കോപ് 28: ആക്ടിവിസ്റ്റുകൾക്ക് പ്രതിഷേധത്തിന് പ്രത്യേക സ്ഥലം
text_fieldsദുബൈ: ആഗോള കാലാവസ്ഥ ഉച്ചകോടി (കോപ് 28) വേദിയിൽ ആക്ടിവിസ്റ്റുകൾക്ക് സമാധാനപരമായി പ്രതിഷേധം ഉയർത്താൻ പ്രത്യേക സ്ഥലം നിശ്ചയിക്കും. എക്സ്പോ സിറ്റിയുടെ മൊബിലിറ്റി എൻട്രൻസിന് സമീപം ഗ്രീൻ സോണിലാണ് ‘ദ വോയ്സസ് ഓഫ് ആക്ഷൻ ഹബ്’ എന്ന പേരിൽ പ്രത്യേക സ്ഥലം നിശ്ചയിക്കുക. കാലാവസ്ഥ ആക്ടിവിസ്റ്റുകൾക്കാണ് ഇവിടെ പ്രതിഷേധത്തിന് അവസരമുണ്ടാവുകയെന്ന് എക്സ്പോ സിറ്റി ദുബൈ അധികൃതർ അറിയിച്ചു. കാലാവസ്ഥാ ഉച്ചകോടിയുടെ വേദി രണ്ട് മേഖലകളായാണ് തിരിച്ചിട്ടുള്ളത്. യു.എൻ അംഗീകൃത പ്രതിനിധികൾക്ക് മാത്രമാണ് ബ്ലൂ സോണിൽ പ്രവേശനം നൽകുന്നത്.
വേൾഡ് ക്ലൈമറ്റ് ആക്ഷൻ സമ്മിറ്റ്, ഗ്ലോബൽ ക്ലൈമറ്റ് ആക്ഷൻ ഹബ്, പ്രസിഡൻസി ഇവന്റുകൾ, കൂടാതെ നിരവധി പാനൽ, റൗണ്ട് ടേബിൾ ചർച്ചകൾ എന്നിങ്ങനെ കോൺഫറൻസിന്റെ ഔപചാരികമായ ചർച്ചകൾ ഇവിടെയാണ് നടക്കുക. ഗ്രീൻ സോൺ പൊതുജനങ്ങൾക്കും പ്രവേശനമുള്ള ഭാഗമായിരിക്കും.
രാഷ്ട്രത്തലവന്മാർ, പൗര, ലോകനേതാക്കൾ, പരിസ്ഥിതി വിദഗ്ധർ, അഭിഭാഷകർ എന്നിവരുൾപ്പെടെ 70,000ത്തിലധികം പ്രതിനിധികളാണ് കോപ് 28ൽ പ്രതീക്ഷിക്കുന്നത്. ദുബൈ എക്സ്പോ സിറ്റിയിൽ നവംബർ 30 മുതൽ ഡിസംബർ 12വരെയാണ് ഉച്ചകോടി അരങ്ങേറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.