കോപ് 28 ഉച്ചകോടി അജണ്ടകൾക്ക് അന്തിമരൂപമായി
text_fieldsദുബൈ: യു.എ.ഇ ആതിഥ്യമരുളുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയുടെ (കോപ് 28) അജണ്ടകൾക്ക് അന്തിമ രൂപമായി. ലോകം ഉറ്റുനോക്കുന്ന നവംബറിലെ ലോക സമ്മേളനത്തിന്റെ പ്രതിദിന അജണ്ട കോപ് 28 നിയുക്ത പ്രസിഡൻറും യു.എ.ഇ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി വകുപ്പ് മന്ത്രിയുമായ ഡോ. സുൽത്താൻ അൽ ജാബിർ ഉച്ചകോടിയുടെ പ്രതിനിധികൾക്ക് അയച്ചു. ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ ചേർന്ന ഉച്ചകോടിയുമായി ബന്ധപ്പെട്ട യോഗത്തിലാണ് അജണ്ടകൾക്ക് അംഗീകാരമായത്.
ദുബൈ എക്സ്പോ സിറ്റിയിൽ നവംബർ 30ന് ആരംഭിക്കുന്ന ഉച്ചകോടിയുടെ ആദ്യ രണ്ടു ദിവസങ്ങൾ ലോക നേതാക്കളുടെ കാലാവസ്ഥ നടപടികളുടെ പ്രഖ്യാപനങ്ങളാണ് നടക്കുക. ഡിസംബർ മൂന്നു മുതലുള്ള ദിവസങ്ങളില ഓരോ ദിവസവും ഓരോ വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് ചർച്ചകൾ അരങ്ങേറുക. ഡിസംബർ മൂന്നിന് ‘ആരോഗ്യം’ എന്ന വിയത്തിലാണ് സംവാദങ്ങൾ നടക്കുക. ആദ്യമായാണ് കാലാവസ്ഥ ഉച്ചകോടിയിൽ ഈ വിഷയം ചർച്ചയാകുന്നത്.
റിലീഫ്, വീണ്ടെടുക്കൽ, സമാധാനം എന്നീ തീമുകളിലായാണ് നാലാം ദിവസം പരിപാടികൾ തയാറാക്കിയിട്ടുള്ളത്. സാമ്പത്തികം, വ്യാപാരം, ലിംഗസമത്വം, ഉത്തരവാദിത്തം എന്ന വിഷയമാണ് അഞ്ചാം ദിനത്തിൽ ചർച്ചയാവുക. ഊർജം, വ്യവസായം, പരിവർത്തനം എന്ന ചൂടേറിയ വിഷയം ആറാം ദിവസത്തേക്കാണ് നിശ്ചയിച്ചിട്ടുള്ളത്. പരമ്പരാഗത ഊർജ മേഖലകളിൽ നിന്ന് പുനരുപയോഗ ഊർജത്തിലേക്ക് മാറാനുള്ള പരിശ്രമങ്ങൾ വിവിധ രാജ്യങ്ങൾ ചർച്ചയിൽ ചൂണ്ടിക്കാട്ടിയേക്കും. നഗരവത്കരണം, നിർമിത പരിസ്ഥിതി, ഗതാഗതം തുടങ്ങിയ വിവിധ വിഷയങ്ങൾ ഏഴാം ദിനത്തിൽ ചർച്ചയാകും.
ഡിസംബർ ഏഴിന് വിശ്രമദിനമാണ്. ഉച്ചകോടിയുടെ എട്ടാം ദിനത്തിൽ യുവജനങ്ങൾ, കുട്ടികൾ, വിദ്യാഭ്യാസം, നൈപുണ്യവികസനം തുടങ്ങിയ കാര്യങ്ങൾ ചർച്ചയിൽ വരും. പ്രകൃതി, ഭൂമി ഉപയോഗം, സമുദ്രങ്ങൾ എന്നിവ ഒമ്പതാം ദിവസവും ഭക്ഷണം, കാർഷികം, ജലം തുടങ്ങിയവ പത്താം ദിവസവും ചർച്ചയാകും. ഡിസംബർ 11, 12 തീയതികളിൽ അവസാനഘട്ട ചർച്ചകൾക്കായാണ് നീക്കിവെച്ചിട്ടുള്ളത്.
പാരിസ് ഉടമ്പടിയിൽ ലോക രാജ്യങ്ങൾ നിശ്ചയിച്ചിട്ടുള്ള ആഗോള താപനം കുറക്കുന്നതിനുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആവശ്യമായ നടപടികൾക്കാണ് ഉച്ചകോടി ശ്രദ്ധയൂന്നുന്നതെന്ന് ഡോ. സുൽത്താൻ അൽ ജാബിർ പറഞ്ഞു. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് നിരവധി ലോക രാഷ്ട്ര നേതാക്കളെ ഇതിനകം ക്ഷണിച്ചിട്ടുണ്ട്. മുൻ കാലങ്ങളിലെന്ന പോലെ മിക്ക രാജ്യങ്ങളുടെയും പ്രതിനിധികൾ കോപ് 28ലും പങ്കെടുക്കും. കാലാവസ്ഥാ ധനകാര്യം എന്ന വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടൻ രാജാവ് ചാൾസ് മൂന്നാമൻ എന്നിവർ പങ്കെടുത്ത ചർച്ചയിൽ കഴിഞ്ഞ ദിവസം ഡോ. ജാബിർ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.