കോപ് 28 ഉച്ചകോടി: ചർച്ച അന്തിമഘട്ടത്തിൽ, സമവായമായില്ല
text_fieldsദുബൈ: ആഗോള കാലാവസ്ഥ ഉച്ചകോടിയായ കോപ് 28 അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സമ്മേളനത്തിന്റെ അന്തിമ പ്രഖ്യാപനത്തിന്റെ (ഗ്ലോബൽ സ്റ്റോക്ടേക്ക്) കാര്യത്തിൽ സമവായമായില്ല. എന്നാൽ, ഫോസിൽ ഇന്ധനം ഘട്ടംഘട്ടമായി അവസാനിപ്പിക്കാനുള്ള പ്രഖ്യാപനം ഉച്ചകോടിയിലുണ്ടാകില്ലെന്ന് തിങ്കളാഴ്ച ഉറപ്പായി. ഫോസിൽ ഇന്ധനം ഉപേക്ഷിക്കുകയെന്ന വാക്ക് രേഖയിൽനിന്ന് മാറ്റി, ‘ഫോസിൽ ഇന്ധനത്തിന്റെ ഉൽപാദനവും ഉപഭോഗവും കുറക്കുക’ എന്നതാണ് പകരമായി ചേർത്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ സംവാദം നടന്ന വിഷയമാണിത്. എന്നാൽ, പല രാജ്യങ്ങളും കൽക്കരി, പെട്രോൾ അടക്കമുള്ള ഫോസിൽ ഇന്ധനങ്ങൾ ഉപേക്ഷിക്കണമെന്ന നിലപാടിനെ പിന്താങ്ങാൻ ഒരുക്കമല്ലെന്ന നിലപാട് സ്വീകരിച്ചതോടെയാണ് കരട് രേഖയിൽ തിരുത്ത് വന്നത്.
21 പേജുള്ള രേഖയിൽ 2050നു മുമ്പായി നെറ്റ് സീറോ ലക്ഷ്യം കൈവരിക്കുന്നതിന് നീതിയുക്തമായ രീതിയിൽ ശാസ്ത്രീയ സംവിധാനങ്ങളിലൂടെ പരിശ്രമിക്കുമെന്ന തീരുമാനമാണുള്ളത്. അനിയന്ത്രിതമായ കൽക്കരി ദ്രുതഗതിയിൽ കുറക്കുന്നതിനുള്ള മുൻകാല തീരുമാനം രേഖയിൽ ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച ഉച്ചകോടി പ്രതിനിധികളോട് സംസാരിച്ച കോപ് 28 അധ്യക്ഷൻ ഡോ. സുൽത്താൻ അൽ ജാബിർ, മാനവികതക്കും ഭൂമിക്കും യോജിച്ച തീരുമാനം അംഗങ്ങൾ സ്വീകരിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ചു. ചർച്ചയുടെ സമയം അവസാനിക്കാനിരിക്കുകയാണ്. മടിച്ചുനിൽക്കാനുള്ള സമയമല്ലിത്. മറിച്ച് തീരുമാനമെടുക്കാനുള്ളതാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
അന്തിമ അംഗീകാരം ലഭിക്കുന്ന രേഖയിൽ ഫോസിൽ ഇന്ധനം കുറക്കാനുള്ള തീരുമാനം ഉൾപ്പെടുകയാണെങ്കിൽ ചരിത്രപരമായ പ്രാധാന്യം ദുബൈ ഉച്ചകോടിക്ക് കൈവരും. മൂന്നു ദശാബ്ദത്തോളമായി തുടരുന്ന കാലാവസ്ഥ ഉച്ചകോടിയുടെ ചരിത്രത്തിൽ ഫോസിൽ ഇന്ധനം കുറക്കുന്നതിന് മുമ്പൊന്നും അംഗീകാരം ലഭിച്ചിട്ടില്ല. ചർച്ചകൾ അവസാനിപ്പിച്ച് ചൊവ്വാഴ്ച രാവിലെ ഗ്ലോബൽ സ്റ്റോക്ടേക്കിന്റെ അന്തിമരേഖ പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.