കോപ് 28 ഉച്ചകോടി: തിരശ്ശീല വീണു; അവസാനിക്കാതെ ചർച്ചകൾ
text_fieldsദുബൈ: ലോകം ഉറ്റുനോക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് ചൊവ്വാഴ്ച സമാപനമായെങ്കിലും, അന്തിമ പ്രഖ്യാപനം സംബന്ധിച്ച് രാത്രി വൈകിയും തിരശ്ശീലക്കു പിന്നിൽ ചർച്ച പുരോഗമിക്കുന്നു. നവംബർ 30ന് ആരംഭിച്ച ഉച്ചകോടിയിലെ പ്രദർശനങ്ങളും പവിലിയനുകളിലെ പരിപാടികളും കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ അവസാനിച്ചു.
എന്നാൽ, ‘ഗ്ലോബൽ സ്റ്റോക്ടേക്ക്’ പ്രഖ്യാപനം സംബന്ധിച്ച് രാത്രിയിലും സംവാദം തുടരുകയാണ്. തിങ്കളാഴ്ച മാറ്റങ്ങളോടെ അവതരിപ്പിച്ച കരടുരേഖക്ക് യു.എസ്, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയടക്കം അംഗീകാരം നൽകിയിട്ടില്ല. ഇതേതുടർന്നാണ് പ്രഖ്യാപനം നീളുന്നത്.
ഫോസിൽ ഇന്ധനം സംബന്ധിച്ച രേഖയിലെ പരാമർശങ്ങളിലാണ് വിവിധ രാജ്യങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നത്. കോപ് അന്തിമ തീരുമാനം 200 രാജ്യങ്ങളും അംഗീകരിക്കേണ്ടതുണ്ട്. ഇക്കാരണത്താൽ ചർച്ച പെട്ടെന്ന് അവസാനിപ്പിക്കാൻ സാധ്യമാകാത്ത സാഹചര്യമാണുള്ളത്. ഫോസിൽ ഇന്ധനം ഘട്ടംഘട്ടമായി അവസാനിപ്പിക്കാനുള്ള പ്രഖ്യാപനം ഉച്ചകോടിയിലുണ്ടാകില്ലെന്ന് തിങ്കളാഴ്ചതന്നെ ഉറപ്പായിരുന്നു.
ഫോസിൽ ഇന്ധനം ഉപേക്ഷിക്കുകയെന്ന വാക്ക് രേഖയിൽനിന്ന് മാറ്റി, ‘ഫോസിൽ ഇന്ധനത്തിന്റെ ഉൽപാദനവും ഉപഭോഗവും കുറക്കുക’ എന്നത് പകരമായി കരടുരേഖയിൽ കഴിഞ്ഞ ദിവസം ചേർത്തിരുന്നു. പല രാജ്യങ്ങളും കൽക്കരി, പെട്രോൾ അടക്കമുള്ള ഫോസിൽ ഇന്ധനങ്ങൾ ഉപേക്ഷിക്കണമെന്ന നിലപാടിനെ പിന്താങ്ങാൻ ഒരുക്കമല്ലെന്ന നിലപാട് സ്വീകരിച്ചതോടെയാണ് കരടുരേഖയിൽ തിരുത്ത് വന്നത്.
21 പേജുള്ള രേഖയിൽ 2050നു മുമ്പായി നെറ്റ് സീറോ ലക്ഷ്യം കൈവരിക്കുന്നതിന് നീതിയുക്തമായ രീതിയിൽ ശാസ്ത്രീയ സംവിധാനങ്ങളിലൂടെ പരിശ്രമിക്കുമെന്ന തീരുമാനമാണുള്ളത്. അനിയന്ത്രിതമായ കൽക്കരി ദ്രുതഗതിയിൽ കുറക്കുന്നതിനുള്ള മുൻകാല തീരുമാനം രേഖയിൽ ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച ഉച്ചകോടി പ്രതിനിധികളോട് സംസാരിച്ച കോപ് 28 അധ്യക്ഷൻ ഡോ. സുൽത്താൻ അൽ ജാബിർ, മാനവികതക്കും ഭൂമിക്കും യോജിച്ച തീരുമാനം അംഗങ്ങൾ സ്വീകരിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ചിരുന്നു.
ഏറ്റവും മികച്ച സംവിധാനങ്ങളും പ്രദർശനങ്ങളും ഒരുക്കിയ ദുബൈ എക്സ്പോ സിറ്റിയിലെ ഉച്ചകോടി ചരിത്രത്തിലെ ഏറ്റവും കൂടുതൽ ജനകീയ പങ്കാളിത്തമുണ്ടായ കോപ് സമ്മേളനം എന്ന നിലയിലാണ് അവസാനിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഉച്ചകോടി വേദിയിലെ ഗ്രീൻ സോണിലേക്ക് പൊതുജനങ്ങളുടെ പ്രവാഹമായിരുന്നു. ലക്ഷക്കണക്കിനാളുകൾ ഇതിനകം ഗ്രീൻ സോൺ സന്ദർശിച്ചതായാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.