കോപ് 28: ആശങ്കയും പരിഹാരങ്ങളുമായി ലോകനേതാക്കൾ
text_fieldsദുബൈ: ലോകനേതാക്കൾ ഒഴുകിയെത്തിയ കോപ് 28 ഉച്ചകോടിയുടെ രണ്ടാം ദിനത്തിൽ ഭൂമിയുടെ ഭാവിയെ കുറിച്ച ആശങ്കകളും പരിഹാര പ്രഖ്യാപനങ്ങളും നിറഞ്ഞുനിന്നു. രാവിലെ വേദിയിലെത്തിയ ലോകനേതാക്കളെ ഓരോരുത്തരെയായി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമാണ് സ്വീകരിച്ചത്. പിന്നീട് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിച്ച ശൈഖ് മുഹമ്മദ്, കാലാവസ്ഥ വ്യതിയാന പരിഹാര പദ്ധതികൾക്ക് 3000 കോടി ഡോളർ പ്രഖ്യാപിച്ചു. കാലാവസ്ഥ സാമ്പത്തിക വിടവ് നികത്തുന്നതിനാണ് ഈ ഫണ്ട് രൂപകൽപന ചെയ്തിരിക്കുന്നത്.
ആൾടെറ എന്ന് പേരിട്ടിരിക്കുന്ന ഫണ്ടിനെ കാലാവസ്ഥ ധനസഹായം വർധിപ്പിക്കുന്നതിന് ഉപയോഗിക്കും. യു.എ.ഇക്ക് കാലാവസ്ഥ പ്രവർത്തനങ്ങളുടെ ഒരു നീണ്ട ചരിത്രമുണ്ട്. 2050ഓടെ നെറ്റ് സീറോ കൈവരിക്കുമെന്നും 2030ഓടെ കാർബൺ ഉദ്‌വമനം 40 ശതമാനം കുറക്കുമെന്നും ശുദ്ധമായ ഊർജത്തിനായി ശതകോടികൾ നിക്ഷേപിക്കുമെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.രണ്ടാം ദിവസത്തെ ആദ്യ സെഷനിൽ സംസാരിച്ച ചാൾസ് രാജാവ് ലോകരാജ്യങ്ങൾ കാലാവസ്ഥ കാര്യത്തിൽ യോജിച്ച തീരുമാനത്തിലെത്തണമെന്ന് ആവശ്യപ്പെട്ടു. കോപ് 28 ശരിയായ പരിവർത്തനം സംഭവിക്കുന്ന ഒരു സന്ദർഭമാകട്ടെയെന്ന് ഞാൻ വളരെ ഹൃദയപൂർവം പ്രാർഥിക്കുകയാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
വേദിയിൽ സംസാരിച്ച ബ്രസീൽ പ്രസിഡന്‍റ് ലൂയിസ് ലുലു ഡ സിൽവ, യാഥാർഥ്യമാകാത്ത കാലാവസ്ഥ കരാറുകളാൽ ഭൂമി വിഷമവൃത്തത്തിലായിരിക്കുകയാണെന്ന് പറഞ്ഞു. കാലാവസ്ഥക്ക് ചെലവഴിക്കുന്നതിനേക്കാൾ കൂടുതലാണ് ആയുധങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നത്. ലോകത്തെ നിരവധി ദരിദ്രരാജ്യങ്ങളുടെ തലക്കുമുകളിലൂടെ പറക്കുന്ന ക്രൂസ് മിസൈലുകൾ കാർബൺ പുറന്തള്ളുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് യു.എൻ ജനറൽ അസംബ്ലി പ്രസിഡന്‍റ് ഡെന്നിസ് ഫ്രാൻസിസ് സംസാരിച്ചു. പാരീസ് ഉടമ്പടിയുടെ തത്ത്വങ്ങൾ കാലാവസ്ഥ പ്രതിസന്ധിയെ നേരിടാൻ പ്രധാനമാണെന്നും ദുർബല രാജ്യങ്ങളെ സംരക്ഷിക്കുന്നത് അഭിസംബോധന ചെയ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തുടർന്ന് സംസാരിച്ച ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ, തങ്ങളുടെ വൈദ്യുതി ഉൽപാദനം 2030ഓടെ പുനരുപയോഗ ഊർജത്തിൽ നിന്നാക്കാൻ ശ്രമിക്കുന്നുണ്ടെന്നും പ്രഖ്യാപിച്ചു.
കാലാവസ്ഥ പ്രതിസന്ധിയുടെ യാഥാർഥ്യം മനസ്സിലാക്കിയാണ് മുന്നോട്ടുപോകുന്നതെന്ന് ഈജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസിയും പറഞ്ഞു. മറ്റു നിരവധി രാഷ്ട്ര പ്രതിനിധികളും തങ്ങളുടെ രാഷ്ട്രത്തിന്‍റെ നിലപാട് രണ്ടാം ദിനത്തിലെ വേദിയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.