കോപ് 28; വരൂ ഗ്രീണ് സോണിനെപറ്റി പഠിക്കാം, ആസ്വദിക്കാം...
text_fieldsഈ ആഴ്ച യു.എ.ഇയിലെ ഏറ്റവും ആകർഷകമായ സന്ദർശക കേന്ദ്രം കോപ് 28 വേദിയായ എക്സ്പോ സിറ്റിയാണ്. ആഗോള കാലാവസ്ഥ ഉച്ചകോടി വേദിയെ ബ്ലൂ സോൺ, ഗ്രൻ സോൺ എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. രാഷ്ട്ര നേതാക്കളുടെ കൂടിക്കാഴ്ചകളും സംസാരങ്ങളും നടക്കുന്നത് ബ്ലൂ സോണിലാണ്. ഇവിടെ നടക്കുന്ന പ്രധാന സെഷനുകളെല്ലാം ഞായറാഴ്ചയോടെ പൂർത്തിയാവുകയാണ്. അതേസമയം ഗ്രീൻ സോണിൽ സന്ദർശകരുടെ ആരവം തുടങ്ങുന്നത് ഞായറാഴ്ച മുതലാണ്.
ലോകോത്തരമായ സമ്മേളന വേദിയിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്ന ഏക സ്ഥലമാണ് ഗ്രീൻ സോൺ. ഈ സോണിലേക്ക് പ്രവേശിക്കാൻ ഏകദിന പാസ് വിതരണം വെബ്സൈറ്റ് വഴി ആരംഭിച്ചിട്ടുണ്ട്. നാലുലക്ഷം പേർ ആദ്യഘട്ടത്തിൽ പാസിനായി അപേക്ഷിച്ചതായാണ് അധികൃതർ വെളിപ്പെടുത്തിയത്. പരിസ്ഥിതിയെ കുറിച്ചും കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും ഉൾക്കാഴ്ചകൾ നൽകുന്ന നിരവധി സംരംഭങ്ങളും പ്രദർശനങ്ങളും പരിപാടികളുമാണ് ഗ്രീൻ സോണിൽ ഒരുക്കിയിട്ടുള്ളത്.
ഡിസംബർ 12വരെയാണ് ഇവിടേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുള്ളത്. കാലാവസ്ഥ ആക്ടിവിസ്റ്റുകൾക്ക് പ്രതിഷേധിക്കാനും ആവശ്യങ്ങൾ ഉന്നയിക്കാനുമായി ഇവിടെ പ്രത്യേകമായ സ്ഥലം നിശ്ചയിച്ചിട്ടുമുണ്ട്. ഒരു ദിവസം 70,000 പേർ വരെ സൈറ്റ് സന്ദർശിക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. സംഗീത പരിപാടികൾ, ഇവന്റുകൾ, ഷോകൾ എന്നിവ ഉച്ചകോടിയുടെ ദിവസങ്ങളിൽ ആസൂത്രണം ചെയ്തിട്ടുണ്ട്.
സുസ്ഥിരത ഭവനം
ഗ്രീൻ സോണിലെ പ്രധാന ആകർഷണമാണ് ‘സുസ്ഥിരതാ ഭവനം’. അൽ വസ്ൽ പ്ലാസക്ക് സമീപത്തായി വിശ്വമേളയിൽ യു.എ.ഇ പവലിയനായി പ്രവർത്തിച്ച കേന്ദ്രമാണ് സുസ്ഥിരതയുടെ പാഠങ്ങൾ പകരാനായി ഒരുക്കിയിട്ടുള്ളത്. സുസ്ഥിര ഭാവിക്കായി മുന്നേറുള്ള യു.എ.ഇയുടെ പദ്ധതികളും ചരിത്രവുമാണ് പവലിയനിൽ പ്രദർശിപ്പിക്കുന്നത്. സന്ദർശകർക്ക് മൾട്ടിസെൻസറി അനുഭവം നൽകുന്ന രീതിയിൽ നൂതന സംവിധാനങ്ങളുപയോഗിച്ചാണ് എക്സിബിഷൻ സജ്ജീകരിച്ചിട്ടുള്ളത്.
ഗ്രീൻ സോണിലെ പ്രദർശനങ്ങൾ
ഗ്രീൻ സോണിലെ പരിപാടികൾ
●കാലാവസ്ഥാ പരിഹാരങ്ങൾ അവതരിപ്പിക്കുന്ന 7 തീമാറ്റിക് ഹബുകൾ
●കാലാവസ്ഥാ വ്യതിയാനവും സുസ്ഥിരതയും സംബന്ധിച്ച 300-ലധികം ചർച്ചകളും പരിപാടികളും
●യുവാക്കളുടെയും തദ്ദേശീയരുടെയും അഭിപ്രായങ്ങൾ പങ്കുവെക്കാൻ അവസരം
●200 സ്വകാര്യ കമ്പനികളുടെയും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെയും പ്രദർശനം
●സ്വകാര്യ മേഖലയിലെ നൂതന കാലാവസ്ഥാ പരിഹാര നിർദേശങ്ങളുടെ അവതരണം
●അത്യാധുനിക സാങ്കേതികവിദ്യകളുടെയും നവീന കാഴ്ചപ്പാടുകളുടെയും അവതരണം
●രുചികരവും പോഷകപ്രദവുമായ മെനുകൾ നൽകുന്ന 90-ലധികം ഭക്ഷണ-പാനീയ ഔട്ട്ലെറ്റുകൾ
വൈജ്ഞാനിക ഹബ്
എൻ.ജി.ഒകൾ, യു.എ.ഇ സർക്കാർ മന്ത്രാലയങ്ങൾ, പ്രാദേശിക സർക്കാർ സ്ഥാപനങ്ങൾ, മറ്റു പങ്കാളികൾ എന്നിവരുടെ വേദിയാണ് നോളജ് ഹബ്. ഏറ്റവും പ്രധാനപ്പെട്ട കാലാവസ്ഥാ വെല്ലുവിളികളെയും പരിഹാരങ്ങളെയും കേന്ദ്രീകരിച്ചുള്ള തീമാറ്റിക് അനുഭവങ്ങൾ ഇവിടെ കാണാനാകും. വിശാലമായ ഇരിപ്പിടങ്ങളും ഭക്ഷണ പാനീയ സംവിധാനങ്ങളുമുള്ള ഏരിയയും ഇതിലുണ്ടാകും.
