കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ യു.എ.ഇ നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ആഗോള താപനത്തെ നേരിടാൻ 3000 കോടി ഡോളർ ഫണ്ട് പ്രഖ്യാപിച്ച യു.എ.ഇയുടെ നടപടിയെയും അദ്ദേഹം പ്രശംസിച്ചു. ദുബൈ എക്സ്പോ സിറ്റിയിൽ നടക്കുന്ന ഉച്ചകോടിക്കിടെ വിവിധ ലോക നേതാക്കളുമായി പ്രധാനമന്ത്രി ചർച്ച നടത്തുകയും ചെയ്തു. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ലുലു ഡ സിൽവ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, ഇസ്രായേൽ പ്രസിഡന്റ് ഇഷാക് ഹെർസോഗ്, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച രാത്രിയോടെ പ്രധാനമന്ത്രി ദുബൈയിൽനിന്ന് മടങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.