കോപ് 28: സ്വാഗതം ചെയ്ത് യു.എ.ഇ
text_fieldsദുബൈ: കാലാവസ്ഥ വ്യതിയാനവും പരിസ്ഥിതി പ്രശ്നങ്ങളും ചർച്ചചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ സമ്മേളനം 'കോപ് 28' യു.എ.ഇയിൽ നടത്താൻ അനുമതി ലഭിച്ചത് സ്വാഗതം ചെയ്ത് രാജ്യം.
മന്ത്രിമാരും സംരംഭകരും യു.എ.ഇ നേതൃത്വത്തെ അഭിനന്ദിച്ചു. വ്യാഴാഴ്ച രാത്രി ഗ്ലാസ്ഗോയിലെ കോപ് 26 കോൺഫറൻസിലാണ് 'കോപ് 28' യു.എ.ഇക്ക് നൽകാൻ തീരുമാനിച്ചത്. 2023ലാണ് കോൺഫറൻസ്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് അഭിമാനകരമായ നേട്ടം പ്രഖ്യാപിച്ചത്.
കാലാവസ്ഥാ വിഷയത്തിൽ യു.എ.ഇ നടത്തിയ പ്രവർത്തനങ്ങൾ ലോകത്തിന് മുന്നിൽ തെളിയിക്കാനുള്ള അവസരമാണ് പരിപാടിയിലൂടെ ലഭിക്കുന്നതെന്ന് കാബിനറ്റ് മന്ത്രിമാർ പറഞ്ഞു. എല്ലാത്തരം മലിനീകരണത്തെക്കുറിച്ചും ആരോഗ്യത്തെ ബാധിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യാനുള്ള വേദിയാണിതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുറഹ്മാൻ അൽ ഒവൈസ് പറഞ്ഞു.
സീറോ കാർബൺ ആണവോർജം ഉൽപാദിപ്പിക്കുകയും കാർബൺ ക്യാപ്ചർ സാങ്കേതികവിദ്യ അവതരിപ്പിക്കുകയും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ ഉൽപാദിപ്പിക്കുകയും ചെയ്യുന്ന മേഖലയിലെ ആദ്യത്തെ രാജ്യമാണ് യു.എ.ഇ എന്ന് ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ അൽ മസ്റൂയി പറഞ്ഞു.
ആഗോളതലത്തിൽ 50 രാജ്യങ്ങളിലെ റിന്യൂവബ്ൾ പദ്ധതികളെ പിന്തുണക്കുന്നതിന് 17 ശതകോടി ഡോളർ സഹായം നൽകിയിട്ടുെണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മികച്ച ഭൂമിക്കും ഭാവിക്കുമായി അടുത്ത തലമുറയുടെ അഭിനിവേശം വർധിപ്പിക്കുന്നതിന് കോപ് 28 സഹായിക്കുമെന്ന് യുവജന മന്ത്രി നൂറ അൽ കാബി പറഞ്ഞു.
ഇത്തരമൊരു സുപ്രധാന പാരിസ്ഥിതിക സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ യു.എ.ഇക്ക് മാതൃകാപരമായി മുന്നോട്ട് പോകാൻ അവസരം ലഭിക്കുമെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞു.
സുസ്ഥിര സമ്പദ്വ്യവസ്ഥയിൽ കാര്യമായ നിക്ഷേപം നടത്താൻ ഇത് സഹായിക്കുമെന്ന് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രി ഡോ. അബ്ദുൽറഹ്മാൻ അൽ അവാർ പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കാൻ ഈ പരിപാടി വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മാദി പറഞ്ഞു.
ആഗോള കോൺഫറൻസിന് ആതിഥ്യം വഹിക്കാൻ യു.എ.ഇ സർവസജ്ജമാണെന്ന് ശൈഖ് മുഹമ്മദ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.