കോപ് 28 ഉച്ചകോടി: സമുദ്രനിരപ്പ് 10 മീറ്റർ ഉയരുമെന്ന് യു.എൻ മുന്നറിയിപ്പ്
text_fieldsദുബൈ: ആഗോള താപനം രണ്ടു വർഷത്തിനകം 1.5 ഡിഗ്രിയുടെ താഴേക്ക് കുറക്കാൻ സാധിച്ചില്ലെങ്കിൽ സമുദ്രനിരപ്പ് 10 മീറ്റർ ഉയരുമെന്ന് യു.എൻ കാലാവസ്ഥ മേധാവിയുടെ മുന്നറിയിപ്പ്. കോപ് 28ൽ പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഉച്ചകോടിയുടെ സംഘാടകർകൂടിയായ യു.എൻ കാലാവസ്ഥ വിഭാഗം (യു.എൻ.എഫ്.സി.സി.സി) എക്സിക്യൂട്ടിവ് സെക്രട്ടറി സൈമൺ സ്റ്റീൽ ഇക്കാര്യം ഓർമിപ്പിച്ചത്. ഈയവസരത്തിൽ തീരുമാനമെടുക്കാൻ സാധിച്ചില്ലെങ്കിൽ തിരിച്ചുവരവില്ലാത്ത നിലയിലേക്ക് കാര്യങ്ങളെത്തും.
1.5 ഡിഗ്രി എന്ന പരിധി പിന്നിട്ടാൽ, നമുക്ക് ഭൂമിയെ തിരിച്ചു പിടിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടാകും. 1.5 എന്നത് അന്തിമമായ പരിധിയാണ്. അത് വെറുമൊരു തിരഞ്ഞെടുപ്പല്ല. അത് പിന്നിട്ടുകഴിഞ്ഞാൽ മഞ്ഞുപാളികൾ വീണ്ടെടുക്കാനാകാത്തവിധം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അങ്ങനെയായാൽ ലോകമെമ്പാടും 10 മീറ്റർ സമുദ്രനിരപ്പ് ഉയരും. ഇത് മിക്ക തീരദേശ നഗരങ്ങളിലും തീരപ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടാക്കും. ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർബന്ധിതരാകും. കൂടാതെ, ലക്ഷക്കണക്കിനാളുകൾക്ക് ഉപജീവനവും എല്ലാ സംവിധാനങ്ങളും നഷ്ടപ്പെടാനും സാധ്യതയുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തെ രക്ഷിക്കാനായി ആവശ്യമായ സാങ്കേതികവിദ്യ നടപ്പാക്കാൻ രാഷ്ട്രീയ പ്രതിബദ്ധത പ്രകടിപ്പിക്കാൻ അദ്ദേഹം രാജ്യങ്ങളോട് ആഹ്വാനംചെയ്തു. സാങ്കേതികവിദ്യക്ക് നമ്മെ സഹായിക്കാൻ കഴിയും. പക്ഷേ, അതിന് രാഷ്ട്രീയപ്രതിബദ്ധതയുണ്ടെങ്കിലേ കഴിയൂ -അദ്ദേഹം പറഞ്ഞു. കോപ് 28 ഉച്ചകോടി രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കെ, ഫോസിൽ ഇന്ധനം കുറക്കുന്നത് സംബന്ധിച്ച ചർച്ചകളും സജീവമായിരിക്കയാണ്. ഉച്ചകോടിയുടെ അന്തിമ പ്രമേയത്തിൽ ഫോസിൽ ഇന്ധനം ഘട്ടംഘട്ടമായി കുറക്കുന്നതിന് ആവശ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫോസിൽ ഇന്ധനത്തിന്റെ ഘട്ടംഘട്ടമായ കുറക്കൽ അത്യന്താപേക്ഷിതമാണെന്ന് കഴിഞ്ഞ ദിവസം ഉച്ചകോടി അധ്യക്ഷനും യു.എ.ഇ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രിയുമായ സുൽത്താൻ അൽ ജാബിർ പറഞ്ഞു. മറ്റു ഉച്ചകോടികളിൽനിന്ന് വ്യത്യസ്തമായി ഊർജ പരിവർത്തനത്തിനായി ധാരാളം പ്രതിജ്ഞകൾ കോപ് 28 സ്വീകരിച്ചിട്ടുണ്ടെന്നും പ്രായോഗികവും യാഥാർഥ്യബോധവുമുള്ള നിലപാടിലേക്ക് നയിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉച്ചകോടി 12ന് അവസാനിക്കാനിരിക്കെ അടുത്ത ദിവസങ്ങളിൽ ഫോസിൽ ഇന്ധനം സംബന്ധിച്ച നിലപാടിൽ കൂടുതൽ സംവാദങ്ങൾക്ക് സമ്മേളനം വേദിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.