കോപ് 28; എന്തെല്ലാം ചർച്ചയാകും?
text_fieldsദുബൈ: കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകൃതിക്ഷോഭങ്ങളായും കടുത്ത വരൾച്ചയായും ദൃശ്യമായ ഒരു വർഷത്തിന് ശേഷമാണ് യു.എൻ കാലാവസ്ഥ ഉച്ചകോടിക്ക് ദുബൈയിൽ വേദിയൊരുങ്ങുന്നത്.
കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ പൊതുതത്ത്വങ്ങൾ രൂപപ്പെടണമെന്ന ആവശ്യം ലോകരാജ്യങ്ങൾക്കെല്ലാമുണ്ട്. ഇതിനായി സ്വീകരിക്കേണ്ട പ്രായോഗിക സമീപനങ്ങളിൽ അഭിപ്രായാന്തരങ്ങൾ നിലവിലുണ്ട്. ഫോസിൽ ഇന്ധനങ്ങൾ ഘട്ടംഘട്ടമായി നിർത്തണോ, വികസ്വര രാജ്യങ്ങളിലെ ഊർജ പരിവർത്തനത്തിന് എങ്ങനെ ധനസഹായം നൽകണം തുടങ്ങിയ തർക്കവിഷയങ്ങൾ അടക്കം ചൂടറേിയ വിഷയങ്ങളാണ് ഉച്ചകോടിയിൽ അവതരിപ്പിക്കാനിരിക്കുന്നത്.
ബഹുജനങ്ങൾക്കും രാഷ്ട്ര നേതാക്കൾക്കും ഇടയിൽ പരിസ്ഥിതി സംരക്ഷണ നടപടികൾ ആവശ്യമാണെന്ന വികാരം ശക്തമായ സാഹചര്യത്തിൽ കോപ്28ലെ ചർച്ചകൾ ലോകം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
പ്രധാന വിഷയങ്ങൾ
1. കാലാവസ്ഥാ ധനസഹായം
കാലാവസ്ഥാ വ്യതിയാനവും അതിന്റെ അനന്തരഫലങ്ങളും കൈകാര്യം ചെയ്യുന്നതിന് വലിയ നിക്ഷേപം ആവശ്യമായിവരും. ലോകം കണക്കുകൂട്ടിയതിനേക്കാൾ വളരെ കൂടുതലായിരിക്കുമിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് വികസ്വര രാജ്യങ്ങൾക്ക് 2030ഓടെ ഓരോ വർഷവും കുറഞ്ഞത് 200 ബില്യൺ ഡോളർ ഇതിന് ആവശ്യമാണ്.
പരമ്പരാഗത ഊർജത്തെ ശുദ്ധമായ സ്രോതസ്സുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാനും ഫണ്ടിങ് ആവശ്യമാണ്. കാലാവസ്ഥ ദുരന്തങ്ങൾ മൂലം ഇതിനകം സംഭവിച്ച നാശനഷ്ടങ്ങളുടെ ചെലവുകളുമുണ്ട്. ഈ ഭീമമായ തുക കണ്ടെത്തുന്നത് സംബന്ധിച്ച ചർച്ചകൾ ഉച്ചകോടിയിലെ പ്രധാന ഭാഗമായിരിക്കും.
2. കാലാവസ്ഥാ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ
ആഗോള താപനില രണ്ട് ഡിഗ്രി സെൽഷ്യസിന് താഴെയായി പരിമിതപ്പെടുത്തുക എന്ന 2015ലെ പാരിസ് ഉടമ്പടിയുടെ ലക്ഷ്യത്തിലേക്ക് ഓരോ രാജ്യങ്ങളും നടത്തിയ പ്രവർത്തനങ്ങളുടെ പുരോഗതിയുടെ ആദ്യഘട്ട വിലയിരുത്തലും ഉച്ചകോടിയുടെ അജണ്ടയാണ്. 2030നകം കൈവരിക്കേണ്ട ലക്ഷ്യങ്ങളുടെ പുരോഗതി വിലയിരുത്തുന്ന സുപ്രധാന ഘട്ടമാണ് ഈ വർഷം.
3. ഫോസിൽ ഇന്ധനങ്ങളുടെ ഭാവി
ഉച്ചകോടിയിലെ ഏറ്റവും ചൂടേറിയ ചർച്ചകൾ ഫോസിൽ ഇന്ധനങ്ങളുടെ ഭാവിയെ കുറിച്ചായിരിക്കും. കൂടുതൽ കാർബൺ പുറന്തള്ളുന്ന കൽക്കരി, ഓയിൽ, ഗ്യാസ് എന്നിവയുടെ ഉപയോഗം ഘട്ടംഘട്ടമായി നിർത്തലാക്കാൻ രാജ്യങ്ങൾ പ്രതിജ്ഞാബദ്ധരാകണമോ എന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചേക്കും. കൽക്കരി ഉപയോഗം ഘട്ടംഘട്ടമായി കുറക്കാൻ കോപ് 26ൽ രാജ്യങ്ങൾ സമ്മതിച്ചിരുന്നു. എന്നാൽ, എല്ലാ ഫോസിൽ ഇന്ധനങ്ങളും ഉപേക്ഷിക്കാൻ ധാരണ രൂപപ്പെട്ടിട്ടില്ല.
അമേരിക്കയും യൂറോപ്യൻ യൂനിയനും മറ്റു പല രാജ്യങ്ങളും ഫോസിൽ ഇന്ധനങ്ങൾ ഘട്ടംഘട്ടമായി നിർത്താൻ രാജ്യങ്ങളെ പ്രേരിപ്പിക്കുന്ന കരാറിന് ശ്രമിക്കുന്നുണ്ട്. എന്നാൽ, റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഫോസിൽ ഇന്ധനത്തിന്റെ ഘട്ടം ഘട്ടമായുള്ള നിരോധനത്തെ എതിർക്കുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്.
4. മലിനീകരണം തടയാനുള്ള സാങ്കേതിക വിദ്യകൾ
യു.എ.ഇയും ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്ന മറ്റ് രാജ്യങ്ങളും കാർബൺ പുറന്തള്ളൽ കുറക്കാൻ സഹായിക്കുന്ന നവീന സാങ്കേതിക വിദ്യകളിൽ ഉച്ചകോടിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ആഗോള കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് എമിഷൻ-അബേറ്റ്മെന്റ് സാങ്കേതിക വിദ്യകൾ നിർണായകമാണെന്ന് ഇന്റർനാഷനൽ എനർജി ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇവ ചെലവേറിയതും നിലവിൽ വലിയതോതിൽ ഉപയോഗിക്കുന്നതുമല്ല എന്നത് പരിമിതിയാണ്.
5. ശുദ്ധ ഊർജശേഷി വർധിപ്പിക്കൽ
2030ഓടെ പുനരുപയോഗ ഊർജശേഷി മൂന്നിരട്ടിയാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾ ഉച്ചകോടിയിൽ രാജ്യങ്ങൾ പരിഗണിച്ചേക്കും. ചൈന ഉൾപ്പെടെയുള്ള പ്രധാന സമ്പദ്വ്യവസ്ഥകൾ ഇതിനകം തന്നെ പുനരുപയോഗ ഊർജ ലക്ഷ്യത്തെ പിന്തുണക്കുന്നതിനാൽ ഇക്കാര്യത്തിന് വലിയ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക ചർച്ചകൾക്ക് പുറത്ത് സർക്കാറുകളും കമ്പനികളും സ്വന്തം നിലക്കുള്ള പ്രഖ്യാപനങ്ങളും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.