കോപ് 28: ഗ്രീൻ സോണിൽ എന്തെല്ലാം കാണാം?
text_fieldsദുബൈ: കോപ് 28 വേദിയിൽ പൊതുജനങ്ങൾ പ്രവേശനം അനുവദിക്കുന്ന ഭാഗമാണ് ഗ്രീൻ സോൺ. ഈ സോണിലേക്ക് പ്രവേശിക്കാൻ ഏകദിന പാസ് വിതരണം വെബ്സൈറ്റ് വഴി ആരംഭിച്ചിട്ടുണ്ട്. നാലുലക്ഷം പേർ ഇതിനകം പാസിനായി അപേക്ഷിച്ചതായാണ് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചത്. പരിസ്ഥിതിയെ കുറിച്ചും കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും ഉൾക്കാഴ്ചകൾ നൽകുന്ന നിരവധി സംരംഭങ്ങളും പ്രദർശനങ്ങളും പരിപാടികളുമാണ് ഗ്രീൻ സോണിൽ ഒരുക്കിയിട്ടുള്ളത്. ഡിസംബർ മൂന്ന് ഞായറാഴ്ച മുതലാണ് ഇവിടേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുള്ളത്. ഗ്രീൻ സോണിലെ കാഴ്ചകൾ ഇവയൊക്കെയാണ്:
എനർജി ട്രാൻസിഷൻ ഹബ്
കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിന് സഹായിക്കുന്ന നയങ്ങൾ, പരിഹാരങ്ങൾ, സ്ഥിതിവിവരക്കണക്കുകൾ എന്നിവ പങ്കുവെക്കുന്ന സ്ഥലമായിരിക്കും എനർജി ട്രാൻസിഷൻ ഹബ്. നവീന സുസ്ഥിരതാ പദ്ധതികൾ പ്രദർശിപ്പിക്കാനും കാർബൺ പുറന്തള്ളൽ കുറക്കാനുള്ള പദ്ധതികൾ അവതരിപ്പിക്കാനുമുള്ള അവസരം വേദി നൽകും.
നോളജ് ഹബ്
എൻ.ജി.ഒകൾ, യു.എ.ഇ സർക്കാർ മന്ത്രാലയങ്ങൾ, പ്രാദേശിക സർക്കാർ സ്ഥാപനങ്ങൾ, മറ്റു പങ്കാളികൾ എന്നിവരുടെ വേദിയാണ് നോളജ് ഹബ്. ഏറ്റവും പ്രധാനപ്പെട്ട കാലാവസ്ഥാ വെല്ലുവിളികളെയും പരിഹാരങ്ങളെയും കേന്ദ്രീകരിച്ചുള്ള തീമാറ്റിക് അനുഭവങ്ങൾ ഇവിടെ കാണാനാകും. വിശാലമായ ഇരിപ്പിടങ്ങളും ഭക്ഷണ പാനീയ സംവിധാനങ്ങളുമുള്ള ഏരിയയും ഇതിലുണ്ടാകും.
ക്ലൈമറ്റ് ഫിനാൻസ് ഹബ്
കാർബൺ വിപണികൾ, ഹരിത മൂലധനം, ആഗോള ധനകാര്യം, ഊർജ പരിവർത്തന പാതകൾ, വളർന്നുവരുന്ന വിപണികൾക്കും വികസ്വര സമ്പദ്വ്യവസ്ഥകൾക്കും ആവശ്യമായ പരിവർത്തനം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകളുടെ ഇടമായിരിക്കുമിത്. സാമ്പത്തിക രംഗത്തെ പ്രധാന കമ്പനികളും മറ്റുമായിരിക്കും ഇതിൽ പങ്കെടുക്കുക.
ടെക്നോളജി ആൻഡ് ഇന്നൊവേഷൻ ഹബ്
കാലാവസ്ഥ വ്യതിയാനത്തെ നേരിടാനും അന്തരീക്ഷ താപനില 1.5 ഡിഗ്രി സെൽഷ്യസ് പരിധിയിൽ നിലനിർത്താനും ലക്ഷ്യമിട്ടുള്ള നൂതനമായ ആശയങ്ങൾ അവതരിപ്പിക്കുന്ന സ്ഥലമാണ് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ ഹബ്. സർക്കാറുകൾക്കും ബിസിനസുകൾക്കും സിവിൽ സമൂഹത്തിനും ഉപകാരപ്പെടുന്ന കാഴ്ചകൾ ഇവിടെ ആസ്വദിക്കാനാവും.
സ്റ്റാർട്ടപ്പ് വില്ലേജ്
100ലധികം ക്ലൈമറ്റ് ടെക് സ്റ്റാർട്ടപ്പുകൾ ഉൾക്കൊള്ളുന്ന, ടെക് ആൻഡ് ഇന്നൊവേഷൻ ഹബിനുള്ളിലെ ഇടമാണ് സ്റ്റാർട്ടപ്പ് വില്ലേജ്. പൊതുജനങ്ങൾക്ക് സ്റ്റാർട്ടപ്പുകളുമായി ഇടപഴകാനും ഏറ്റവും പുതിയ കാലാവസ്ഥ സാങ്കേതികവിദ്യകളെ കുറിച്ച് പഠിക്കാനും വില്ലേജ് അവസരമൊരുക്കുന്നു.
ഹ്യൂമാനിറ്റേറിയൻ ഹബ്
കാലാവസ്ഥ പ്രതിസന്ധിയുടെ മാനുഷിക ആഘാതങ്ങളെക്കുറിച്ച് അവബോധം വളർത്തുകയും അപകടസാധ്യതകൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനത്തിന് പ്രചോദനം നൽകുകയും ചെയ്യുന്ന കേന്ദ്രമാണിത്.
യൂത്ത് ഹബ്
യുവജനങ്ങൾക്ക് പരിപാടികൾ നടത്താനും ആശയങ്ങൾ പങ്കുവെക്കാനും സംവാദം നടത്താനുമുള്ള ഇടമാണിത്. യൂത്ത് ക്ലൈമറ്റ് ചാമ്പ്യന്മാരുടെ പങ്കാളിത്തത്തോടെയും ഫെഡറൽ യൂത്ത് അതോറിറ്റിയുടെ സഹകരണത്തോടെയും പ്രവർത്തിക്കുന്ന ഇടമായിരിക്കുമിത്.
ഗ്രീനിങ് എജുക്കേഷൻ ഹബ്
യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെയാണ് ‘എർത്ത്, ലെഗസി ഫോർ ദി ലാൻഡ് ഓഫ് സായിദ്’ എന്നറിയപ്പെടുന്ന ഗ്രീനിങ് എജുക്കേഷൻ പവിലിയൻ ഒരുക്കിയിട്ടുള്ളത്. സർക്കാർ ഉദ്യോഗസ്ഥർ, നയരൂപകർത്താക്കൾ, വിദഗ്ധർ, വിദ്യാർഥികൾ, അധ്യാപകർ, സ്കൂളുകൾ, സർവകലാശാലകൾ, പൊതുജനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവർ കാലാവസ്ഥയെക്കുറിച്ച അറിവ് പഠിക്കുകയും പങ്കിടുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.