ഊർജ പരിവർത്തന ഹബ്
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് സഹായിക്കുന്ന നയങ്ങൾ, പരിഹാരങ്ങൾ, സ്ഥിതിവിവരക്കണക്കുകൾ എന്നിവ പങ്കുവെക്കുന്ന സ്ഥലമാണ് എനർജി ട്രാൻസിഷൻ ഹബ്. നവീന സുസ്ഥിരതാ പദ്ധതികൾ പ്രദർശിപ്പിക്കാനും കാർബൺ പുറന്തള്ളൽ കുറക്കാനുള്ള പദ്ധതികൾ അവതരിപ്പിക്കാനുമുള്ള അവസരം വേദി നൽകും.
കാലാവസ്ഥ ധനകാര്യ ഹബ്
കാർബൺ വിപണികൾ, ഹരിത മൂലധനം, ആഗോള ധനകാര്യം, ഊർജ പരിവർത്തന പാതകൾ, വളർന്നുവരുന്ന വിപണികൾക്കും വികസ്വര സമ്പദ്വ്യവസ്ഥകൾക്കും ആവശ്യമായ പരിവർത്തനം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകളുടെ ഇടമായിരിക്കുമിത്. സാമ്പത്തിക രംഗത്തെ പ്രധാന കമ്പനികളും മറ്റുമായിരിക്കും ഇതിൽ പങ്കെടുക്കുക.
ടെക്നോളജി ആൻഡ് ഇന്നൊവേഷൻ ഹബ്
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും അന്തരീക്ഷ താപനില 1.5 ഡിഗ്രി സെൽഷ്യസ് പരിധിയിൽ നിലനിർത്താനും ലക്ഷ്യമിട്ടുള്ള നൂതനമായ ആശയങ്ങൾ അവതരിപ്പിക്കു സ്ഥലമാണ് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ ഹബ്. സർക്കാരുകൾക്കും ബിസിനസുകൾക്കും സിവിൽ സമൂഹത്തിനും ഉപകാരപ്പെടുന്ന കാഴ്ചകൾ ഇവിടെ ആസ്വദിക്കാനാവും.
ഹ്യൂമാനിറ്റേറിയൻ ഹബ്
കാലാവസ്ഥാ പ്രതിസന്ധിയുടെ മാനുഷിക ആഘാതങ്ങളെക്കുറിച്ച് അവബോധം വളർത്തുകയും അപകടസാധ്യതകൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനത്തിന് പ്രചോദനം നൽകുകയും ചെയ്യുന്ന കേന്ദ്രമാണിത്.
സ്റ്റാർട്ടപ്പ് വില്ലേജ്
100-ലധികം ക്ലൈമറ്റ് ടെക് സ്റ്റാർട്ടപ്പുകൾ ഉൾക്കൊള്ളുന്ന, ടെക് ആൻഡ് ഇന്നൊവേഷൻ ഹബ്ബിനുള്ളിലെ ഇടമാണ് സ്റ്റാർട്ടപ്പ് വില്ലേജ്. പൊതുജനങ്ങൾക്ക് സ്റ്റാർട്ടപ്പുകളുമായി ഇടപഴകാനും ഏറ്റവും പുതിയ കാലാവസ്ഥാ സാങ്കേതികവിദ്യകളെ കുറിച്ച് പഠിക്കാനും വില്ലേജ് അവസരമൊരുക്കുന്നു.
യുവജന ഹബ്
യുവജനങ്ങൾക്ക് പരിപാടികൾ നടത്താനും ആശയങ്ങൾ പങ്കുവെക്കാനും സംവാദം നടത്താനുമുള്ള ഇടമാണിത്. യൂത്ത് ക്ലൈമറ്റ് ചാമ്പ്യൻമാരുടെ പങ്കാളിത്തത്തോടെയും ഫെഡറൽ യൂത്ത് അതോറിറ്റിയുടെ സഹകരണത്തോടെയും പ്രവർത്തിക്കുന്ന ഇടമായിരിക്കുമിത്.
ഗ്രീനിങ് എജുക്കേഷൻ ഹബ്
യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെയാണ് ‘എർത്ത്, ലെഗസി ഫോർ ദി ലാൻഡ് ഓഫ് സായിദ്’ എന്നറിയപ്പെടുന്ന ഗ്രീനിങ് എജുക്കേഷൻ പവലിയൻ ഒരുക്കിയിട്ടുള്ളത്. സർക്കാർ ഉദ്യോഗസ്ഥർ, നയരൂപകർത്താക്കൾ, വിദഗ്ധർ, വിദ്യാർഥികൾ, അധ്യാപകർ, സ്കൂളുകൾ, സർവകലാശാലകൾ, പൊതുജനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവർ കാലാവസ്ഥയെ കുറിച്ച അറിവ് പഠിക്കുകയും പങ്കിടുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.